കാനഡയിൽ നിന്നും ആയിരക്കണക്കിന് ഉപയോഗിച്ച വാഹനങ്ങൾ കയറ്റി അയച്ചിട്ടുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഒന്റാരിയോയിലെ ഒരു ബിസിനസുകാരന് കാനഡ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ) 36.9 മില്യൺ ഡോളർ (ഏകദേശം 304 കോടിയിലധികം ഇന്ത്യൻ രൂപ) പിഴ ചുമത്തി. 2,300-ൽ അധികം ഉപയോഗിച്ച വാഹനങ്ങൾ കയറ്റുമതി ചെയ്ത വിവരം മറച്ചുവെച്ചതിനാണ് ഇത്രയും വലിയ പിഴ ലഭിച്ചത്.
ഈ ബിസിനസുകാരൻ ഉപയോഗിച്ച നിരവധി വാഹനങ്ങൾ കാനഡയിൽ നിന്ന് പശ്ചിമ ആഫ്രിക്കയിലേക്ക് അയച്ചു. എന്നാൽ, നിയമപ്രകാരം നിർബന്ധമായും സമർപ്പിക്കേണ്ട കയറ്റുമതി പ്രഖ്യാപന രേഖകൾ (Export Declarations) അദ്ദേഹം സമർപ്പിച്ചില്ല. അതായത്, എത്ര വാഹനങ്ങൾ എവിടേക്ക് അയക്കുന്നു എന്നുള്ള വിവരങ്ങൾ കാനഡ ബോർഡർ സർവീസസ് ഏജൻസിയെ (CBSA) അറിയിക്കാതെയാണ് ഇയാൾ കയറ്റുമതി നടത്തിയത്.ഈ ഗുരുതരമായ നിയമലംഘനം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാമ് 2021-ൽ അന്വേഷണം ആരംഭിച്ചത്.
സിബിഎസ്എയുടെ ഹാലിഫാക്സിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് വിഭാഗം നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി, 2023 ജൂലൈയിൽ ലണ്ടനിൽ രണ്ട് സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. ബിസിനസ്, സാമ്പത്തിക രേഖകൾ, വാഹനങ്ങളുടെ ഉടമസ്ഥാവകാശ രേഖകൾ (വാഹൻ ടൈറ്റിലുകൾ), വിൽപന ബില്ലുകൾ, ബോക്സുകളിലാക്കിയ ഡോക്യുമെന്റുകൾ, കമ്പ്യൂട്ടറുകൾ, സെൽ ഫോണുകൾ, സിം കാർഡുകൾ എന്നിവ ഉൾപ്പെടെയുള്ള നിരവധി സാധനങ്ങളാണ് സിബിഎസ്എ ഏജന്റുമാർ റെയ്ഡിൽ പിടിച്ചെടുത്തത്.
കയറ്റുമതി സംബന്ധിച്ച 750,000-ത്തിലധികം രേഖകൾ വിശദമായി പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്തതിന് ശേഷമാണ് സിബിഎസ്എ കുറ്റാരോപിതനായ ബിസിനസുകാരന് നോട്ടീസ് നൽകിയത്. ‘കസ്റ്റംസ് ആക്ടിന്റെ’ (Customs Act) സെക്ഷൻ 95 പ്രകാരം കയറ്റുമതി ചെയ്ത വസ്തുക്കളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാത്തതിന്റെ പേരിലുള്ള ‘നോട്ടീസ് ഓഫ് അസെർട്ടൈൻഡ് ഫോർഫിറ്റ്ചർ’ (Notice of Ascertained Forfeiture) ആണ് ഇദ്ദേഹത്തിന് കൈമാറിയത്.
കയറ്റുമതി ചെയ്ത വാഹനങ്ങളുടെ മുഴുവൻ മൂല്യത്തിന് തുല്യമായ തുകയാണ് പിഴയായി ചുമത്തിയിട്ടുള്ളതെന്ന് ഫെഡറൽ ഏജൻസി വ്യക്തമാക്കി. സിബിഎസ്എയുടെ അറ്റ്‌ലാന്റിക് റീജിയണൽ ഡയറക്ടർ ജനറൽ ഡൊമിനിക് മലറ്റ് പ്രസ്താവനയിൽ പറഞ്ഞു: ഈ അന്വേഷണത്തിന്റെ ഫലമായി ചുമത്തിയ കോടിക്കണക്കിന് ഡോളറിന്റെ പിഴ, നിർബന്ധിത റിപ്പോർട്ടിംഗ് ആവശ്യകതകളും കനേഡിയൻ നിയമങ്ങളും പാലിക്കാത്ത വാണിജ്യ കയറ്റുമതിക്കാർക്ക് നൽകുന്ന ശക്തമായ ഒരു ഓർമ്മപ്പെടുത്തലാണ്. അവർക്ക് അവരുടെ നിയമലംഘനങ്ങൾക്ക് ഉത്തരം പറയേണ്ടതായി വരുമെന്നും അദ്ദേഹം പറഞ്ഞു.
ontario-business-owner-served-with-a-369m-penalty-for-failing-to-declare-thousands-of-exported-vehicles
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






