വരുന്ന അധ്യായന വർഷം മുതൽ ക്യുബെക്കിലെ എല്ലാ സർക്കാർ-സ്വകാര്യ പ്രാഥമിക, ഹൈസ്കൂളുകളിലും മൊബൈൽ ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പൂർണമായി നിരോധിക്കാൻ പ്രവിശ്യാ സർക്കാർ തീരുമാനിച്ചു. വിദ്യാഭ്യാസ മന്ത്രി ബെർണാർഡ് ഡ്രെയിൻവിൽ ഉടൻ പ്രഖ്യാപിക്കുന്ന ഈ പുതിയ നിയമം സ്കൂൾ ദിനത്തിന്റെ തുടക്കം മുതൽ അവസാനം വരെ, ഇടവേളകളും ഉച്ചഭക്ഷണ സമയവും ഉൾപ്പെടെ, ബാധകമാകും. 2024 ജനുവരിയിൽ ക്ലാസ്റൂമുകളിൽ മാത്രമായി ഏർപ്പെടുത്തിയിരുന്ന നിരോധനത്തിന്റെ വ്യാപനമാണ് ഇത്.
യുവാക്കളിൽ സ്ക്രീൻ സമയത്തിന്റെ സ്വാധീനം പഠിപ്പിക്കുന്ന പ്രവിശ്യാ കമ്മിറ്റിയുടെ ശുപാർശകളെ അടിസ്ഥാനമാക്കിയാണ് ഈ നിർണായക നടപടി. ഡിജിറ്റൽ ഉപകരണങ്ങൾ വിദ്യാർത്ഥികളുടെ ശ്രദ്ധ തിരിച്ചുവിടുന്നതുവഴി പഠനത്തെ ഗണ്യമായി ബാധിക്കുന്നുവെന്ന് കമ്മിറ്റിയുടെ ഇടക്കാല റിപ്പോർട്ട് വെളിപ്പെടുത്തി. എന്നിരുന്നാലും, അധ്യാപകരുടെ അനുമതിയോടെയുള്ള വിദ്യാഭ്യാസ ആവശ്യങ്ങൾക്കും മെഡിക്കൽ അല്ലെങ്കിൽ പ്രത്യേക പഠന ആവശ്യങ്ങളുള്ള വിദ്യാർത്ഥികൾക്കും ഇളവുകൾ ലഭ്യമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കമ്മിറ്റിയുടെ പൂർണ ശുപാർശകളോടെയുള്ള അന്തിമ റിപ്പോർട്ട് മെയ് അവസാനത്തോടെ പ്രതീക്ഷിക്കുന്നു.
ഇതിനകം തന്നെ മോൺട്രിയലിന്റെ സൗത്ത് ഷോറിലുള്ള കോളേജ് ചാൾസ്-ലെമോയ്ൻ പോലുള്ള ചില സ്ഥാപനങ്ങൾ സമാന നിരോധനം വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. ഈ സ്കൂളിന്റെ ഡയറക്ടർ ജനറൽ ഡേവിഡ് ബൗൾസ് പറയുന്നതനുസരിച്ച്, വർഷങ്ങളായി അവരുടെ സ്ഥാപനത്തിൽ നിലനിൽക്കുന്ന മുഴുവൻ ദിവസത്തെ നിരോധനം വിദ്യാർത്ഥികൾക്കിടയിൽ സാമൂഹിക ഇടപെടലുകളും പുറത്തുള്ള കളികളും വർധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. അവിടെ ഫോണുകൾ ലോക്കറുകളിൽ സൂക്ഷിക്കണമെന്ന നിബന്ധന ഏർപ്പെടുത്തിയിരിക്കുന്നു, ലംഘിക്കുന്നവരുടെ ഉപകരണങ്ങൾ പിടിച്ചെടുക്കുന്ന നടപടികളും സ്വീകരിക്കുന്നുണ്ട്.
ഈ നിരോധനത്തിന്റെ വിജയകരമായ നടപ്പാക്കലിന് വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരുമായുള്ള വ്യക്തമായ ആശയവിനിമയം അനിവാര്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വിദ്യാർത്ഥികളുടെ സ്ക്രീൻ അഡിക്ഷൻ വീട്ടിൽ ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിലെ കുടുംബങ്ങളുടെ പ്രയാസങ്ങളും വർധിച്ചുവരുന്ന ആശങ്കയാണെന്ന് വിദ്യാഭ്യാസ മേഖലയിലെ പ്രമുഖർ വ്യക്തമാക്കുന്നു . സ്കൂൾ അന്തരീക്ഷത്തിൽ ആരോഗ്യകരമായ സാമൂഹിക-അക്കാദമിക്ക് ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ ഈ നിരോധനം വിദ്യാർത്ഥികളുടെ വിജയത്തിന് സഹായകമാകുമെന്ന് ക്യുബെക്ക് സർക്കാർ പ്രതീക്ഷിക്കുന്നു.



