ചിരിക്കാൻ വകതേടുന്നവർക്ക് ഇതാ ഒരു കിടിലൻ വിരുന്നെത്തിയിരിക്കുന്നു, ‘പെറ്റ് ഡിറ്റക്ടീവ്’! ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവർ വീണ്ടും ഒന്നിക്കുന്ന ഈ പക്കാ ഫൺ ചിത്രം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുമെന്ന് ഉറപ്പാണ്. ‘സിഐഡി മൂസ’ പോലുള്ള പഴയ സൂപ്പർഹിറ്റ് കോമഡി ചിത്രങ്ങളുടെ ഒരു പുതിയ രൂപമാണ് ജെൻ-സി (Gen Z) പ്രേക്ഷകർക്ക് വേണ്ടി സംവിധായകൻ പ്രനീഷ് വിജയൻ ഒരുക്കിയിരിക്കുന്നത്. ലോജിക്കിനെക്കുറിച്ചൊന്നും ആലോചിച്ച് തലപുണ്ണാക്കാതെ കുട്ടികൾക്കും കുടുംബങ്ങൾക്കും യുവാക്കൾക്കുമെല്ലാം ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന ഒരു എന്റർടെയ്നറാണിത്. ഷറഫുദ്ദീനും ഗോകുലം ഗോപാലനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ‘പ്രേമം’ വന്ന് പത്ത് വർഷത്തിന് ശേഷം ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ താരജോഡി വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഉണ്ട്.
ടോണി ആലുല എന്ന പ്രൈവറ്റ് ഡിറ്റക്ടീവായി ഷറഫുദ്ദീൻ തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കുന്നു. മെക്സിക്കോയിൽ നിന്ന് വന്ന അച്ഛന്റെ വഴി പിന്തുടർന്ന് കൊച്ചിയിൽ ഏജൻസി തുടങ്ങുന്ന ടോണി, ആദ്യം കാണാതായ വളർത്തു മൃഗങ്ങളെ തിരഞ്ഞ് നടക്കുകയായിരുന്നു. എന്നാൽ, കഥ പതിയെ കറങ്ങിത്തിരിഞ്ഞ് രാജ്യാന്തര കള്ളക്കടത്തുകാരുമായിട്ടുള്ള ഒരു വലിയ കുഴപ്പത്തിലേക്ക് എത്തുന്നു. പ്രണയിനി കൈകേയിയുടെ (അനുപമ പരമേശ്വരൻ) മനസ്സ് നേടാനും, അവളിൽ കണ്ണുള്ള എസ്ഐ രജതിനെ (വിനയ് ഫോർട്ട്) ഒതുക്കാനും ടോണി നടത്തുന്ന ശ്രമങ്ങൾ ചിരിയുടെ മാലപ്പടക്കമാണ് തീർക്കുന്നത്. വിനയ് ഫോർട്ട്, രഞ്ജി പണിക്കർ, വിജയരാഘവൻ, വിനായകൻ തുടങ്ങിയവരും കോമഡിയിൽ കസറുന്നുണ്ട്. സിനിമയുടെ രണ്ടാം പകുതിയിൽ ചിരിയുടെ വലിയൊരു വിസ്ഫോടനം സമ്മാനിക്കുന്നത് വിജയരാഘവന്റെ കഥാപാത്രമാണ്, അതിലൊരു സർപ്രൈസും ഒളിപ്പിച്ചിട്ടുണ്ട്!
സിനിമയുടെ കഥാഗതി ടോം ആൻഡ് ജെറി കാർട്ടൂൺ പോലെ മാറിമറിയുന്നതും, പല സിനിമകളുടെ റഫറൻസുകൾ ഉപയോഗിച്ചിരിക്കുന്നതും പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്. ‘വെട്ടം’ സിനിമയിലെ ഗോഡൗൺ രംഗങ്ങളെ ഓർമ്മിപ്പിക്കുന്ന, ചിരി മാത്രം നിറഞ്ഞ 20 മിനിറ്റോളം നീളുന്ന ക്ലൈമാക്സ് നടക്കുന്നത് വണ്ടർലയിൽ വച്ചാണ്. കാണാതാവുന്ന ഒരു പ്രമാദമായ വസ്തു പല കൈകളിലൂടെ മാറിമാറി ഒടുവിൽ കൃത്യ സ്ഥലത്തെത്തുന്നതുപോലെയുള്ള തമാശകൾ ഈ സിനിമയിലുണ്ട്. ഷറഫുദ്ദീൻ കോമഡിയും മാസ് രംഗങ്ങളും അനായാസം കൈകാര്യം ചെയ്യുമ്പോൾ, അനുപമ റൊമാൻസും ആക്ഷനും ഒരുപോലെ ഭംഗിയാക്കി.
ആകെയൊരുദ്ദേശ്യം പ്രേക്ഷകരെ രണ്ടു മണിക്കൂർ ചിരിപ്പിച്ച് രസിപ്പിക്കുക എന്നത് മാത്രമായതുകൊണ്ട് ലോജിക്കിനെ ചോദ്യം ചെയ്യാൻ നിൽക്കരുത്. കാരണം, ഇവിടെ ചിരിയാണ് മെയിൻ. ഒരു നിമിഷം പോലും ബോറടിക്കാതെ കണ്ട് ആസ്വദിക്കാവുന്ന ഈ ചിത്രത്തെ ഒരുപക്ഷേ 2025-ൽ ഇറങ്ങിയ ‘സിഐഡി മൂസ’ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
A burst of laughter! 'Pet Detective' has been released; you won't be bored for a single moment






