കാനഡയിലെ ഗ്രാമീണ മേഖലകളിൽ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന താത്കാലിക വിദേശ തൊഴിലാളികളുടെ (ടി.എഫ്.ഡബ്ല്യു) പരിധി ഉയർത്താനുള്ള ഫെഡറൽ സർക്കാരിൻ്റെ ആനുകൂല്യം വേണ്ടെന്നുവെച്ച് പ്രിൻസ് എഡ്വേഡ് ഐലൻഡ് (പി.ഇ.ഐ). പ്രാദേശികമായി തൊഴിലാളി ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ പരിധി 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്താനായിരുന്നു കേന്ദ്ര സർക്കാർ നിർദേശം. എന്നാൽ, നിലവിൽ ഇത്തരമൊരു ഇളവിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് പ്രിൻസ് എഡ്വേഡ് ഐലൻഡ് ഭരണകൂടം. ഇതോടെ, കനേഡിയൻ അറ്റ്ലാന്റിക് മേഖലയിൽ കേന്ദ്ര നിർദേശം നിരസിച്ച ഏക പ്രവിശ്യയായി പി.ഇ.ഐ മാറി.
തൊഴിലുടമകളുടെ ആവശ്യങ്ങളും ലഭ്യമായ വിവരങ്ങളും വിശദമായി പരിശോധിച്ച ശേഷമാണ് ഇളവ് വേണ്ടെന്ന തീരുമാനത്തിലെത്തിയതെന്ന് പ്രവിശ്യാ സർക്കാർ വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ നിർദേശം നടപ്പാക്കിയിരുന്നെങ്കിൽ പ്രവിശ്യയിലെ 14 തൊഴിലുടമകൾക്കും പ്രധാനമായും ഹോസ്പിറ്റാലിറ്റി, ഫുഡ് സർവീസ് മേഖലകളിലെ 46 ഒഴിവുകൾക്കുമായിരുന്നു ഇതിന്റെ പ്രയോജനം ലഭിക്കേണ്ടിയിരുന്നത്. നിലവിലുള്ള പെർമനന്റ് ഇമിഗ്രേഷൻ വഴികളും പ്രാദേശിക റിക്രൂട്ട്മെന്റ് രീതികളും ഉപയോഗിച്ച് തന്നെ തൊഴിൽക്ഷാമം പരിഹരിക്കാനാണ് പ്രവിശ്യാ സർക്കാരിൻ്റെ നീക്കം.
എന്നാൽ, പ്രവിശ്യാ സർക്കാരിൻ്റെ ഈ തീരുമാനത്തിനെതിരെ വ്യാപാര സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. പ്രാദേശികമായി ആളുകൾ ജോലിക്ക് അപേക്ഷിക്കുന്നില്ലെന്നും, സ്ഥാപനങ്ങളുടെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ വിദേശ തൊഴിലാളികൾ അത്യാവശ്യമാണെന്നും കനേഡിയൻ ഫെഡറേഷൻ ഓഫ് ഇൻഡിപെൻഡന്റ് ബിസിനസ് (സി.എഫ്.ഐ.ബി) പ്രതികരിച്ചു. ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകളിൽ ആളുകളെ കിട്ടാനില്ലാത്ത സ്ഥിതിയാണെന്നും, ഉയർന്ന വേതനം വാഗ്ദാനം ചെയ്താൽ പോലും ഗ്രാമീണ മേഖലകളിലേക്ക് ചെറുപ്പക്കാർ ജോലിക്ക് വരാൻ തയ്യാറാകുന്നില്ലെന്നും സി.എഫ്.ഐ.ബി അറ്റ്ലാന്റിക് വൈസ് പ്രസിഡന്റ് ലൂയിസ് ഫിലിപ്പ് ഗോതിയർ ചൂണ്ടിക്കാട്ടി.
ടൂറിസം, സിഫുഡ് പ്രോസസിങ്, കൃഷി, റീട്ടെയിൽ എന്നീ മേഖലകളെയും ഈ തീരുമാനം പ്രതികൂലമായി ബാധിക്കുമെന്ന് സംരഭകരുടെ സംഘടനയായ ഗ്രേറ്റർ സമ്മർസൈഡ് ചേംബർ ഓഫ് കൊമേഴ്സും മുന്നറിയിപ്പ് നൽകുന്നു. വിദേശ തൊഴിലാളികളെ നിയമിക്കുന്നത് ചെലവേറിയ കാര്യമാണെന്നും, ഒരു തൊഴിലാളിയുടെ ലേബർ മാർക്കറ്റ് ഇംപാക്ട് അസസ്മെന്റിനായി (എൽ.എം.ഐ.എ) മാത്രം തൊഴിലുടമകൾ ആയിരം ഡോളർ വീതം ചെലവഴിക്കേണ്ടി വരുന്നുണ്ടെന്നും ഇവർ വ്യക്തമാക്കുന്നു. പ്രായമായവരുടെ എണ്ണം കൂടുന്നതും ഉൾനാടൻ മേഖലകളിലേക്ക് ജോലി ചെയ്യാൻ ആളുകൾ എത്താതുമാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.
അതേസമയം, പ്രവിശ്യാ സർക്കാരിൻ്റെ തീരുമാനത്തെ കുടിയേറ്റ തൊഴിലാളികൾക്കായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനകൾ സ്വാഗതം ചെയ്തു. കാനഡയിലെ താത്കാലിക വിദേശ തൊഴിലാളി പദ്ധതിയിൽ നിലനിൽക്കുന്ന ‘ക്ലോസ്ഡ് വർക്ക് പെർമിറ്റ്’ സംവിധാനം തൊഴിലാളികളെ ചൂഷണത്തിലേക്ക് തള്ളിവിടുന്നുണ്ടെന്ന് മൈഗ്രന്റ് വർക്കർ റിസോഴ്സ് സെന്റർ കോർഡിനേറ്റർ ജോ ബൈൺ പറഞ്ഞു. ചുരുങ്ങിയ മാസത്തെ ജോലിക്കായി വന്ന് പെട്ടെന്ന് ജോലി നഷ്ടപ്പെടുന്ന തൊഴിലാളികളുടെ അവസ്ഥ ദാരുണമാണെന്നും, തുറന്ന വർക്ക് പെർമിറ്റുകളും സ്ഥിരതാമസത്തിനുള്ള അവസരവും നൽകിയാൽ മാത്രമേ തൊഴിലാളികൾക്ക് സുരക്ഷിതമായി ഇവിടെ തുടരാൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
PEI rejects government proposal to not raise cap on temporary foreign workers in rural areas
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt








