കാനഡയിൽ കസ്റ്റമേഴ്സ് റെഡി മെയ്ഡ് ഭക്ഷണങ്ങളിലേക്ക് മാറുന്നു
കനേഡിയൻ ഗ്രോസറി കമ്പനികൾ റെഡി-മെയ്ഡ് ഭക്ഷണ വിപണിയിൽ കൂടുതൽ നിക്ഷേപം നടത്തികൊണ്ടിരിക്കുകയാണ്. സമയലാഭവും ചെലവ് കുറവും ഒരുമിച്ച് ലഭിക്കുന്ന ഭക്ഷണ ഓപ്ഷനുകൾക്കായുള്ള ഉപഭോക്താക്കളുടെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനാണ് ഈ നീക്കം. നിരന്തരമായ പണപ്പെരുപ്പവും ജീവിതച്ചെലവ് വർധനവും കാരണം കനേഡിയൻ ജനത വിലകുറഞ്ഞതും എന്നാൽ ഗുണനിലവാരമുള്ളതുമായ ഭക്ഷണ വിഭവങ്ങൾ തേടുന്നു.
കഴിഞ്ഞ വർഷം കനേഡിയൻ ജനസംഖ്യയുടെ 92 ശതമാനം പേരും ഗ്രോസറി സ്റ്റോറുകളിൽ നിന്ന് ഒരു നേരത്തെ ഭക്ഷണമെങ്കിലും വാങ്ങിയിട്ടുണ്ട്. ഇത് വിപണിയിലെ ഈ മേഖലയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. ഉപഭോക്താക്കൾ ശരാശരി 8.55 ഡോളർ ഒരു ഭക്ഷണത്തിന് ചെലവഴിക്കുന്നു, ഇത് പുറത്ത് കഴിക്കുന്നതിനേക്കാൾ വളരെ കുറവാണ്. കൂടാതെ ടിപ്പിംഗ് ആവശ്യമില്ലാത്തതും ഗ്രോസറി വഴിയുള്ള ഭക്ഷണ വാങ്ങലിന്റെ ആകർഷണം വർധിപ്പിക്കുന്നു. 2024-ൽ റെഡി-മെയ്ഡ് ഭക്ഷണ വിൽപ്പന 3.6 ബില്യൺ ഡോളറിലെത്തി, ആകെ 420 ദശലക്ഷം ഭക്ഷണങ്ങൾ വിറ്റഴിക്കപ്പെട്ടു.
വരും വർഷങ്ങളിൽ കൂടുതൽ സാങ്കേതിക നവീകരണങ്ങളും ഭക്ഷണ വൈവിധ്യങ്ങളും ഈ മേഖലയിൽ പ്രതീക്ഷിക്കുന്നു. പ്രാദേശിക വിഭവങ്ങൾ, ഓർഗാനിക് ഓപ്ഷനുകൾ, പ്രത്യേക ഡയറ്റുകൾക്കനുസരിച്ചുള്ള ഭക്ഷണങ്ങൾ എന്നിവ കൂടുതൽ പ്രചാരത്തിലാകുമെന്ന് വിദഗ്ധർ പ്രവചിക്കുന്നു. ഗ്രോസറി കമ്പനികളും റെസ്റ്റോറന്റുകളും തമ്മിലുള്ള അതിരുകൾ കൂടുതൽ മങ്ങുന്നതോടെ ഉപഭോക്താക്കൾക്ക് കൂടുതൽ ഗുണകരമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം.



