യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ പോർചുഗലിന് വിജയം. പെനാൽറ്റി ഷൂട്ടൗട്ടിൽ 3 നെതിരെ 5 ഗോളുകൾക്കാണ് പോർചുഗൽ വിജയം നേടിയത്. നിശ്ചിത സമയത്തും അധിക സമയത്തും രണ്ട് ഗോൾ വീതം നേടി ഇരു ടീമുകളും സമനില പാലിച്ചു. പോർച്ചുഗലിന്റെ ന്യൂനോ മെൻഡസാണ് ഫൈനലിലെ താരം. ത്രില്ലർ പോരാട്ടത്തിലെ വിജയത്തിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോ കണ്ണീരണിഞ്ഞു . പോർച്ചുഗലിൻ്റെ രണ്ടാമത്തെ നേഷൻസ് ലീഗ് കിരീടമാണിത്.
ആവേശകരമായ മത്സരത്തിലെ ആദ്യ പകുതിയിൽ സ്‌പെയിൻ മുന്നിലായിരുന്നു. 21ാം മിനിറ്റിൽ മാർട്ടിൻ സുബിമെൻഡിയാണ് സ്‌പെയിനിന് വേണ്ടി ആദ്യ ഗോൾ നേടിയത്. പിന്നാലെ തന്നെ 25ാ-ാം മിനിറ്റിൽ പോർചുഗലിനായി നുനോ മെൻഡിസ് ആദ്യ ഗോൾ നേടി. മെൻഡിസിന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ ആണിത്. ഇതോടെ മത്സരം സമനിലയിലായി.പിന്നീട് 45-ാം മിനിറ്റ് വരെ മത്സരം സമനിലയിൽ തുടർന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പായി സ്‌പെയിൻ ലീഡ് നേടി. മൈക്കൽ ഒയാർസബാൽ ആണ് രണ്ടാം ഗോൾ നേടിയത്. ആദ്യ മത്സരത്തിലെ ആവേശം ഒട്ടും കുറയാതെ ആയിരുന്നു രണ്ടാ പകുതിയും ലീഡ് നിലനിർത്തി മുന്നേറിയ സ്‌പെയിനിന് 61-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രഹരമേറ്റു. മത്സരം 2-2 എന്ന നിലയിലായി.
90 മിനിറ്റിന് ശേഷവും സമനില തുടർന്നതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. എന്നാൽ, 120 മിനിറ്റിന് ശേഷവും വിജയഗോൾ നേടാൻ ടീമുകൾക്ക് സാധിച്ചില്ല.പെനാൽറ്റി ഷൂട്ടൗട്ടിലും ഇരു ടീമുകളും ഒന്നിന് പിറകെ ഒന്നായി വല കുലുക്കി. എന്നാൽ നാലാമതായി വന്ന അൽവെരോ മൊറാട്ടയുടെ കിക്ക് പൊർച്ചൂഗീസ് ഗോളി ഡിയോഗ കോസ്റ്റ തടഞ്ഞു. പിന്നാലെ വന്ന റൂബെൻ നെവെസ് അഞ്ചാം ഗോൾ നേടിയതോടെ 5-3 നിലയിൽ പോർചുഗൽ വിജയം ഉറപ്പിച്ചു.






