ടൊറന്റോ: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗബാധ വീണ്ടും പടർന്നുപിടിക്കുന്നതിനിടയിൽ കാനഡയിലും കടുത്ത ജാഗ്രതാ നിർദ്ദേശം. അടുത്തിടെ കിഴക്കൻ ആഫ്രിക്കയിൽ നിന്നും ഒന്റാറിയോയിൽ മടങ്ങിയെത്തിയ ഒരാൾക്ക് എബോള ബാധിച്ചതായി സംശയമുയർന്നതിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ നിലവിൽ കടുത്ത ഐസൊലേഷനിലും മെഡിക്കൽ നിരീക്ഷണത്തിലുമാക്കിയതായി ഒന്റാറിയോ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
കടുത്ത മുൻകരുതലിൽ ആരോഗ്യവകുപ്പ്
യാത്രാ പശ്ചാത്തലം കണക്കിലെടുത്ത്, മുൻകരുതൽ എന്ന നിലയിലാണ് എബോള ഉൾപ്പെടെയുള്ള മാരകമായ പകർച്ചവ്യാധികൾക്കായി ഇയാളെ പരിശോധനകൾക്ക് വിധേയനാക്കുന്നത്. രോഗലക്ഷണങ്ങൾ എന്തൊക്കെയാണെന്നോ, ഇയാൾ എപ്പോഴാണ് കാനഡയിൽ തിരിച്ചെത്തിയതെന്നോ ഉള്ള വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. നിലവിൽ പ്രവിശ്യയിൽ എബോള സ്ഥിരീകരിച്ചിട്ടില്ലെന്നും, രോഗവ്യാപനം തടയുന്നതിനുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ആശുപത്രിയിൽ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.
ആഫ്രിക്കയിൽ അടിയന്തരാവസ്ഥ; വാക്സിനില്ലാത്ത പുതിയ വില്ലൻ
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ എബോള പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് കാനഡയും ജാഗ്രതയിലായത്. ആഫ്രിക്കയിൽ ഇതിനകം തന്നെ 134 മരണങ്ങളും അഞ്ഞൂറിലധികം സംശയാസ്പദമായ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ‘ബുന്ദിബുഗ്യോ’ (Bundibugyo virus) എന്ന എബോള വകഭേദമാണ് ഇപ്പോൾ ആഫ്രിക്കയിൽ പടരുന്നത്. നിലവിൽ ഈ വകഭേദത്തിന് ഫലപ്രദമായ വാക്സിനുകൾ ലഭ്യമല്ല എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. രോഗവ്യാപനത്തിന്റെ വേഗത കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന (WHO) കഴിഞ്ഞ ദിവസം അന്താരാഷ്ട്ര പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
യാത്രാ വിലക്കുമായി കാനഡ
രോഗബാധിതരായ മനുഷ്യരുടെയോ മൃഗങ്ങളുടെയോ ശരീരസ്രവങ്ങളുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് എബോള പകരുന്നത്. വായുവിലൂടെയോ സാധാരണ സമ്പർക്കത്തിലൂടെയോ ഇത് പകരില്ല. കോംഗോയിലും ഉഗാണ്ടയിലുമായി ഏകദേശം 3,600 കനേഡിയൻ പൗരന്മാർ ഉണ്ടെന്നാണ് കണക്ക്. എന്നാൽ നിലവിൽ ആർക്കും രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഗ്ലോബൽ അഫയേഴ്സ് കാനഡ അറിയിച്ചു. ഇതിനിടെ, കോംഗോയിലെ കിഴക്കൻ പ്രവിശ്യകളായ ഇട്ടൂരി, വടക്കൻ കിവു എന്നിവിടങ്ങളിലേക്ക് കനേഡിയൻ പൗരന്മാർ യാത്ര ചെയ്യരുതെന്ന് സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
Ontario resident who recently travelled to East Africa being tested for Ebola virus
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





