ഒന്റാറിയോ :ഒന്റാറിയോ ഇമിഗ്രേഷൻ രംഗത്തെ വമ്പൻ കുതിച്ചുചാട്ടമായി ഏപ്രിൽ 8-ലെ പുതിയ നറുക്കെടുപ്പ് വിവരങ്ങൾ പുറത്തുവന്നു. ആകെ 1,828 ഉദ്യോഗാർത്ഥികൾക്കാണ് ഈ ഒറ്റദിവസം കൊണ്ട് പ്രവിശ്യാ സർക്കാർ സ്ഥിരതാമസത്തിനുള്ള ക്ഷണം അയച്ചിരിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തിൽ നടന്ന മൈനിംഗ് സെക്ടർ നറുക്കെടുപ്പിനെക്കാൾ ഇരട്ടിയിലധികം ആളുകൾക്ക് അവസരം നൽകിക്കൊണ്ട് ഒന്റാറിയോ തങ്ങളുടെ തൊഴിൽ ക്ഷാമം പരിഹരിക്കാൻ വലിയ നീക്കങ്ങളാണ് നടത്തുന്നത്.
പ്രധാനമായും നാല് വിഭാഗങ്ങളിലായാണ് നറുക്കെടുപ്പ് നടന്നത്. ഇതിൽ സിംഹഭാഗവും ലഭിച്ചത് ആരോഗ്യമേഖലയ്ക്കും ഏർലി ചൈൽഡ്ഹുഡ് എഡ്യൂക്കേഷനുമാണ്. ആകെ 1,635 പേർക്ക് ഈ വിഭാഗത്തിൽ നിന്ന് ക്ഷണം ലഭിച്ചു. നഴ്സിംഗ് മേഖലയിലുള്ളവർക്ക് വെറും 20 പോയിന്റ് എന്ന റെക്കോർഡ് കുറഞ്ഞ സ്കോറിലും ക്ഷണം ലഭിച്ചു എന്നത് വലിയൊരു പ്രത്യേകതയാണ്. രജിസ്റ്റർ ചെയ്ത നഴ്സുമാർ, നഴ്സിംഗ് അസിസ്റ്റന്റുമാർ, ഇസിഇ അധ്യാപകർ എന്നിവർക്കെല്ലാം ഇതിൽ മുൻഗണന ലഭിച്ചു.
ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള (Francophone) ഉദ്യോഗാർത്ഥികൾക്കായി 146 ക്ഷണങ്ങളാണ് നൽകിയത്. ഐടി വിദഗ്ധർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർ, വെൽഡർമാർ എന്നിങ്ങനെ 81-ഓളം വ്യത്യസ്ത തൊഴിൽ മേഖലകളിൽ നിന്നുള്ളവർക്ക് ഇതിലൂടെ അവസരം ലഭിച്ചു. കൂടാതെ ലാനാർക്ക്, ലീഡ്‌സ്, ഗ്രെൻവിൽ തുടങ്ങിയ ഗ്രാമീണ മേഖലകളുടെ വികസനം ലക്ഷ്യമിട്ടുള്ള റെഡി (REDI) പൈലറ്റ് പ്രോഗ്രാമിലൂടെ 32 പേരെയും തിരഞ്ഞെടുത്തു. പ്രവിശ്യയിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ 15 സ്പെഷ്യലിസ്റ്റ് ഡോക്ടർമാർക്കും ഫാമിലി ഫിസിഷ്യൻമാർക്കുമായി പ്രത്യേക ഡ്രോയും ഇത്തവണ ഉണ്ടായിരുന്നു.
ഈ നറുക്കെടുപ്പിലൂടെ ഐടിഎ (ITA) ലഭിച്ചവർ അപേക്ഷാ നടപടികളിൽ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. തൊളിലുടമകൾ 14 ദിവസത്തിനുള്ളിലും അപേക്ഷകർ 17 ദിവസത്തിനുള്ളിലും തങ്ങളുടെ ഭാഗം പൂർത്തിയാക്കി അപേക്ഷ സമർപ്പിക്കണം. ഒന്റാറിയോയുടെ ഈ നോമിനേഷൻ ലഭിക്കുന്നതോടെ എക്സ്പ്രസ് എൻട്രി സ്കോറിൽ 600 പോയിന്റ് അധികമായി ലഭിക്കുമെന്നതിനാൽ അപേക്ഷകരുടെ പിആർ സ്വപ്നങ്ങൾ ഏതാണ്ട് ഉറപ്പാകുകയാണ്. ആരോഗ്യമേഖലയിലെ കടുത്ത ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ ഒന്റാറിയോ ഇനിയും സമാനമായ നറുക്കെടുപ്പുകൾ തുടരാനാണ് സാധ്യത.
Ontario OINP Draws On April 8




