പൂൾ സുരക്ഷാ നിയമം കർശനമാക്കിയിരിക്കുകയാണ് ക്യുബെക്ക്. കുട്ടികളുടെ മുങ്ങി മരണം തടയാനായിട്ടാണ് ക്യൂബെക്ക് പ്രവിശ്യ പുതുക്കിയ റെസിഡൻഷ്യൽ സ്വിമ്മിംഗ് പൂൾ സേഫ്റ്റി ആക്ട് പൂർണമായും നടപ്പിലാക്കുന്നത്. പൂൾ സ്ഥാപിച്ച വർഷം ഏതായിരുന്നാലും, നിയമം ഇനി മുഴുവൻ റെസിഡൻഷ്യൽ കുളങ്ങൾക്കും ബാധകമാകുന്നുവെന്നതാണ് പുതിയ സുരക്ഷാ ആക്ടിന്റെ പ്രധാന മാറ്റം.
പൂളിന് അടച്ചുറപ്പുള്ള സുരക്ഷാ വലയങ്ങളും, സ്വയം അടയ്ക്കുന്ന ഗേറ്റുകളും ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ സെപ്റ്റംബർ 30-നകം പൂർത്തിയാക്കണം. നിയമം തെറ്റിക്കുന്നവരിൽ നിന്ന് 700 ഡോളറിൽ കൂടുതൽ പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
പുതുക്കിയ പൂൾ നിയമം അനുസരിച്ച് പൂളിന് ചുറ്റും ഗേറ്റ് നിർമിക്കുന്നവർ ഇപ്പോൾ തിരക്കിലാണെന്ന് പറയുകയാണ് 18 വർഷമായി പൂൾ ഗേറ്റ് ഇൻസ്റ്റാളേഷനിൽ പ്രവർത്തിച്ചുവരുന്ന യാൻ സിമാർഡ്. ആഴ്ചയിൽ ഏഴ് ദിവസവും ജോലി ചെയ്യുന്നുവെന്നും, ഈ വർഷം ബിസിനസ് തുടക്കത്തേയ്ക്കാൾ മൂന്നിരട്ടിയിലേറെ വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
എല്ലാ ദിവസവും ഇതിനായി നൂറുക്കണക്കിന് കോളുകളാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറയുന്നു. 28 വർഷമായി ഉപയോഗിച്ചിരുന്ന ഗ്രൗണ്ട് പൂൾ സംരക്ഷിക്കാൻ ഇപ്പോൾ വിലയേറിയ മാറ്റങ്ങൾ വരുത്തേണ്ടി വരും എന്നതൊരു വലിയ ആശങ്കയാണെന്നാണ് സുരക്ഷാ കമ്പനി ക്ലച്ചർ എൻഫാന്റ് സെക്യൂറിന്റെ പ്രസിഡന്റായ മാത്യു ലാലോണ്ടെയുടെ നിലപാട്.
പുതിയ നിയമപ്രകാരം, ക്യൂബെക്കിലെ എല്ലാ റെസിഡൻഷ്യൽ പൂൾ ഉടമകളും നിർബന്ധമായും പാലിക്കേണ്ട മാനദണ്ഡങ്ങളിൽ കുറഞ്ഞത് 1.2 മീറ്റർ ഉയരമുള്ള വേലികൾ, സുരക്ഷിതമായി സ്വയം അടയ്ക്കുന്ന ഗേറ്റുകൾ, കുളത്തിന്റെ സമീപത്ത് നിന്ന് കുറഞ്ഞത് ഒരു മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വൈദ്യുത ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്നു.
ഈ വ്യവസ്ഥകൾ പാലിക്കാതെ പോയാൽ ഉടമകളിൽ നിന്ന് 700-ൽ അധികം ഡോളർ പിഴ ചുമത്താനും തുടർന്നുള്ള ക്രമസമാധാന നടപടികൾ സ്വീകരിക്കാനും അധികാരികൾക്ക് അവകാശമുണ്ട്. സുരക്ഷയ്ക്ക് മുൻതൂക്കം നൽകുന്നതിന്റെ ഭാഗമായി ഈ നിയമം കർശനമായി പ്രാവർത്തികമാക്കാനാണ് പ്രവിശ്യയുടെ ശ്രമം.



