ടൊറന്റോ: ഒന്റാറിയോയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വർഷങ്ങളായി നിലനിന്നിരുന്ന ട്യൂഷൻ ഫീസ് നിയന്ത്രണം നീക്കാൻ പ്രവിശ്യാ സർക്കാർ തീരുമാനിച്ചു. ഇതനുസരിച്ച് അടുത്ത മൂന്ന് വർഷത്തേക്ക് പ്രതിവർഷം രണ്ട് ശതമാനം വരെ ഫീസ് വർദ്ധിപ്പിക്കാൻ കോളേജുകൾക്കും സർവ്വകലാശാലകൾക്കും അനുമതി നൽകുമെന്ന് കോളേജ്-യൂണിവേഴ്സിറ്റി മന്ത്രി നോളൻ ക്വിൻ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി നാല് വർഷത്തേക്ക് 6.4 ബില്യൺ ഡോളറിന്റെ പുതിയ ഫണ്ടിംഗ് മാതൃകയും സർക്കാർ പ്രഖ്യാപിച്ചു.
ഒന്റാറിയോ സ്റ്റുഡന്റ് അസിസ്റ്റൻസ് പ്രോഗ്രാമിന്റെ (OSAP) ഗ്രാന്റ് ഘടനയിൽ സർക്കാർ വരുത്തിയ മാറ്റങ്ങൾ വിദ്യാർത്ഥികൾക്ക് തിരിച്ചടിയാകും. നിലവിൽ ലഭിക്കുന്ന ധനസഹായത്തിന്റെ 85 ശതമാനം വരെ തിരിച്ചടയ്ക്കേണ്ടാത്ത ഗ്രാന്റുകളായി ലഭിക്കുമായിരുന്നെങ്കിൽ, പുതിയ മാറ്റത്തോടെ ഇത് പരമാവധി 25 ശതമാനമായി ചുരുങ്ങും. ബാക്കി 75 ശതമാനം തുക തിരിച്ചടയ്ക്കേണ്ട വായ്പകളായി മാത്രമേ അനുവദിക്കൂ. കുറഞ്ഞ വരുമാനമുള്ള വിദ്യാർത്ഥികളുടെ കടബാധ്യത വർദ്ധിപ്പിക്കാൻ ഈ നീക്കം കാരണമാകുമെന്ന് വിദ്യാർത്ഥി സംഘടനകൾ വിലയിരുത്തുന്നു.
വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഫെഡറൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണവും കുറഞ്ഞ ഫണ്ടിംഗും മൂലം വിദ്യാഭ്യാസ മേഖല നേരിടുന്ന അസ്ഥിരത പരിഹരിക്കാനാണ് ഈ നടപടിയെന്ന് മന്ത്രി നോളൻ ക്വിൻ വ്യക്തമാക്കി. പുതിയ പദ്ധതി പ്രകാരം തൊഴിൽസാധ്യതയുള്ള കോഴ്സുകളിൽ 70,000 അധിക സീറ്റുകൾ അനുവദിക്കും. എന്നാൽ സർക്കാരിന്റെ ഈ പ്രഖ്യാപനം വൈകിപ്പോയെന്നും ഇതിനകം തന്നെ പതിനായിരത്തോളം ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടതായും പ്രതിപക്ഷ പാർട്ടികളും യൂണിയനുകളും ആരോപിച്ചു.
പുതിയ ഫണ്ടിംഗ് സംവിധാനം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലനിൽപ്പിന് സഹായകരമാകുമെന്ന് കൗൺസിൽ ഓഫ് ഒന്റാറിയോ യൂണിവേഴ്സിറ്റീസ് അറിയിച്ചു. 2026-27 അധ്യയന വർഷം മുതലാണ് ഫീസ് വർദ്ധനവ് പ്രാബല്യത്തിൽ വരിക. മൂന്ന് വർഷത്തിന് ശേഷം ട്യൂഷൻ ഫീസ് വർദ്ധനവ് രണ്ട് ശതമാനമോ പണപ്പെരുപ്പ നിരക്കോ, ഇതിൽ ഏതാണോ കുറവ് എന്നതിലേക്ക് പരിമിതപ്പെടുത്തുമെന്നും സർക്കാർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Ontario increases tuition fees; government cuts student financial aid



