ടൊറന്റോ: 2025-26 കാലയളവിൽ രണ്ട് പരസ്യ പ്രചാരണങ്ങൾക്കായി ഒന്റാറിയോയിലെ ഡഗ് ഫോർഡ് സർക്കാർ ചെലവഴിച്ചത് ഏകദേശം 46 മില്യൺ ഡോളർ ആണെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. സി.ബി.സി ടൊറന്റോ വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖകളിലാണ് ഈ വൻ തുകയുടെ കണക്കുകൾ പുറത്തുവന്നത്. 2025 വസന്തകാലം മുതൽ 2026 ജൂലൈ വരെയുള്ള കാലയളവിൽ വിവിധ സമൂഹമാധ്യമങ്ങളിലും വീഡിയോ പ്ലാറ്റ്ഫോമുകളിലുമായി നൽകിയ പരസ്യങ്ങൾക്കാണ് ഇത്രയും തുക ചെലവഴിച്ചത്.
ജീവിതച്ചെലവ് നിയന്ത്രണവും ‘പ്രൊട്ടക്ട് ഒന്റാറിയോ’ പ്രചാരണവും ഉൾപ്പെടുന്ന പരസ്യങ്ങൾക്കായി 30,984,284.41 ഡോളറാണ് സർക്കാർ ചെലവഴിച്ചത്. ഗൂഗിൾ, ഫേസ്ബുക്ക് എന്നീ പ്ലാറ്റ്ഫോമുകൾക്കും പബ്ലിസിസ് കാനഡ, എസെൻസ് മീഡിയാകോം എന്നീ പരസ്യ ഏജൻസികൾക്കുമാണ് ഇതിൽ കോടിക്കണക്കിന് ഡോളർ നൽകിയിരിക്കുന്നത്. ഇതിനുപുറമെ, കാട്ടുതീയും വെള്ളപ്പൊക്കവും പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ പ്രാദേശിക സമൂഹങ്ങളെ സഹായിക്കുന്ന സന്നദ്ധപ്രവർത്തകരുടെ ശൃംഖലയായ ‘ഒന്റാറിയോ കോർപ്സിന്റെ’ പരസ്യങ്ങൾക്കായി 1.5 കോടി ഡോളർ ചെലവഴിക്കാനും അനുമതി നൽകിയിരുന്നു.
മത്സരക്ഷമവും കരുത്തുറ്റതും സ്വയംപര്യാപ്തവുമായ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാൻ ഒന്റാറിയോ നടത്തുന്ന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള പ്രധാന ഉപാധിയാണ് സർക്കാർ പരസ്യങ്ങളെന്ന് അടിയന്തര തയ്യാറെടുപ്പ് മന്ത്രാലയ വക്താവ് ജോസഫ് ഡി ആഞ്ചലോ പ്രതികരിച്ചു. ഒന്റാറിയോ കോർപ്സ് പരസ്യങ്ങളിലൂടെ സന്നദ്ധപ്രവർത്തകരുടെ രജിസ്ട്രേഷനിൽ 200 ശതമാനത്തിലധികം വർധനവുണ്ടായതായും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, രജിസ്ട്രേഷൻ വർധിച്ചത് ഈ പരസ്യങ്ങൾ കാരണം മാത്രമാണെന്ന് എങ്ങനെയാണ് വിലയിരുത്തിയതെന്ന സി.ബി.സിയുടെ ചോദ്യത്തിന് മന്ത്രാലയം വ്യക്തത നൽകിയിട്ടില്ല.
അതേസമയം, ജീവിതച്ചെലവ് വർധനവിൽ ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ ഇത്രയും വലിയ തുക പരസ്യങ്ങൾക്കായി ചെലവഴിക്കുന്നത് അതിരുകടന്ന നടപടിയാണെന്ന് ഒന്റാറിയോ എൻ.ഡി.പി നേതാവ് മാരിറ്റ് സ്റ്റൈൽസ് വിമർശിച്ചു. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പകരം, സർക്കാർ എന്തോ വലിയ കാര്യം ചെയ്യുന്നുവെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് അവർ ആരോപിച്ചു. കാട്ടുതീയും വെള്ളപ്പൊക്കവും ഉണ്ടായപ്പോൾ നേരിട്ട് ഇടപെട്ട് സഹായിക്കുന്നതിന് പകരം പരസ്യം നൽകുകയാണ് സർക്കാർ ചെയ്തതെന്നും, ഡഗ് ഫോർഡ് നികുതിദായകരുടെ പണം സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് ഇടക്കാല ലിബറൽ പാർട്ടി നേതാവ് ജോൺ ഫ്രേസറും കുറ്റപ്പെടുത്തി.
Also Read: കാനഡ-യുഎസ് വ്യാപാര കരാറിൽ ഓട്ടോ സെക്ടറിന് മുൻഗണന വേണം; പ്രധാനമന്ത്രി മാർക്ക് കാർണി
മുൻ ലിബറൽ സർക്കാരിന്റെ കാലത്ത് 2015-ലാണ് സർക്കാർ പരസ്യങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്. ഇത് സർക്കാരിന്റെ സ്വയം പുകഴ്ത്തൽ പരസ്യങ്ങൾക്ക് വഴിതുറക്കുമെന്ന് അന്നത്തെ ഓഡിറ്റർ ജനറൽ ബോണി ലിസിക് മുന്നറിയിപ്പ് നൽകിയിരുന്നു. 2018-ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അധികാരത്തിലെത്തിയാൽ ഈ നിയമങ്ങൾ പഴയപടിയാക്കുമെന്ന് ഡഗ് ഫോർഡ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും, ഇതുവരെ യാതൊരു മാറ്റവും വരുത്തിയിട്ടില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





