ബ്രാംപ്ടൺ: ബ്രാംപ്ടണിൽ താമസിച്ച് വരികയായിരുന്ന ഇരുപത്തിയൊമ്പതുകാരിയായ പഞ്ചാബ് സ്വദേശിനി പ്രതിഭ ഗുപ്തയെ മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചാബിലെ അഹമ്മദ്ഗഡ് സ്വദേശിനിയായ ഇവരെ താമസസ്ഥലത്തെ ഗോവണിപ്പടിക്ക് സമീപമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മൂന്നര വർഷമായി വർക്ക് പെർമിറ്റിൽ കാനഡയിൽ ജോലി ചെയ്തു വരികയായിരുന്നു. പ്രാഥമിക പരിശോധനയിൽ ശരീരത്തിൽ പരിക്കേറ്റ പാടുകളൊന്നുമില്ലെന്ന് പോലീസ് അറിയിച്ചതായി ബന്ധുക്കൾ വ്യക്തമാക്കി. നിലവിൽ മരണത്തിൽ ദുരൂഹത ആരോപിച്ച് ബ്രാംപ്ടൺ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശനിയാഴ്ച ഉച്ചയ്ക്ക് പ്രതിഭ കുടുംബവുമായി ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ വൈകുന്നേരത്തോടെ ഫോൺ വിളിച്ചിട്ട് പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് ബന്ധുക്കൾ തൊഴിലുടമയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. സംഭവസമയം വീട്ടുടമസ്ഥൻ അമേരിക്കയിലായിരുന്നുവെന്നും മറ്റ് കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പോലീസ് മരണകാരണം വ്യക്തമാകാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്.
ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയായ പ്രതിഭ പഞ്ചാബിൽ അധ്യാപികയായി ജോലി ചെയ്തിരുന്നു. കാനഡയിൽ ഒരു സ്വകാര്യ ട്രാൻസ്പോർട്ട് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു ഇവർക്ക് ഇതുവരെ സ്ഥിരതാമസത്തിനുള്ള അനുമതി (PR) ലഭിച്ചിരുന്നില്ല. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി കുടുംബം കേന്ദ്ര സർക്കാരിന്റെ സഹായം അഭ്യർത്ഥിച്ചു. പ്രാദേശിക എംപി അമർ സിംഗ് വഴി വിദേശകാര്യ മന്ത്രാലയത്തെ ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
Punjabi woman found dead in Brampton; police launch investigation
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



