സാസ്കറ്റൂൺ: സാസ്കറ്റൂണിലുള്ള റോയൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ രോഗി മരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി സുരക്ഷാ ഭീഷണിയുയർത്തുന്നു എന്ന ജീവനക്കാരുടെ പരാതിയെത്തുടർന്നാണ് സെക്യൂരിറ്റി ഗാർഡുകൾ വാർഡിലെത്തിയത്.
രോഗിയും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ വാക്കുതർക്കവും തുടർന്ന് ശാരീരികമായ ഏറ്റുമുട്ടലുമുണ്ടായതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇതിനിടെ രോഗി കുഴഞ്ഞുവീഴുകയും ബോധരഹിതനാവുകയുമായിരുന്നു. ഉടൻ തന്നെ മെഡിക്കൽ സംഘം എത്തി അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ സാസ്കറ്റൂൺ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ ‘സസ്കാച്ചവൻ ഹെൽത്ത് അതോറിറ്റി’ (SHA) ആഭ്യന്തര അന്വേഷണത്തിനും ഉത്തരവിട്ടു. ഇതൊരു അതീവ ഗൗരവകരമായ സംഭവമായാണ് കാണുന്നതെന്നും മരിച്ച രോഗിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഹെൽത്ത് അതോറിറ്റി പ്രസ്താവനയിൽ അറിയിച്ചു.
മരിച്ച വ്യക്തിയുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനായി ‘സാസ്കറ്റൂൺ ട്രൈബൽ കൗൺസിലുമായി’ (STC) ചേർന്ന് അധികൃതർ പ്രവർത്തിച്ചുവരികയാണ്. അന്വേഷണം പൂർത്തിയാകാതെ സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Patient dies at Saskatoon hospital following clash with security guards



