ഒട്ടാവയിൽ നടന്ന വാർഷിക പ്രൈഡ് പരേഡ് പലസ്തീൻ അനുകൂല സംഘടന തടഞ്ഞതിനെത്തുടർന്ന് റദ്ദാക്കി. ‘ക്വിയേഴ്സ് ഫോർ പലസ്തീൻ – ഒട്ടാവ’ (Q4P) എന്ന സംഘടനയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പരേഡിന്റെ മുഖ്യ സംഘാടകരായ ക്യാപിറ്റൽ പ്രൈഡ് അധികൃതരുമായി ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ റോഡ് തടഞ്ഞത്. തങ്ങളുടെ പ്രൈഡ് വിൽപനക്കുള്ളതല്ലെന്ന് പ്രതിഷേധക്കാർ പ്രസ്താവനയിലൂടെ അറിയിച്ചു. സ്പോൺസർമാരും രാഷ്ട്രീയക്കാരും പ്രൈഡിന്റെ നിലപാടുകളെ നിയന്ത്രിക്കുന്നതിനെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്നും അവർ വ്യക്തമാക്കി.
ക്യാപിറ്റൽ പ്രൈഡിന്റെ 2024-ലെ പ്രസ്താവന പുനഃസ്ഥാപിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ഒക്ടോബർ 7-ലെ ആക്രമണങ്ങളെയും ഗാസയിലെ ഇസ്രായേൽ ആക്രമണങ്ങളെയും അപലപിച്ചുകൊണ്ട് ക്യാപിറ്റൽ പ്രൈഡ് ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. എന്നാൽ, ജൂത സംഘടനകളുടെയും രാഷ്ട്രീയ നേതാക്കളുടെയും എതിർപ്പിനെത്തുടർന്ന് ഈ പ്രസ്താവന വെബ്സൈറ്റിൽനിന്ന് നീക്കം ചെയ്യുകയായിരുന്നു. പ്രതിഷേധക്കാരുടെ ഈ ആവശ്യം അംഗീകരിക്കാൻ ക്യാപിറ്റൽ പ്രൈഡ് തയ്യാറാകാത്തതിനാലാണ് പരേഡ് റദ്ദാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
പ്രെെഡ് പരേഡ് റദ്ദാക്കിയെങ്കിലും, ബാങ്ക് സ്ട്രീറ്റിൽ നടക്കുന്ന പ്രൈഡ് ഫെസ്റ്റിവൽ വൈകുന്നേരം 8 മണിവരെ തുടരുമെന്ന് സംഘാടകർ അറിയിച്ചു. വർഷം തോറും നടക്കുന്ന പ്രൈഡ് പരേഡ് നഗരത്തിലെ ഒരു പ്രധാന പരിപാടിയാണ്. ഗാസയിലെ ദുരിതമനുഭവിക്കുന്ന പലസ്തീൻ ജനതക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രതിഷേധക്കാർ ‘There is no pride in genocide’ എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിക്കാട്ടി. സംഭവം നഗരത്തിൽ ഗതാഗത തടസ്സമുണ്ടാക്കി.
Pride parade canceled; Pro-Palestinian group protests in Ottawa



