ലൊസാഞ്ചലസ്: പ്രശസ്ത റീട്ടെയിൽ ശൃംഖലയായ കോസ്റ്റ്കോയുടെ റോട്ടിസറി ചിക്കനിൽ പ്രിസർവേറ്റീവുകൾ അടങ്ങിയിട്ടില്ലെന്ന പരസ്യം തെറ്റാണെന്നാരോപിച്ച് കാലിഫോർണിയ കോടതി കേസ് ഫയൽ ചെയ്തു. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരസ്യം നൽകി കോടിക്കണക്കിന് ഡോളർ ലാഭമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് യു.എസ്. ഡിസ്ട്രിക്റ്റ് കോടതിയിൽ പരാതി നൽകിയിരിക്കുന്നത്.
കിർക്ലാൻഡ് സിഗ്നേച്ചർ ബ്രാൻഡിൽ വിൽക്കുന്ന റോട്ടിസറി ചിക്കനിൽ ഷെൽഫ് ലൈഫ് കൂട്ടാനായി സോഡിയം ഫോസ്ഫേറ്റ്, കാരജീനൻ എന്നിവ ഉപയോഗിക്കുന്നുണ്ടെന്ന് പരാതിയിൽ പറയുന്നു. എന്നാൽ ‘പ്രിസർവേറ്റീവ് ഇല്ല’ (No Preservatives) എന്ന അവകാശവാദവുമായാണ് ഉൽപ്പന്നം വിപണിയിലെത്തിക്കുന്നത്. ഭക്ഷണത്തിന്റെ ഗുണനിലവാരവും ഘടനയും നിലനിർത്താൻ ഈ ഘടകങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് കോസ്റ്റ്കോ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ഇവ പ്രിസർവേറ്റീവുകളുടെ ഗണത്തിൽപ്പെടുമെന്നാണ് ഹർജിക്കാരുടെ വാദം.
കാലിഫോർണിയയിലെ രണ്ട് ഉപഭോക്താക്കളാണ് നിയമനടപടിയുമായി മുന്നോട്ട് വന്നത്. പ്രിസർവേറ്റീവുകൾ ഉണ്ടെന്നറിഞ്ഞിരുന്നെങ്കിൽ തങ്ങൾ ഈ ഉൽപ്പന്നം വാങ്ങുകയോ ഇത്രയും തുക നൽകുകയോ ചെയ്യുമായിരുന്നില്ലെന്ന് ഇവർ കോടതിയെ അറിയിച്ചു. നിലവിൽ കാലിഫോർണിയയിലും യുഎസ് ഒട്ടാകെയും കോസ്റ്റ്കോ ചിക്കൻ വാങ്ങിയ ഉപഭോക്താക്കളെ ഉൾപ്പെടുത്തി ഇതൊരു ‘ക്ലാസ്-ആക്ഷൻ’ കേസായി പരിഗണിക്കണമെന്നാണ് ആവശ്യം. ജൂറി വിചാരണയ്ക്കും ഇവർ അനുമതി തേടിയിട്ടുണ്ട്.
ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ, സ്റ്റോറുകളിലെയും ഓൺലൈൻ സൈറ്റുകളിലെയും പരസ്യങ്ങളിൽ നിന്നും ലേബലുകളിൽ നിന്നും ‘പ്രിസർവേറ്റീവ് ഇല്ല’ എന്ന വാചകം നീക്കം ചെയ്തതായി കോസ്റ്റ്കോ അറിയിച്ചു. എന്നാൽ തങ്ങൾ ഉപയോഗിക്കുന്ന ചേരുവകൾ ഭക്ഷ്യസുരക്ഷാ അതോറിറ്റികൾ അംഗീകരിച്ചതാണെന്നും പാചകത്തിനിടെ ഈർപ്പം നിലനിർത്താനാണ് ഇവ ഉപയോഗിക്കുന്നതെന്നും കമ്പനി വിശദീകരിച്ചു. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന കോസ്റ്റ്കോയുടെ റോട്ടിസറി ചിക്കന് ലോകമെമ്പാടും വലിയ വിപണിയാണുള്ളത്. 2023-ൽ മാത്രം 13.7 കോടി ചിക്കനുകളാണ് കമ്പനി വിറ്റഴിച്ചത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Preservatives in chicken: Case filed against leading retail chain Costco



