ഒന്റാറിയോ: ഒന്റാറിയോ സ്റ്റുഡന്റ് അസിസ്റ്റൻസ് പ്രോഗ്രാമിൽ (OSAP) പ്രവിശ്യാ സർക്കാർ വരുത്തിയ മാറ്റങ്ങളിൽ പ്രതിഷേധിച്ച് ഒട്ടാവയിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾ ക്ലാസ് ബഹിഷ്കരിച്ചു. ചൊവ്വാഴ്ച കിഴക്കൻ ഒട്ടാവയിലെ സ്കൂളുകളിൽ നിന്നുള്ള നൂറുകണക്കിന് വിദ്യാർത്ഥികൾ പ്രാദേശിക എംപിപിയുടെ ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. പുതിയ പരിഷ്കാരം വിദ്യാർത്ഥികളെ വലിയ കടക്കെണിയിലേക്ക് തള്ളിവിടുമെന്നും ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരം ഇല്ലാതാക്കുമെന്നും പ്രതിഷേധക്കാർ ആരോപിച്ചു. പരിഷ്കാരം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട വിദ്യാർത്ഥികൾ വരും ദിവസങ്ങളിലും സമരം തുടരുമെന്ന് വ്യക്തമാക്കി.
നിലവിലെ ഒഎസ്എപി മാതൃകയിൽ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സാമ്പത്തിക സഹായത്തിന്റെ 85 ശതമാനവും തിരിച്ചടയ്ക്കേണ്ടാത്ത ഗ്രാന്റുകളായാണ് നൽകുന്നത്. ബാക്കി 15 ശതമാനം മാത്രമാണ് ലോണായി നൽകുക. എന്നാൽ സർക്കാരിന്റെ പുതിയ നിർദ്ദേശപ്രകാരം ഗ്രാന്റ് തുക 25 ശതമാനമായി കുറയ്ക്കുകയും തിരിച്ചടയ്ക്കേണ്ട ലോൺ തുക 75 ശതമാനമായി വർദ്ധിപ്പിക്കുകയും ചെയ്യും. ഈ മാറ്റം തങ്ങളെ സാമ്പത്തികമായി തകർക്കുമെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി.
ഒഎസ്എപി പദ്ധതി സുസ്ഥിരമായി മുന്നോട്ട് കൊണ്ടുപോകുന്നതിനാണ് പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയതെന്ന് കോളേജ്-യൂണിവേഴ്സിറ്റി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഈ സാമ്പത്തിക വർഷം 2.7 ബില്യൺ ഡോളർ ചെലവ് വരുന്ന പദ്ധതി, മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ 2029-ഓടെ 4 ബില്യൺ ഡോളറിന് മുകളിൽ എത്തിയേക്കുമെന്ന് മന്ത്രാലയം വിലയിരുത്തുന്നു. കുറഞ്ഞ വരുമാനമുള്ള വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീസ്, പുസ്തകങ്ങൾ എന്നിവയ്ക്കുള്ള സഹായം ഉറപ്പാക്കുന്ന ‘സ്റ്റുഡന്റ് ആക്സസ് ഗ്യാരന്റി’ നിലനിൽക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഗവൺമെന്റിന്റെ നീക്കം യുവാക്കളുടെ വിദ്യാഭ്യാസ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ഒട്ടാവ സൗത്ത് ലിബറൽ എംപിപി ജോൺ ഫ്രേസർ വിമർശിച്ചു. വിദ്യാഭ്യാസത്തിന് തടസ്സങ്ങൾ സൃഷ്ടിക്കുന്നതിന് പകരം അത് എളുപ്പമാക്കാനാണ് സർക്കാർ ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നത് വലിയ സാമ്പത്തിക ബാധ്യതയോടെയാകുമെന്ന് ഓർലിയൻസ് എൻഡിപി പ്രസിഡന്റ് മാസെൻ ഹുസൈനിയും ആശങ്ക പ്രകടിപ്പിച്ചു.
കൂടുതൽ വിദ്യാർത്ഥികൾ പദ്ധതിയുടെ ഭാഗമായതും സ്വകാര്യ കരിയർ കോളേജുകളിലെ വിദ്യാർത്ഥികൾക്ക് ഗ്രാന്റ് നൽകാനുള്ള ഫെഡറൽ ഗവൺമെന്റിന്റെ തീരുമാനവുമാണ് സാമ്പത്തിക സമ്മർദ്ദത്തിന് കാരണമായി മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്. ആരോഗ്യ മേഖലയിലെ വിദ്യാർത്ഥികൾക്കായി ‘ലേൺ ആൻഡ് സ്റ്റേ’ ഗ്രാന്റ് ഉൾപ്പെടെയുള്ള മറ്റ് സാമ്പത്തിക സഹായ പദ്ധതികൾ സർക്കാർ ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. എന്നാൽ തങ്ങളുടെ ഭാവി പദ്ധതികളെ പുതിയ പരിഷ്കാരം പ്രതികൂലമായി ബാധിക്കുമെന്ന ഉറച്ച നിലപാടിലാണ് വിദ്യാർത്ഥികൾ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
OSAP reform: Students boycott classes; Protests against provincial government intensify



