ടൊറന്റോ: കാനഡയിലെ കുടിയേറ്റം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ടൊറന്റോയിലെ നേഥൻ ഫിലിപ്സ് സ്ക്വയറിൽ നടന്ന പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധക്കാരും കുടിയേറ്റത്തെ അനുകൂലിക്കുന്നവരും തമ്മിൽ ഏറ്റുമുട്ടിയതിനെത്തുടർന്ന് ഒൻപത് പേരെ ടൊറന്റോ പോലീസ് അറസ്റ്റ് ചെയ്തു.
‘കാനഡ ഫസ്റ്റ് മൂവ്മെന്റ്’ (Canada First Movement) എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു ആന്റി ഇമിഗ്രേഷൻ റാലി നടന്നത്. രാജ്യത്തെ കുടിയേറ്റ സംവിധാനം താളംതെറ്റിയെന്നും നികുതിപ്പണം വിദേശ യുദ്ധങ്ങൾക്കും കുടിയേറ്റക്കാർക്കും വേണ്ടി ചിലവഴിക്കുന്നതിന് പകരം സ്വദേശത്തെ ഭവനരഹിതർക്കും ആരോഗ്യ മേഖലയ്ക്കും വേണ്ടി ഉപയോഗിക്കണമെന്നും സംഘടനയുടെ സ്ഥാപകൻ ജോ അനിഡ്ജർ പറഞ്ഞു. “ഞങ്ങളുടെ സംസ്കാരവും സ്വത്വവും സംരക്ഷിക്കപ്പെടണം. സ്വന്തം ജനതയുടെ ആവശ്യങ്ങൾക്കായിരിക്കണം മുൻഗണന നൽകേണ്ടത്,” അദ്ദേഹം വ്യക്തമാക്കി. തന്റെ പേരക്കുട്ടികളുടെ ഭാവി ഓർത്താണ് താൻ പ്രതിഷേധിക്കുന്നതെന്ന് റാലിയിൽ പങ്കെടുത്ത റോൺ ബൗമീസ്റ്റർ പറഞ്ഞു.
കുടിയേറ്റ വിരുദ്ധ റാലിക്കെതിരെ ‘കമ്മ്യൂണിറ്റി സോളിഡാരിറ്റി ടൊറന്റോ’യുടെ നേതൃത്വത്തിൽ നൂറിലധികം പേർ പ്രതിഷേധവുമായി രംഗത്തെത്തി. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കും വിലക്കയറ്റത്തിനും കുടിയേറ്റക്കാരെ ബലിയാടാക്കുന്നത് ശരിയല്ലെന്ന് അവർ വാദിച്ചു. “ഇതൊരു വംശീയ അജണ്ടയാണ്, നഗരത്തിലെ സമാധാനപരമായ സഹവർത്തിത്വം തകർക്കാൻ മാത്രമേ ഇത് ഉപകരിക്കൂ,” എന്ന് യുണൈറ്റഡ് ചർച്ച് റെവറന്റ് സാറാ മില്ലർ അഭിപ്രായപ്പെട്ടു.
ഭയവും വംശീയതയും പടർത്താനുള്ള ബോധപൂർവമായ ശ്രമമാണിതെന്ന് ടൊറന്റോ സിറ്റി കൗൺസിലർ നീതൻ ഷാൻ പറഞ്ഞു. കുടിയേറ്റക്കാർക്കൊപ്പം നഗരം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശനിയാഴ്ച ഉച്ചയോടെ ക്വീൻ സ്ട്രീറ്റിലും ബേ സ്ട്രീറ്റിലുമായിട്ടാണ് പ്രതിഷേധ പ്രകടനങ്ങൾ നടന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
'Canada belongs to everyone, there is no room for hate'; Public outrage over anti-immigration rally



