ഒട്ടാവ: കാനഡയിൽ സുരക്ഷാ അനുമതിയില്ലാത്ത പെപ്റ്റൈഡ് മരുന്നുകൾ വെബ്‌സൈറ്റുകളിലൂടെ ഓൺലൈനായി വിറ്റഴിച്ച കമ്പനിക്കെതിരെ വിലക്കേർപ്പെടുത്തി ഫെഡറൽ കോടതി. ക്യുബെക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘കാൻലാബ് റിസർച്ച്’ എന്ന ഓൺലൈൻ റീട്ടെയിലർ സ്ഥാപനത്തിനെതിരെയാണ് ഹെൽത്ത് കാനഡ നൽകിയ ഹർജിയിൽ കോടതി ശക്തമായ നടപടി സ്വീകരിച്ചത്. ആരോഗ്യ മന്ത്രാലയം പലതവണ നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും നൽകിയിട്ടും വിലക്ക് നേരിടുന്ന ഉൽപ്പന്നങ്ങളുടെ വിൽപ്പന തുടർന്ന സാഹചര്യത്തിലാണ് സർക്കാരിന് അനുകൂലമായി കോടതി ഉത്തരവിറക്കിയത്.
കോടതി ഉത്തരവ് പ്രകാരം കാൻലാബ് റിസർച്ചിനും കമ്പനിയുടെ പ്രതിനിധികൾക്കും ഇനിമുതൽ ഇത്തരം മരുന്നുകൾ നിർമ്മിക്കാനോ, പരീക്ഷിക്കാനോ, വിതരണം ചെയ്യാനോ, വിൽക്കാനോ സാധിക്കില്ല. കൂടാതെ വെബ്‌സൈറ്റുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി ഇത്തരം ഉൽപ്പന്നങ്ങൾ കാനഡയിൽ പരസ്യം ചെയ്യുന്നതിനും പൂർണ്ണ നിരോധനമുണ്ട്. സൗന്ദര്യവർദ്ധനവിനും ബോഡി ബിൽഡിംഗിനുമായി ആളുകൾ വ്യാപകമായി ഉപയോഗിക്കുന്ന ഇത്തരം ഇൻജെക്ടബിൾ പെപ്റ്റൈഡ് മരുന്നുകൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി 2023 ഡിസംബറിലും ഈ വർഷം ഏപ്രിലിലും ഹെൽത്ത് കാനഡ ഉപഭോക്താക്കൾക്ക് പൊതു മുന്നറിയിപ്പ് നൽകിയിരുന്നു.
കാനഡയിൽ പെപ്റ്റൈഡ് മരുന്നുകൾ ഡോക്ടറുടെ പ്രിസ്ക്രിപ്ഷനോടെ മാത്രം നൽകേണ്ട വിഭാഗത്തിൽപ്പെട്ടതായതിനാൽ ഇവ വിപണിയിലെത്തിക്കാൻ ഹെൽത്ത് കാനഡയുടെ പ്രത്യേക അംഗീകാരം നിർബന്ധമാണ്. അംഗീകാരമില്ലാത്ത ഇത്തരം മരുന്നുകളുടെ ഉപയോഗം കരൾ, വൃക്ക രോഗങ്ങൾക്കും, ഹോർമോൺ വ്യതിയാനങ്ങൾക്കും, കാൻസർ ട്യൂമറുകളുടെ വളർച്ചയ്ക്കും കാരണമാകാമെന്ന് അധികൃതർ വ്യക്തമാക്കി. വിപണിയിൽ ലഭിക്കുന്ന മരുന്നുകൾക്ക് അംഗീകാരമുണ്ടോ എന്നറിയാൻ എട്ടക്കമുള്ള ഡ്രഗ് ഐഡന്റിഫിക്കേഷൻ നമ്പർ (DIN) പരിശോധിക്കണമെന്നും ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഇത് ഉറപ്പാക്കാമെന്നും മന്ത്രാലയം അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Note this before buying this medicine online: Federal court declares it illegal.






