ഒട്ടാവ: ഒട്ടാവ-കാർലെറ്റൺ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് (OCDSB) പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ പ്രവിശ്യാ മേൽനോട്ടത്തിലാണ്. നാല് വർഷം തുടർച്ചയായി ബജറ്റിൽ deficit നേരിട്ടതിനെ തുടർന്നാണ് ഒന്റാറിയോ സർക്കാർ ഈ തീരുമാനമെടുത്തത്.
2024-25 സ്കൂൾ വർഷത്തിൽ 9.2 മില്യൺ ഡോളറിന്റെ നഷ്ടം പ്രതീക്ഷിച്ചതോടെയാണ് ജൂൺ 27-ന് OCDSB-യെ പ്രവിശ്യാ മേൽനോട്ടത്തിൽ കൊണ്ടുവന്നത്. റോബർട്ട് പ്ലാമണ്ടോൺ ആണ് പുതിയ സൂപ്പർവൈസർ. ബോർഡിന്റെ ഭരണം, ബജറ്റുകൾ, നയങ്ങൾ, പ്രവർത്തനങ്ങൾ എന്നിവയിൽ അദ്ദേഹത്തിന് പൂർണ്ണ അധികാരമുണ്ട്.
മുൻപ് തിരഞ്ഞെടുത്ത ഉദ്യോഗസ്ഥർക്ക് അവരുടെ ഇമെയിൽ അക്കൗണ്ടുകളും ഉപകരണങ്ങളും ഉപയോഗിക്കാൻ അനുവാദമില്ല. ബോർഡിന്റെ സാമ്പത്തിക, പ്രവർത്തന മാനേജ്‌മെന്റ് മേൽനോട്ടം വഹിക്കുക എന്നതാണ് പ്ലാമണ്ടോണിന്റെ ചുമതലയെന്ന് വിദ്യാഭ്യാസ മന്ത്രി പോൾ കലാൻഡ്ര OCDSB-യിലെ അധ്യാപകർക്കും ജീവനക്കാർക്കും രക്ഷിതാക്കൾക്കും അയച്ച കത്തിൽ വ്യക്തമാക്കി. “ബോർഡിന്റെ ബജറ്റ് സന്തുലിതമാക്കുക മാത്രമല്ല, ദീർഘകാല സ്ഥിരത ഉറപ്പാക്കുകയും ചെയ്യും. അതിലൂടെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സഹായം ലഭിക്കുന്നതിനായി ഫണ്ട് നേരിട്ട് ക്ലാസ് മുറികളിലേക്ക് എത്തുമെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.
അധ്യയന വർഷത്തിലെ മാറ്റങ്ങൾ
ഒമ്പതാം ക്ലാസ്, പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ഈ വർഷം പരീക്ഷകൾ നടത്തും.
ഇംഗ്ലീഷ്, ഫ്രഞ്ച് ഇമ്മേഴ്സൺ പ്രോഗ്രാമുകൾ സംയോജിപ്പിക്കാനും മിഡിൽ ഫ്രഞ്ച് ഇമ്മേഴ്സൺ ഒഴിവാക്കാനുമുള്ള ചർച്ചകളും പുരോഗമിക്കുകയാണ്.
പുതിയ സ്കൂൾ: റിവർസൈഡ് സൗത്തിൽ പുതിയ സെക്കൻഡറി സ്കൂൾ തുറന്നു. ഗ്രേഡ് 7 മുതൽ 12 വരെയുള്ള വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷ്, ഫ്രഞ്ച് ഇമ്മേഴ്സൺ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. ആദ്യവർഷം 699 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്.
റീസൈക്ലിംഗ്: സ്കൂളുകളിൽ പ്ലാസ്റ്റിക് റീസൈക്ലിംഗ് സേവനങ്ങൾ നിർത്തലാക്കി.
അതിനാൽ വിദ്യാർത്ഥികൾ അവരുടെ ഉച്ചഭക്ഷണ ശേഷം വരുന്ന മാലിന്യങ്ങൾ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് അധികൃതർ നിർദേശിച്ചു. ഇതിനെ “ബൂമറാംഗ് ലഞ്ച്” എന്നാണ് വിളിക്കുന്നത്. പുതിയ അധ്യയന വർഷം ആരംഭിച്ചിട്ടും OCDSB ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ പിനോ ബഫണോ സൂപ്പർവൈസർ റോബർട്ട് പ്ലാമണ്ടോണോ മാധ്യമങ്ങളെ കാണാൻ തയ്യാറായിട്ടില്ല.






