ഒട്ടാവ: കനേഡിയൻ പാർലമെൻ്റിലെ നാലാമത് ദേശീയ ഓണാഘോഷം ഇന്ന് (സെപ്റ്റംബർ 17) നടക്കും. ഇൻഡോ-കനേഡിയൻ കൗൺസിൽ ഫോർ ആർട്‌സ് ആൻഡ് കൾച്ചർ നൂറോളം മലയാളി സംഘടനകളുടെ സഹകരണത്തോടെയാണ് പാർലമെന്റിനോട് ചേർന്നുള്ള ജോൺ എ. മക്ഡൊണാൾഡ് ഹാളിലാണ് ഓണാഘോഷം ഒരുക്കുന്നത്. ഇത്തവണത്തെ ഓണാഘോഷത്തിലും ഭരണ, രാഷ്ട്രീയ, ഉദ്യോഗസ്ഥ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. പാർലമെൻ്റിലെ ഓണാഘോഷത്തിന് ആതിഥ്യംവഹിക്കുന്നത് ഇപ്രാവശ്യവും മൈക്കൽ ബാരറ്റ് എംപിയാണ്.
കാനഡയുടെ വിവിധ ഭാഗങ്ങളിൽ അഞ്ഞൂറിലേറെ പേർ പങ്കെടുക്കും. സുരക്ഷാകാരണങ്ങളാൽ റജിസ്‌റ്റർ ചെയ്തവർക്കു മാത്രമാണ് പ്രവേശനം.മാവേലി എഴുന്നള്ളിപ്പും ചെണ്ടമേളത്തോടെയുമാകും വൈകിട്ട് ആറരയോടെ ആഘോഷത്തിന് തുടക്കമാകുക. കേരളത്തിൽനിന്നു പ്രത്യേകമായി തയാറാക്കി എത്തിച്ച വേഷത്തിലാണ് മാവേലി എഴുന്നള്ളുക. തുടർന്ന് അതിഥികൾ ദീപം തെളിയിക്കും. രാഗമാലിക, ഡാൻസിങ് ഡിവാസ്, നൃത്യാഞ്ജലി, എസ്.ജി. എക്സ്‌പ്രഷൻസ്, ഭാരതി സ്‌കൂൾ ഓഫ് ഡാൻസ് എന്നിവരുടെ നൃത്തപരിപാടികളുമുണ്ടാകും. വിഭവസമൃദ്ധമായ ഓണസദ്യയോടെയാകും അതിഥികളും സംഘാടകരും പിരിയുക. ജയിംസ് ഓട്ടോ ഗ്രൂപ്പ് ഉടമ ബോബൻ ജയിംസാണ് മുഖ്യപ്രായോജകൻ.
നാലു വർഷം മുൻപാണ് ആദ്യമായി കാനഡയിൽ പാർലമെന്റിലെ ഓണാഘോഷത്തിന് തുടക്കംകുറിച്ചത്. കഴിഞ്ഞ മൂന്നുവർഷവും ശ്രദ്ധേയമായ രീതിയിൽ നടത്തിയ ഓണാഘോഷം കാനഡയിലുടനീളമുള്ള മലയാളി സംഘടനകളെയും സമൂഹത്തെയും ഒന്നിച്ചുകൂട്ടുന്ന വേദിയായി മാറിയതിന്റെ അഭിമാനത്തിലാണ് സംഘാടകസമിതി. മുൻവർഷങ്ങളിൽ പങ്കെടുത്തവരിൽ ഫെഡറൽ മന്ത്രി അനിത ആനന്ദ്, യൂക്കോൺ പ്രീമിയർ മലയാളിയായ രഞ്ജ് പിള്ള തുടങ്ങിയവർ ഉൾപ്പെടുന്നു. ഭരണ – പ്രതിപക്ഷ നേതൃനിരയിലെ മറ്റു പ്രമുഖരും പങ്കെടുത്തിട്ടുണ്ട്.
സംഘാടകസമിതിയിൽ ബിജു ജോർജ് ചെയറും റാം മതിലകത്ത് കൺവീനറും രേഖ സുധീഷ് ഇവൻ്റ് കോഓർഡിനേറ്ററും സതീഷ് ഗോപാലൻ, ടോമി കൊക്കാട്ട് എന്നിവർ കോ-ചെയർമാരുമാണ്. സുധീഷ് പണിക്കർ ഹോസ്‌പിറ്റാലിറ്റി ഓപ്പറേഷൻസിന്റെയും പ്രവീൺ വർക്കി കമ്യൂണിറ്റി ഔട്ട്റീച്ചിൻ്റെയും വിനോദ് ജോൺ മീഡിയയുടെയും ചുമതലകൾ ഏകോപിപ്പിക്കുന്നു. കേരളത്തിന്റെ തനത് ആഘോഷത്തിന് കനേഡിയൻ തലസ്‌ഥാനത്ത് ഒരിക്കൽക്കൂടി പൂക്കളമൊരുങ്ങുന്നതിലൂടെ മലയാളിസമൂഹത്തിൻ്റെ വർധിച്ചുവരുന്ന സാന്നിധ്യത്തിനു കൂടിയാണ് കളമൊരുങ്ങുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Onarao in Parliament today; Otava is loved by Malayalis






