വേനൽച്ചൂടിൽ നിന്ന് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഒന്റാറിയോ മറ്റൊരു കടുത്ത ചൂടിന് തയാറെടുക്കുന്നു. ഇന്ന് (വ്യാഴം) രാവിലെ മുതൽ സൗത്ത് വെസ്റ്റേൺ ഒന്റാരിയോയിലെ പല മേഖലകളിലും കടുത്ത ചൂട് അനുഭവപ്പെടുമെന്ന് എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി. ടൊറന്റോ, ഹാമിൽട്ടൺ, ബർലിംഗ്ടൺ, ബ്രാൻറ്ഫോർഡ്, നയാഗ്ര വെള്ളച്ചാട്ടം, മിൽട്ടൺ, ഹാൾട്ടൺ ഹിൽസ്, സിക്സ് നേഷൻസ്, ഫ്ലാംബറോ, ഹാൾഡിമാൻഡ് കൗണ്ടി എന്നിവയുൾപ്പെടെ പ്രവിശ്യയുടെ വലിയൊരു ഭാഗത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
വ്യാഴാഴ്ച പകൽ താപനില 33°C വരെ ഉയരുമെങ്കിലും ഹ്യുമിഡിറ്റി കാരണം ഇത് 44°C ആയി അനുഭവപ്പെടും. രാത്രികാല താപനില 20°C-നും 23°C-നും ഇടയിലായിരിക്കും, ഇത് കാര്യമായ ആശ്വാസം നൽകില്ല. വെള്ളിയാഴ്ച താപനില 30°C ന് അടുത്ത് എത്തുകയും ഹ്യുമിഡിറ്റി മൂലമുള്ള അനുഭവ താപനില 40°C ന് അടുത്തെത്തുകയും ചെയ്യും. ചൂടും ഈർപ്പവും വെള്ളിയാഴ്ച വരെ തുടരുമെന്നും ഈ ഉഷ്ണതരംഗം വാരാന്ത്യത്തിലും തുടരാൻ സാധ്യതയുണ്ടെന്നും പരിസ്ഥിതി ഏജൻസി മുന്നറിയിപ്പ് നൽകുന്നു.
ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കാൻ ആരോഗ്യ ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. പ്രത്യേകിച്ച് പ്രായമായവർ, കുട്ടികൾ, ആരോഗ്യപ്രശ്നങ്ങളുള്ളവർ, വെളിയിൽ ജോലി ചെയ്യുന്നവർ, ഭവനരഹിതർ തുടങ്ങിയ ദുർബല വിഭാഗങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകണം. ഓക്കാനം, തലകറക്കം, കടുത്ത ക്ഷീണം, പേശിവലിവ്, ആശയക്കുഴപ്പം എന്നിവയാണ് ഹീറ്റ് എക്സ്ഹോസ്റ്റേഷന്റെ ലക്ഷണങ്ങൾ. ഉയർന്ന ശരീര താപനില, ചർമ്മം ചുവന്നുതുടുക്കുക, ബോധക്ഷയം എന്നിവ ഹീറ്റ് സ്ട്രോക്കിന്റെ ലക്ഷണങ്ങളാണ്. ഈ അവസ്ഥകളിൽ അടിയന്തര വൈദ്യസഹായം അത്യാവശ്യമാണ്.
സുരക്ഷിതമായിരിക്കാൻ പതിവായി വെള്ളം കുടിക്കാനും കൂടുതൽ ചൂടുള്ള സമയങ്ങളിൽ പുറത്തെ വ്യായാമങ്ങൾ ഒഴിവാക്കാനും കനം കുറഞ്ഞതും വായു കടക്കുന്നതുമായ വസ്ത്രങ്ങൾ ധരിക്കാനും താമസക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ലൈബ്രറികൾ, മ്യൂസിയങ്ങൾ, കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവയുൾപ്പെടെയുള്ള പ്രാദേശിക കൂളിംഗ് സെന്ററുകൾ വാട്ടർലൂ മേഖലയിൽ ഉടനീളം ചൂടിൽ നിന്ന് രക്ഷനേടാൻ തുറന്നിട്ടിട്ടുണ്ട്.
വളർത്തുമൃഗങ്ങളെ ചൂടിൽ നിന്ന് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വളർത്തുമൃഗ ഉടമകളെ പ്രത്യേകം ഓർമ്മിപ്പിക്കുന്നു. ചൂടുള്ള വാഹനങ്ങളിൽ അവയെ തനിച്ചാക്കി പോകരുത്, അതുപോലെ പുറത്ത് കളിക്കുന്ന സമയം പരിമിതപ്പെടുത്തുകയും വേണം. അമിതമായി കിതക്കുക, വായിൽ നിന്ന് ഉമിനീർ ഒലിക്കുക, തളർച്ച എന്നിവയെല്ലാം വളർത്തുമൃഗങ്ങൾക്ക് ചൂട് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളുടെ ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ, ഐസ് ഉപയോഗിക്കാതെ, തണുത്ത ടവലുകൾ ഉപയോഗിച്ച് അവയുടെ ശരീര താപനില ക്രമേണ കുറയ്ക്കാൻ മൃഗഡോക്ടർമാർ ശുപാർശ ചെയ്യുന്നു
Heat wave returns to Ontario; temperatures to 40 degrees!






