ക്യുബെക്ക് സിറ്റി: ഡോക്ടർമാർക്ക് ശമ്പളം നൽകുന്ന രീതി പരിഷ്കരിക്കുകയും കർശനമായ പ്രവർത്തന ലക്ഷ്യങ്ങളും (Performance Targets) ശിക്ഷാ നടപടികളും ഏർപ്പെടുത്തുകയും ചെയ്യുന്ന ‘ബിൽ 2’ നെതിരെ ക്യുബെക്ക് സിറ്റിയിൽ വൻ പ്രതിഷേധം. ശനിയാഴ്ച നാഷണൽ അസംബ്ലിക്ക് പുറത്ത് ആയിരത്തിലധികം പേരാണ് ബില്ലിനെതിരെ മുദ്രാവാക്യം മുഴക്കി അണിനിരന്നത്. ഒക്ടോബർ 24-ന് അവതരിപ്പിക്കുകയും മണിക്കൂറുകൾക്കകം പാസാക്കുകയും ചെയ്ത ഈ പ്രത്യേക നിയമം, ഡോക്ടർമാരുടെ സേവനം നിരീക്ഷിക്കുന്നതിനുള്ള ഒരു സംവിധാനം സ്ഥാപിക്കാനും നിർദ്ദേശിക്കുന്നുണ്ട്.
പ്രതിഷേധത്തിൽ സംസാരിച്ച എമർജൻസി ഫിസിഷ്യൻ ഡോ. ഗബ്രിയേൽ വോയിസിൻ, ഈ നിയമത്തെ “ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണി” (the final nail in the coffin of the health-care system) എന്നാണ് വിശേഷിപ്പിച്ചത്. ചരിത്രപരമായി ഏറ്റവും കുറഞ്ഞ പൊതുജനപിന്തുണയുള്ള ഒരു ഭൂരിപക്ഷ സർക്കാർ, സുപ്രധാന സാമൂഹിക പ്രത്യാഘാതങ്ങളുള്ള ഒരു സങ്കീർണ്ണ നിയമം ഇത്രയും വേഗത്തിൽ പാസാക്കിയത് ‘അധികാര ദുർവിനിയോഗം’ (authoritarian drift) ആണെന്നും അവർ വിമർശിച്ചു. പല പ്രതിഷേധക്കാരും സോവിയറ്റ് ഭരണകൂടത്തെ സൂചിപ്പിക്കുന്ന പ്ലക്കാർഡുകളുമായാണ് എത്തിയത്. ‘കിം ജോങ് ലെഗോൾട്ട്’, ‘വ്ലാഡിമിർ ഡ്യുബെ, ഫ്രാങ്കോയിസ് ലെനിൻ’ എന്നിങ്ങനെ വിമർശനാത്മകമായ മുദ്രാവാക്യങ്ങൾ പ്ലക്കാർഡുകളിൽ നിറഞ്ഞു.
ബിൽ 2 ഡോക്ടർമാരുടെ ജോലിയോടുള്ള ആവേശം കെടുത്തുമെന്ന് ഫാമിലി ഫിസിഷ്യൻ ഡോ. കിം ലെവസ്‌ക് മുന്നറിയിപ്പ് നൽകി. “ഡോക്ടർമാരെ നിരന്തരം അപകീർത്തിപ്പെടുത്തുന്നതും, അവിശ്വാസവും, രാഷ്ട്രീയ ആക്രമണങ്ങളും, കൂടാതെ ബിൽ 106, ബിൽ 2 എന്നിവ വരുത്തുന്ന സമ്മർദ്ദവും കാരണം തൻ്റെ ജോലി ചെയ്യാനുള്ള കരുത്ത് നഷ്ടപ്പെടുന്നതായി” രണ്ട് കുട്ടികളുടെ അമ്മയായ അവർ വേദനയോടെ പറഞ്ഞു. തൻ്റെ ഔദ്യോഗിക ജീവിതത്തിൽ ഇത്രയും വലിയ അതൃപ്തി ഈ മേഖലയിൽ കണ്ടിട്ടില്ലെന്ന് ന്യൂറോളജിസ്റ്റ് റെനീ-മിറിയം ബൗച്ചറും അഭിപ്രായപ്പെട്ടു.
ബിൽ 2 ന്റെ പ്രത്യാഘാതങ്ങൾ വിമർശിച്ചുകൊണ്ട് മുൻ മന്ത്രി ലയണൽ കാർമാൻ്റിൻ്റെ മകളും സ്പെഷ്യലിസ്റ്റുമായ ലോറൻസ് കാർമാൻ്റ് ഒരു തുറന്ന കത്തെഴുതിയിരുന്നു. നിയമം കാരണം ക്യൂബെക്ക് വിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അവർ സൂചിപ്പിച്ചു. ഈ കത്ത് പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെ, ലെഗോൾട്ട് സർക്കാരിലെ ഡോക്ടർ കൂടിയായ ഏക മന്ത്രിയായിരുന്ന ലയണൽ കാർമാൻ്റ് സോഷ്യൽ സർവീസ് മന്ത്രി സ്ഥാനം രാജിവെച്ചത് ശ്രദ്ധേയമായി.
ക്യുബെക്ക് കോളേജ് ഓഫ് ഫിസിഷ്യൻസ് പോലും നിയമം താൽക്കാലികമായി നിർത്തിവെക്കാനും പ്രവർത്തന ലക്ഷ്യങ്ങളും ശിക്ഷാ നടപടികളും നീക്കം ചെയ്യാനും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ ആ നിർദ്ദേശം ഉടൻ തള്ളി. രോഗികളുടെ സംരക്ഷകരായ കോളേജ് നിയമത്തിനെതിരെ രംഗത്ത് വന്നതിനെ സർക്കാർ അവഗണിച്ചത് “മനസ്സിലാക്കാൻ കഴിയാത്തതിനും അപ്പുറമാണ്” എന്ന് ഡോ. ബൗച്ചർ പറഞ്ഞു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Quebec doctors take to the streets: ‘Bill 2’ warns that it will spell the end of the healthcare system






