ടൊറന്റോ: ലോകപ്രശസ്ത വീഡിയോ ഗെയിം നിർമ്മാതാക്കളായ ഇലക്ട്രോണിക് ആർട്സ് (EA) ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ കാനഡയിൽ പ്രതിഷേധം ശക്തമാകുന്നു. സൗദി അറേബ്യയുടെ നിക്ഷേപ ഫണ്ടും അമേരിക്കൻ കമ്പനികളും ചേർന്നുള്ള ഈ ഇടപാട് രാജ്യത്തിന്റെ സുരക്ഷയെയും തൊഴിലവസരങ്ങളെയും ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി കമ്മ്യൂണിക്കേഷൻസ് വർക്കേഴ്സ് ഓഫ് അമേരിക്ക കാനഡ (CWA Canada) രംഗത്തെത്തി. വിഷയം ഗൗരവമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യൂണിയൻ ഫെഡറൽ സർക്കാരിനും മത്സര നിയന്ത്രണ ഏജൻസിക്കും കത്തുനൽകി.
സൗദി അറേബ്യയുടെ സർക്കാർ നിക്ഷേപ സ്ഥാപനവും (Public Investment Fund), അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജാറെഡ് കുഷ്‌നറുടെ കമ്പനിയും (Affinity Partners), സിൽവർ ലേക്ക് എന്ന സ്ഥാപനവും ചേർന്നാണ് ഇഎ ഗെയിംസിനെ വാങ്ങാൻ ശ്രമിക്കുന്നത്. ഏകദേശം 55 ബില്യൺ ഡോളറിന്റേതാണ് ഈ വമ്പൻ ബിസിനസ് ഇടപാട്. 1991 മുതൽ കാനഡയിൽ സജീവമായ ഇഎ ഗെയിംസിന് നിലവിൽ രാജ്യത്ത് അഞ്ച് ഓഫീസുകളുണ്ട്. ഈ വിൽപന കാനഡയുടെ 5.1 ബില്യൺ ഡോളർ മൂല്യമുള്ള വീഡിയോ ഗെയിം മേഖലയുടെ തകർച്ചയ്ക്കും വൻതോതിലുള്ള തൊഴിൽ നഷ്ടത്തിനും കാരണമാകുമെന്ന് സി.ഡബ്ല്യു.എ കാനഡ പ്രസിഡന്റ് കാർമൽ സ്മിത്ത് മുന്നറിയിപ്പ് നൽകി.
ഇടപാട് യാഥാർഥ്യമായാൽ ലക്ഷക്കണക്കിന് ഗെയിം ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ വിദേശ നിയന്ത്രണത്തിലാകാൻ സാധ്യതയുണ്ടെന്നാണ് യൂണിയന്റെ പ്രധാന ആരോപണം. കൂടാതെ, ഈ ഏറ്റെടുക്കലിനായി വാങ്ങുന്ന വൻ തുകയിലുള്ള കടബാധ്യത തീർക്കാൻ കമ്പനി വൻതോതിൽ ജീവനക്കാരെ പിരിച്ചുവിട്ടേക്കാമെന്നും ആശങ്കയുണ്ട്. ഇൻവെസ്റ്റ്‌മെന്റ് കാനഡ ആക്ട് പ്രകാരം വിദേശ നിക്ഷേപം പരിശോധിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും, അതിനാൽ സാമ്പത്തിക സുരക്ഷ മുൻനിർത്തി കർശനമായ അന്വേഷണം വേണമെന്നുമാണ് യൂണിയന്റെ ആവശ്യം. എന്നാൽ നിയമപരമായ രഹസ്യസ്വഭാവം ചൂണ്ടിക്കാട്ടി സർക്കാർ വക്താക്കൾ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Protests in Canada against EA Games sale; CWA Canada demands investigation into the deal




