ശനിയാഴ്ച രാവിലെ മോൺട്രിയലിൽ കാട്ടുതീയെ തുടർന്നുണ്ടാവുന്ന പുക മൂലം വായു ഗുണനിലവാരത്തിൽ കനത്ത ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രൈറി പ്രദേശങ്ങളിൽ നിന്നുള്ള പുക നഗരത്തിലേക്ക് വ്യാപിച്ചതോടെ ലോക വായു ഗുണനിലവാര സൂചികയിൽ മോൺട്രിയൽ ഇന്ത്യയിലെ ന്യൂഡൽഹിക്കു പിന്നാലെ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. രാവിലെ 10:30ഓടെ കണക്കാക്കപ്പെട്ട വായുവിന്റെ ഗുണനിലവാരം അതീവ ഗുരുതരമായ നിലയിലായിരുന്നു.
പുകയെ തുടർന്ന് അന്തരീക്ഷത്തിൽ മൂടൽമഞ്ഞ് പോലെ കാണപ്പെടുന്നത് കാഴ്ച്ച കുറക്കുന്നു. ഇത് മൂലം നഗരവാസികളുടെ ഗതാഗതവും ദൈനംദിന പ്രവർത്തനങ്ങളും കടുത്ത പ്രതിസന്ധിയിലായി. Environment Canada പുറത്തിറക്കിയ വായു ഗുണനിലവാര മുന്നറിയിപ്പ് ഇപ്പോഴും പ്രാബല്യത്തിൽ തുടരുകയാണ്. ജനങ്ങൾ അനാവിശ്യമായി പുറത്തുപോകുന്നത് ഒഴിവാക്കാൻ അധികൃതർ നിർദ്ദേശിക്കുന്നു. പ്രത്യേകിച്ച് മുതിർന്നവരും ഗർഭിണികളും ശിശുക്കളും ആരോഗ്യപ്രശ്നങ്ങളുള്ളവരും കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കണം.
വായുവിൽ പുകയുണ്ടാകുന്നത് മൂലം കണ്ണ്, മൂക്ക്, തൊണ്ട എന്നിവയിൽ അസ്വസ്ഥത, തലവേദന, ചുമ തുടങ്ങിയതും, ഗുരുതരമായ സാഹചര്യങ്ങളിൽ ശ്വാസതടസ്സം, നെഞ്ചുവേദന എന്നിവയും കാണപ്പെടാം. ഇത്തരം ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ ഉടൻ വൈദ്യസഹായം തേടേണ്ടതാണ് എന്നാണ് എൻവയോൺമെന്റ് കാനഡയുടെ മുന്നറിയിപ്പ്.
ജനലുകളും വാതിലുകളും അടച്ചിടാനും തണുത്ത കാലാവസ്ഥ നിലനിർത്താനും പ്രാധാന്യം നൽകാൻ അധികൃതർ പറയുന്നു.
വീടിനുള്ളിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ എയർ ഫിൽട്ടറുകളും പ്യൂരിഫയറുകളും ഉപയോഗിക്കണം. പുറത്ത് പോകുമ്പോൾ PM2.5 സൂക്ഷ്മ കണികകളിൽ നിന്ന് സംരക്ഷിക്കാൻ റെസ്പിറേറ്റർ തരം മാസ്ക് ധരിക്കണമെന്നും നിർദ്ദേശമുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ വ്യതിയാനമുണ്ടാകും എന്ന പ്രതീക്ഷയിലാണ് കാലാവസ്ഥാ വിദഗ്ധർ.






