മോൺട്രിയൽ: കോഫി കുടിക്കാൻ എത്തുന്നവരിൽ നിന്ന് പ്ലാന്റ് ബേസ്ഡ് പാലിന്റെ പേരിൽ അന്യായമായി അധിക തുക ഈടാക്കിയ പ്രമുഖ കോഫി കമ്പനികൾക്കെതിരെ കൂട്ടക്കേസിന് ക്യുബെക്ക് സുപീരിയർ കോടതി അനുമതി നൽകി. പ്രശസ്ത ബ്രാൻഡുകളായ സ്റ്റാർബക്സ്, ടിം ഹോർട്ടൺസ്, സെക്കൻഡ് കപ്പ് എന്നിവയ്‌ക്കെതിരെ ലിയൽ ഒഹയോൺ എന്ന ഉപഭോക്താവാണ് കോടതിയെ സമീപിച്ചത്. പശുവിൻ പാലിന് പകരം സോയ, ഓട്സ്, ആൽമണ്ട് എന്നിവയിൽ നിന്നുണ്ടാക്കുന്ന പാൽ ചോദിച്ചവരിൽ നിന്ന് ഈ കമ്പനികൾ വൻ തുക അധികമായി വാങ്ങി ചൂഷണം ചെയ്തു എന്നാണ് കേസ്. ആരോഗ്യപ്രശ്നങ്ങൾ കാരണം സാധാരണ പാൽ കുടിക്കാൻ കഴിയാത്തവരും പ്ലാന്റ് ബേസ്ഡ് പാൽ താല്പര്യപ്പെടുന്നവരുമായ ആളുകളെ ലക്ഷ്യമിട്ടാണ് കമ്പനികൾ ഈ കൊള്ള നടത്തിയതെന്ന് ഹർജിക്കാരിയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.
കോടതിയിൽ സമർപ്പിച്ച കണക്കുകൾ പ്രകാരം പ്ലാന്റ് ബേസ്ഡ് പാൽ നൽകുമ്പോൾ കമ്പനികൾക്ക് അധികമായി വരുന്ന ചെലവ് വെറും 12 സെന്റ് മാത്രമാണ്. എന്നാൽ ഉപഭോക്താക്കളിൽ നിന്ന് ഇവർ 80 സെന്റ് വരെ അധികമായി ഈടാക്കിയിരുന്നു. അതായത് യഥാർത്ഥ ചെലവിനേക്കാൾ ആറിരട്ടിയിലധികം തുകയാണ് കമ്പനികൾ ലാഭമെടുത്തത്. വ്യാപാര സ്ഥാപനങ്ങൾക്ക് വരുന്ന അധികച്ചെലവിനേക്കാൾ ഇത്രയും ഉയർന്ന തുക ഈടാക്കുന്നത് ശരിയാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് കേസിന് അനുമതി നൽകിക്കൊണ്ട് ജഡ്ജി കാതറിൻ മാർട്ടൽ പറഞ്ഞു. ഒരു കാപ്പിക്ക് 80 സെന്റ് എന്നത് ചെറിയ തുകയായി തോന്നാമെങ്കിലും, ലക്ഷക്കണക്കിന് ആളുകൾ ദിവസവും കോഫി കുടിക്കുന്നതിലൂടെ കമ്പനികൾ കോടിക്കണക്കിന് രൂപയുടെ അന്യായ ലാഭമാണ് ഉണ്ടാക്കിയതെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
ഉപഭോക്താക്കളുടെ ഭാഗത്തുനിന്ന് കടുത്ത പ്രതിഷേധം ഉയർന്നതോടെ 2024 അവസാനത്തോടെ സ്റ്റാർബക്സും, പിന്നാലെ 2025-ന്റെ തുടക്കത്തിൽ ടിം ഹോർട്ടൺസ്, സെക്കൻഡ് കപ്പ് കമ്പനികളും ഈ അധികച്ചാർജ് വാങ്ങുന്നത് നിർത്തിവെച്ചിരുന്നു. എങ്കിലും മുൻകാലങ്ങളിൽ തങ്ങളിൽ നിന്ന് അന്യായമായി പണം തട്ടിയതിന് കമ്പനികൾ മറുപടി പറയണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം. കോടതിയുടെ ഈ പുതിയ ഉത്തരവോടെ, 2021 ഡിസംബർ മുതൽ 2025 ഫെബ്രുവരി വരെയുള്ള കാലയളവിൽ ഈ കമ്പനികളിൽ നിന്ന് അധിക പണം നൽകി കോഫി വാങ്ങിയ എല്ലാ ക്യുബെക്ക് നിവാസികൾക്കും ഈ കേസിന്റെ ഭാഗമാകാനും തങ്ങളുടെ നഷ്ടപരിഹാരം ആവശ്യപ്പെടാനും സാധിക്കും. ഭാവിയിൽ ഇത്തരം ചൂഷണങ്ങൾ തടയാൻ ഈ കേസിന്റെ അന്തിമ വിധി വലിയൊരു മാതൃകയാകുമെന്നാണ് നിയമവിദഗ്ദ്ധർ കരുതുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Quebec court approves class action lawsuit against major coffee brands for charging extra for plant-based milk










