ടൊറന്റോ: ബ്രാംപ്ടണിൽ വീടിനുള്ളിൽ നവജാതശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ 23 വയസ്സുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രസവശേഷം കുഞ്ഞിന്റെ മൃതദേഹം ഒളിപ്പിച്ചുവെക്കാൻ ശ്രമിച്ചു എന്ന കുറ്റത്തിനാണ് യുവതിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് കെന്നഡി റോഡ് നോർത്ത്, വില്യംസ് പാർക്ക്വേ പ്രദേശത്തെ ഒരു വീട്ടിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ പോലീസ് സംഘം കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയും, വീട്ടിലുണ്ടായിരുന്ന യുവതിയെ സംഭവസ്ഥലത്തുനിന്ന് തന്നെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവരെ പിന്നീട് വിദഗ്ധ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും സംഭവസ്ഥലം ഇപ്പോൾ പൂർണ്ണമായും പോലീസിന്റെ നിരീക്ഷണത്തിലാണെന്നും പീൽ റീജിയണൽ പോലീസ് ആക്ടിങ് ഇൻസ്പെക്ടർ മാത്യു മില്ലർ അറിയിച്ചു.
അതേസമയം സംഭവം നടന്ന വീട്ടിൽ പത്ത് മുതൽ ഇരുപതോളം ആളുകൾ വരെ താമസിച്ചിരുന്നതായാണ് അയൽവാസികൾ നൽകുന്ന വിവരം. വീട്ടിലേക്ക് ആളുകൾ നിരന്തരം വരികയും പോവുകയും ചെയ്യാറുണ്ടായിരുന്നെന്നും, വീടിന്റെ ഗാരേജിൽ പോലും ആളുകൾ കിടന്നുറങ്ങാറുണ്ടായിരുന്നു എന്നും അയൽവാസികളിലൊരാൾ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് കേസിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്.
കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ വിഭാഗമാണ് നിലവിൽ ഈ കേസ് കൈകാര്യം ചെയ്യുന്നത്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവർ ഉടൻ തന്നെ പീൽ റീജിയണൽ പോലീസിനെയോ ക്രൈം സ്റ്റോപ്പേഴ്സിനെയോ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
Police provide new details on investigation after newborn found dead in Brampton home
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





