ഒന്റാറിയോ : 2026-27 സാമ്പത്തിക വർഷത്തിൽ 13.8 ബില്യൺ ഡോളർ കമ്മി പ്രതീക്ഷിക്കുന്ന 244.2 ബില്യൺ ഡോളറിന്റെ ബജറ്റാണ് ഒന്റാറിയോ സർക്കാർ പുറത്തിറക്കിയത്. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും ഒന്റാറിയോയെ G7 രാജ്യങ്ങളിലെ ഏറ്റവും കരുത്തുറ്റ സമ്പദ്വ്യവസ്ഥയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി പീറ്റർ ബെത്ലൻഫാൽവി വ്യക്തമാക്കി. പുതിയ വീട് വാങ്ങുന്നവർക്ക് HST ഇനത്തിൽ 130,000 ഡോളർ വരെ ഇളവ് നൽകുന്ന താൽക്കാലിക പദ്ധതി ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. 1.5 മില്യൺ ഡോളർ വരെ വിലയുള്ള വീടുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുകയെന്നും ഇതിലൂടെ ഭവന നിർമ്മാണ മേഖലയിൽ ഉണർവുണ്ടാകുമെന്നും സർക്കാർ വിലയിരുത്തുന്നു.
ചെറുകിട വ്യവസായങ്ങൾക്കുള്ള കോർപ്പറേറ്റ് ആദായനികുതി 3.2 ശതമാനത്തിൽ നിന്ന് 2.2 ശതമാനമായി കുറയ്ക്കാൻ ബജറ്റിൽ ശുപാർശയുണ്ട്. 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ മാറ്റത്തിലൂടെ 375,000 ചെറുകിട സ്ഥാപനങ്ങൾക്ക് പ്രതിവർഷം ശരാശരി 5,000 ഡോളറിന്റെ ലാഭമുണ്ടാകുമെന്ന് സർക്കാർ അറിയിച്ചു. കൂടാതെ, പൊതുഗതാഗത സംവിധാനങ്ങളായ TTC, GO Transit എന്നിവയിൽ ഒരൊറ്റ നിരക്കിൽ യാത്ര ചെയ്യാവുന്ന ‘വൺ ഫെയർ’ (One Fare) പദ്ധതി രണ്ട് വർഷത്തേക്ക് കൂടി നീട്ടി. ഇതുവഴി സ്ഥിരം യാത്രക്കാർക്ക് പ്രതിവർഷം 1,600 ഡോളർ വരെ ലാഭിക്കാനാകുമെന്നാണ് കണക്കാക്കുന്നത്.
വിദ്യാഭ്യാസ മേഖലയിൽ എലമെന്ററി അധ്യാപകർക്കായി 750 ഡോളറിന്റെ ‘ക്ലാസ്റൂം സപ്ലൈസ് കാർഡ്’ പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു. അധ്യാപകർ സ്വന്തം കൈയ്യിൽ നിന്ന് പണമെടുത്ത് പഠനോപകരണങ്ങൾ വാങ്ങുന്നത് ഒഴിവാക്കാൻ ഈ പദ്ധതി സഹായിക്കും. വിനോദ മേഖലയിലെ ടിക്കറ്റ് കരിഞ്ചന്ത തടയുന്നതിനായി, കച്ചേരികളുടെയും കായിക മത്സരങ്ങളുടെയും ടിക്കറ്റുകൾ അസ്സൽ വിലയേക്കാൾ കൂടുതൽ തുകയ്ക്ക് മറിച്ചുവിൽക്കുന്നത് നിരോധിക്കാനും സർക്കാർ തീരുമാനിച്ചു. ഈ വർഷം ടൊറന്റോയിൽ നടക്കുന്ന ഫിഫ ലോകകപ്പിന് മുന്നോടിയായി ഈ നിയമം നടപ്പിലാക്കുമെന്ന് ബജറ്റ് രേഖകൾ വ്യക്തമാക്കുന്നു.
Ontario Budget 2026: Tax cuts and new economic policies announced
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



