വാൻകൂവർ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ഇന്ത്യൻ വംശജനായ പ്രമുഖ വ്യവസായിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ലുധിയാന സ്വദേശിയും പ്രശസ്തനായ പഞ്ചാബി-കനേഡിയൻ ബിസിനസുകാരനുമായ ദർശൻ സിംഗ് സാഹ്‍സി (68) ആണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച രാവിലെ 9:22-ഓടെ അബ്ബോട്ട്സ്ഫോർഡ്, റിഡ്ജ് വ്യൂ ഡ്രൈവിലെ അദ്ദേഹത്തിന്റെ വീടിന് മുന്നിലാണ് സംഭവം. ദർശൻ സിംഗ് സാഹ്‍സി തന്റെ വാഹനത്തിൽ കയറുമ്പോൾ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ കാത്തിരുന്ന അക്രമി വെടിയുതിർക്കുകയായിരുന്നു. സിംഗിന് വെടിയേറ്റ ഉടൻ തന്നെ ഇയാൾ കാറുമായി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
അപകടകരമായ പരിക്കുകളോടെ കണ്ടെത്തിയ അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് അബ്ബോട്ട്സ്ഫോർഡ് പോലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
ഇതൊരു ആസൂത്രിത കൊലപാതകം ആണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണത്തിനായി കേസ് ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീമിന് (IHIT) കൈമാറി. കൊലയാളിക്ക് വേണ്ടി പോലീസ് വ്യാപകമായ തിരച്ചിൽ നടത്തുകയാണ്. മുൻകരുതലെന്ന നിലയിൽ സമീപത്തുള്ള മൂന്ന് സ്‌കൂളുകൾ താത്കാലികമായി അടച്ചുപൂട്ടിയതായും വിദ്യാർഥികൾക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും പോലീസ് അറിയിച്ചു.
ക്ലോത്തിംഗ് റീസൈക്ലിംഗ് രംഗത്ത് ലോകമെമ്പാടും പ്രശസ്തമായ ‘കാനാം ഇന്റർനാഷണൽ’ എന്ന സ്ഥാപനത്തിന്റെ പ്രസിഡന്റാണ് കൊല്ലപ്പെട്ട ദർശൻ സിംഗ് സാഹ്‍സി. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും അദ്ദേഹം സമൂഹത്തിൽ ശ്രദ്ധേയനായിരുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Punjabi-Canadian businessman Darshan Singh Sahsi shot dead



