ഒന്റാരിയോ: ഒന്റാരിയോ പ്രൊവിൻഷ്യൽ പോലീസ് ഹൈവേ 17A-ൽ നടത്തിയ വാഹനപരിശോധനയെത്തുടർന്ന് മാനിറ്റോബ സ്വദേശിയായ 19-കാരനെതിരെ തിരിച്ചറിയൽ രേഖകൾ മോഷ്ടിച്ചതടക്കമുള്ള നിരവധി കുറ്റങ്ങൾ ചുമത്തി. ഹൈവേ ട്രാഫിക് നിയമലംഘനം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് പോലീസ് പടിഞ്ഞാറൻ ദിശയിലേക്ക് പോവുകയായിരുന്ന വാഹനം തടഞ്ഞത്. പരിശോധന വേളയിൽ ഡ്രൈവർക്ക് ലൈസൻസോ മറ്റ് തിരിച്ചറിയൽ രേഖകളോ ഹാജരാക്കാൻ സാധിച്ചില്ലെന്നും വ്യാജ പേരും ജനനതിയതിയുമാണ് നൽകിയതെന്നും OPP വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇതേത്തുടർന്ന് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് യുവാവിനെ അറസ്റ്റ് ചെയ്യുകയും വാഹനത്തിൽ പരിശോധന നടത്തുകയും ചെയ്തു.
പരിശോധനയിൽ മറ്റുള്ളവരുടെ പേരിലുള്ളതും മോഷണം പോയതുമായ നിരവധി ക്രെഡിറ്റ് കാർഡുകൾ കണ്ടെടുത്തു. ഡ്രൈവറുടെ ചിത്രമുള്ളതും എന്നാൽ വ്യത്യസ്ത പേരുകളിലുള്ളതുമായ രണ്ട് പ്രവിശ്യകളുടെ ഡ്രൈവിംഗ് ലൈസൻസുകളും പിടിച്ചെടുത്തതായി പോലീസ് വ്യക്തമാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബാരി, കാൽഗറി എന്നിവിടങ്ങളിൽ സ്വത്ത് സംബന്ധമായ കുറ്റകൃത്യങ്ങളിൽ ഇയാൾക്കെതിരെ വാറന്റുകൾ നിലവിലുണ്ടെന്ന് കണ്ടെത്തി. കൂടാതെ കാനഡ ബോർഡർ സർവീസസ് ഏജൻസി പുറപ്പെടുവിച്ച ഇമിഗ്രേഷൻ വാറന്റും ഇയാൾക്കെതിരെയുണ്ട്.
ആൾമാറാട്ടം, നീതിനിർവഹണം തടസ്സപ്പെടുത്തൽ, മോഷ്ടിച്ച വസ്തുക്കൾ കൈവശം വെക്കൽ തുടങ്ങി അഞ്ചോളം കുറ്റങ്ങളാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നത്. ഡ്രൈവിംഗ് ലൈസൻസ് ഹാജരാക്കാതിരിക്കുക, നമ്പറുകളിൽ വ്യക്തതയില്ലാത്ത നെയിംപ്ലേറ്റ് ഉപയോഗിക്കുക തുടങ്ങിയ നിയമലംഘനങ്ങളും ഇയാൾക്കെതിരെ രേഖപ്പെടുത്തിയിട്ടുണ്ട്. കെനോറയിലെ കോടതിയിൽ ഹാജരാക്കുന്നതുവരെ പ്രതിയെ കസ്റ്റഡിയിൽ സൂക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Ontario vehicle stop; 19-year-old Manitoba man arrested on multiple charges



