34 പന്തിൽ 69 റൺസോടെ പ്രഭ്സിമ്രൺ സിംഗ് തിളങ്ങി
ന്യൂഡൽഹി – ചൊവ്വാഴ്ച നടന്ന ഐപിഎൽ മത്സരത്തിൽ പഞ്ചാബ് കിംഗ്സ് ലക്നൗ സൂപ്പർ ജയന്റ്സിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി. പ്രഭ്സിമ്രൺ സിംഗിന്റെ തകർപ്പൻ ബാറ്റിങ്ങും അർഷ്ദീപ് സിംഗിന്റെ മികച്ച ബൗളിങ്ങും വിജയത്തിന് വഴിയൊരുക്കി. 172 റൺസ് പിന്തുടർന്ന പഞ്ചാബ് 16.2 ഓവറിൽ ലക്ഷ്യം കണ്ടു. പ്രഭ്സിമ്രൺ 34 പന്തിൽ 69 റൺസ് (9 ഫോർ, 3 സിക്സ്) നേടി. അദ്ദേഹത്തിന്റെ ആക്രമണോത്സുക ബാറ്റിംഗ് LSG-യുടെ ബൗളിംഗിനെ തകർത്തു. ക്യാപ്റ്റൻ ശ്രേയസ് അയ്യർ (30 പന്തിൽ 52) നേഹാൽ വാധേര (25 പന്തിൽ 43) എന്നിവർ മികച്ച പിന്തുണ നൽകി.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലക്നൗ 171/7 എന്ന സ്കോറിൽ ഒതുങ്ങി. അർഷദീപ് സിംഗ് 3/43 എന്ന മികച്ച പ്രകടനം കാഴ്ചവച്ചു. മിച്ചൽ മാർഷിനെ ഗോൾഡൻ ഡക്കായി പുറത്താക്കിയ അർഷദീപ് പിന്നീട് അബ്ദുൽ സമദിനെയും (27) ആയുഷ് ബഡോണിയെയും (41) പവലിയനിലേക്ക് മടക്കി. ലോക്കി ഫെർഗൂസൺ, മാർക്കോ ജാൻസെൻ, ഗ്ലെൻ മാക്സ്‌വെൽ, യുസ്‌വേന്ദ്ര ചാഹൽ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.എൽഎസ്ജിക്ക് വേണ്ടി നിക്കോളാസ് പൂരൻ (30 പന്തിൽ 44) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
പഞ്ചാബിന്റെ ഇന്നിംഗ്സ് ഒരു തിരിച്ചടിയോടെയാണ് തുടങ്ങിയത്,ഓപ്പണർ പ്രിയാൻഷ് ആര്യ എട്ട് റൺസിന് പുറത്തായി. എന്നാൽ പ്രഭ്സിമ്രന്റെ ആക്രമണശൈലിയോടെയുള്ള ബാറ്റിംഗ് ടീമിനെ മുന്നോട്ട് നയിച്ചു. എൽഎസ്ജി ബൗളർമാരെ സമ്മർദ്ദത്തിലാക്കിയ ശേഷം, അയ്യറും വാധേരയും ടീമിനെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. LSG- ക്കായി ദിഗ്വേഷ് രാഠി 30 റൺസിന് രണ്ട് വിക്കറ്റ് നേടിയെങ്കിലും, എൽഎസ്ജി ബൗളർമാർക്ക് പഞ്ചാബിന്റെ ആക്രമണം തടയാനായില്ല.
ഈ വിജയത്തോടെ പഞ്ചാബ് കിംഗ്സ് ടൂർണമെന്റിൽ തങ്ങളുടെ നില ശക്തിപ്പെടുത്തി.



