ക്യുബെക്കിലെ മുൻ മെഡിക്കൽ സ്പെഷ്യലിസ്റ്റായ ഡോ. സ്റ്റീഫൻ പ്രോബ്സ്റ്റ് ലൈംഗികാതിക്രമ കേസുകളുടെ പശ്ചാത്തലത്തിൽ ആത്മഹത്യ ചെയ്തതായി നൂവോ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ഏഴ് സ്ത്രീകൾക്കെതിരേ പുതിയ ലൈംഗികാതിക്രമ ആരോപണങ്ങൾ നേരിടുന്നതിനിടെ, പ്രോബ്സ്റ്റ് മോൺട്രിയൽ കോടതിയിൽ ഹാജരായിരുന്നു. കേസ് വീണ്ടും പരിഗണിക്കാനുള്ള സമയത്താണ് അദ്ദേഹത്തിന്റെ ആത്മഹത്യ.
2003 മുതൽ 2020 വരെയുള്ള രണ്ട് പതിറ്റാണ്ടിനിടെ നിരവധി ലൈംഗികാതിക്രമങ്ങൾ നടത്തിയതായാണ് പ്രോബ്സ്റ്റിനെതിരെയുള്ള ആരോപണം. കേസിന്റെ നിരവധി വിശദാംശങ്ങൾ ഇപ്പോഴും പ്രസിദ്ധീകരണ നിരോധനത്തിലാണ്. വിചാരണ കാത്തിരിക്കുന്ന വ്യവസ്ഥകളോടെ പ്രോബ്സ്റ്റിനെ നേരത്തെ ജാമ്യത്തിൽ വിട്ടയക്കപ്പെട്ടിരുന്നു.
2024 വേനൽക്കാലത്ത്, പ്രോബ്സ്റ്റും പങ്കാളിയായ വെൻഡി ഡെവേരയും ചേർന്ന് ഒരു യുവ കലാകാരിയെ ലൈംഗികമായി ആക്രമിച്ചതിന് കുറ്റക്കാരായതായി കോടതി കണ്ടെത്തി. ഇരയുടെ സമ്മതം ഇല്ലാതെയാണ് ലൈംഗികബന്ധത്തിൽ ഇവർ ഏർപ്പെട്ടതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇങ്ങിനെയാണ് പ്രോബ്സ്റ്റിനും ഡെവേരയ്ക്കും ലൈംഗിക കുറ്റവാളികളുടെ പട്ടികയിൽ ഇടം പിടിച്ചതും, ജയിൽശിക്ഷ നേരിടേണ്ടിതായി വന്നതും.
ഇരയെ ഒരു ഡേറ്റിംഗ് ആപ്പിലൂടെ സമീപിച്ച ഡെവേരാണ്. തുടർന്ന് ഇരയെ ഇവർ ഓൾഡ് മോൺട്രിയലിലെ ഒരു അപ്പാർട്ട്മെന്റിലേക്ക് ക്ഷണിച്ചു. അവിടെ പ്രോബ്സ്റ്റ് നേരത്തേ തന്നെ എത്തിയിരുന്നു. ഈ സമയം പ്രോബ്സ്റ്റ് മയക്കുമരുന്ന് ഉപയോഗിച്ചതായും ആരോപണം ഉയർന്നിരുന്നു. ഇതോടെയാണ് സംഭവത്തിൽ ഇരയുടെ സമ്മതം ഇല്ലാതെയായിരുന്നു ലൈംഗികബന്ധമെന്ന് കോടതി കണ്ടെത്തിയത്.



