ടൊറന്റോ: കാനഡയിൽ നടന്ന പരിപാടിക്ക് മൂന്ന് മണിക്കൂർ വൈകിയെത്തിയ ബോളിവുഡ് താരം മാധുരി ദീക്ഷിതിനെതിരെയും സംഘാടകർക്കെതിരെയും സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം. ടിക്കറ്റെടുത്ത് എത്തിയ ആരാധകർ പരിപാടി ‘ഏറ്റവും മോശമായ ഷോ’ ആണെന്ന് വിശേഷിപ്പിക്കുകയും ടിക്കറ്റ് പണം തിരികെ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
വൈകിയെത്തിയ താരം; ആശയക്കുഴപ്പത്തിലായ ആരാധകർ:
യുഎസ്, കാനഡ പര്യടനത്തിന്റെ ഭാഗമായി ടൊറന്റോയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാൻ മാധുരി ദീക്ഷിത് മൂന്ന് മണിക്കൂറിലധികം വൈകിയാണ് എത്തിയത്. ടിക്കറ്റിൽ ഷോ തുടങ്ങേണ്ട സമയം വൈകുന്നേരം 7:30 എന്ന് രേഖപ്പെടുത്തിയിരുന്നെങ്കിലും താരം രാത്രി 10 മണിയോടെയാണ് വേദിയിലെത്തിയത്.
വൈകിയെത്തിയതിനേക്കാൾ ആരാധകരെ ചൊടിപ്പിച്ചത് പരിപാടിയുടെ രൂപമാണ്. നൃത്ത രാജ്ഞിയുടെ ഗംഭീര പ്രകടനം പ്രതീക്ഷിച്ചെത്തിയവർക്ക് നിരാശയായിരുന്നു ഫലം. ഇത് ഒരു ചാറ്റ് ഷോയുടെ രൂപത്തിലായിരുന്നു നടന്നത്. മാധുരിയുടെ പ്രകടനങ്ങൾ വളരെ കുറവായിരുന്നു. ചില പാട്ടുകൾക്ക് ഏതാനും നിമിഷങ്ങൾ മാത്രം ചുവടുവെച്ചാണ് താരം അവസാനിപ്പിച്ചത്. പലരും സമയം വൈകിയതിനെ തുടർന്നും അതൃപ്തി കാരണം ഷോ പൂർത്തിയാക്കാതെയും മടങ്ങിപ്പോയി.
സോഷ്യൽ മീഡിയയിൽ രോഷം:
പരിപാടിയുടെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് ഒരു ആരാധകൻ “ഈ രാതി ഒരു സമ്പൂർണ്ണ തട്ടിപ്പായിരുന്നു… ഇതിനാണ് ഇവർ പണം വാങ്ങുന്നത്?” എന്ന് കുറിച്ചതോടെ പ്രതിഷേധം ശക്തമായി. “ഇതായിരുന്നു കണ്ടതിൽ വെച്ച് ഏറ്റവും മോശം ഷോ. യാതൊരു ചിട്ടയുമില്ല. താരം വെറും രണ്ട് സെക്കൻഡ് മാത്രമാണ് ഓരോ പാട്ടിനും നൃത്തം ചെയ്തത്. നിരവധി പേർ ഇറങ്ങിപ്പോയി. എല്ലാവരും പണം തിരികെ നൽകാൻ വേണ്ടി ആവശ്യപ്പെടുന്നു,” ഒരു കമന്റിൽ ആരാധകൻ രേഖപ്പെടുത്തി.
പരിപാടിയുടെ പ്രചാരണത്തിൽ നൃത്തത്തിന്റെയും സംഗീതത്തിന്റെയും മറക്കാനാവാത്ത ആഘോഷമാണ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ, ഇത് ‘തെറ്റിദ്ധാരണ ഉണ്ടാക്കി’ എന്നും സംഘാടകർക്കെതിരെ കൺസ്യൂമർ പ്രൊട്ടക്ഷൻ ഒന്റാറിയോയ്ക്ക് പരാതി നൽകുമെന്നും ചിലർ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ മാധുരി ദീക്ഷിതോ, അവരുടെ ടീമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Madhuri Dixit Slammed For Arriving 3 Hours Late To Canada Event. People Demand Refunds, Call It “Worst Show Ever”



