കാനഡയിലേയ്ക്ക് കൊണ്ടുപോകാമെന്ന വ്യാജേന വിവാഹ വാഗ്ദാനം നൽകി പണം തട്ടിയ സംഘം പിടിയിൽ. പഞ്ചാബ് ഖന്ന സ്വദേശിനി സുഖ്ദർശൻ കൗർ, മകൻ മൻപ്രീത് സിങ്, കൂട്ടാളി അശോക് കുമാർ എന്നിവരാണ് പിടിയിലായത്. കേസിലെ കൂട്ടുപ്രതിയായ സുഖ്ദർശൻ കൗറിന്റെ മകൾ ഹർപ്രീത് കൗറിനായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് അറിയിച്ചു. കാനഡയിലാണ് ഹർപ്രീതുള്ളതെന്നാണ് വിവരം.
സുഖ്ദർശൻ കൗർ, മകൻ മൻപ്രീത് സിങ്, മകൾ ഹർപ്രീത് കൗർ എന്നിവരാണ് തട്ടിപ്പിന്റെ മുഖ്യ ആസൂത്രകർ. കാനഡയിൽ വർക്ക് പെർമിറ്റുളള മകൾ ഹർപ്രീത് കൗറിന് വരന്മാരെ തേടുന്നുവെന്ന് പരസ്യം നൽകിയായിരുന്നു തട്ടിപ്പ്. വിദേശത്ത് താമസമാക്കാൻ ആഗ്രഹിക്കുന്ന അവിവാഹിതരാണ് അധികമായി ഇവരെ ബന്ധപ്പെട്ടിരുന്നത്. തങ്ങളെ സമീപിക്കുന്ന പുരുഷന്മാരുടെ വിശ്വാസം നേടിയെടുക്കുന്നതിനായി മകളുമായി വീഡിയോ കോളുകൾ നടത്തുമായിരുന്നു. തുടർന്ന് മകൾക്ക് കാനഡയിൽ സാമ്പത്തിക ബാധ്യതകൾ ഉണ്ടെന്ന വ്യാജേന ഇവരുടെ പക്കൽ നിന്ന് പണം വാങ്ങുകയും ഉറപ്പിനായി വിവാഹ നിശ്ചയം നടത്തുകയും ചെയ്തിരുന്നു. ശേഷം ഓരോ കാരണങ്ങൾ കണ്ടെത്തി വിവാഹം നീട്ടിവെയ്ക്കുകയോ പ്രതികരിക്കാതിരിക്കുകയോ ചെയ്യുകയായിരുന്നു. ഇത്തരത്തിൽ പന്ത്രണ്ട് പേരിൽ നിന്നായി ഒരു കോടി രൂപയോളം ഇവർ തട്ടിയെടുത്തിട്ടുണ്ട്.
police bust racket promising men fake marriage with Canadian girl



