ടൊറന്റോ: അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾ പരിഹരിക്കാൻ കാനഡ ആഭ്യന്തരമായി കരുത്താർജ്ജിക്കണമെന്നും ചർച്ചകളിൽ കൂടുതൽ സ്വാധീനം ഉറപ്പാക്കണമെന്നും കൺസർവേറ്റീവ് പാർട്ടി നേതാവ് പിയറി പൊയിലീവ്രെ. വ്യാഴാഴ്ച ടൊറന്റോയിലെ ഇക്കണോമിക് ക്ലബ് ഓഫ് കാനഡയിൽ നടന്ന ചടങ്ങിൽ കാനഡ–യു.എസ്. ബന്ധങ്ങളെക്കുറിച്ചുള്ള തന്റെ നയരേഖ അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയുമായുള്ള വ്യാപാരയുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ അമേരിക്ക പകരക്കാരനായി ചൈനയെ കാണുന്നത് വലിയ പിഴവായിരിക്കുമെന്ന് പൊയിലീവ്രെ മുന്നറിയിപ്പ് നൽകി. കാനഡയുടെ സാമ്പത്തിക സുരക്ഷ അമേരിക്കയുമായുള്ള സ്ഥിരതയുള്ള ബന്ധത്തെ ആശ്രയിച്ചാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ചൈനയുമായി പുതിയ വ്യാപാര കരാറുകളിൽ ഒപ്പിട്ട പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നടപടിയെയും അദ്ദേഹം വിമർശിച്ചു. ചൈനയിൽ നിന്നുള്ള ഭീഷണികൾ നിലനിൽക്കെ ഇത്തരം നീക്കങ്ങൾ രാജ്യത്തിന് ദോഷകരമാകുമെന്നും, വിദേശ ഇടപെടലുകളെക്കുറിച്ചുള്ള ഹോഗ് റിപ്പോർട്ടിൽ ചൈനയെ പ്രധാന ഭീഷണിയായി അടയാളപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങളെയും പോയിലീവ്രെ നേരിട്ട് വിമർശിച്ചു. കാനഡയെ 51-ാമത്തെ സംസ്ഥാനമാക്കുമെന്ന ട്രംപിന്റെ പരാമർശങ്ങൾ അസ്വീകാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റീൽ, അലുമിനിയം മേഖലകളിലെ തീരുവകൾ ഒഴിവാക്കുക, കീസ്റ്റോൺ XL പൈപ്പ്ലൈൻ പുനരാരംഭിക്കുക എന്നിവയാണ് അമേരിക്കയുമായുള്ള ചർച്ചകളിൽ തന്റെ മുൻഗണനകളെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, രാഷ്ട്രീയമായ തിരിച്ചടികളും എം.പിമാരുടെ പാർട്ടി മാറ്റവും നേരിടുന്ന കൺസർവേറ്റീവ് പാർട്ടിക്ക്, വരാനിരിക്കുന്ന CUSMA വ്യാപാര കരാർ പുനഃപരിശോധന നിർണ്ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
Canada must become stronger; Pierre Poilivre clarifies policy on US relations



