ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ചൈനീസ് സന്ദർശനത്തിനിടെയുണ്ടായ പരാമർശങ്ങളെ പരസ്യമായി തള്ളി സസ്കാച്ചവൻ പ്രീമിയർ സ്കോട്ട് മോ. ബീജിംഗിൽ വെച്ച് ചൈനീസ് പ്രീമിയർ ലി ചിയാംഗുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം “പുതിയ ലോകക്രമത്തിന് (New World Order)” അടിത്തറയിടുമെന്ന കാർണിയുടെ പ്രയോഗമാണ് വിവാദമായത്. ഈ പരാമർശം നടന്ന സമയത്ത് കാർണിക്കൊപ്പം സന്നിഹിതനായിരുന്ന സ്കോട്ട് മോ, താനൊരിക്കലും അത്തരമൊരു വാക്ക് ഉപയോഗിക്കില്ലെന്ന് വ്യക്തമാക്കി.
ലോക വ്യാപാര രംഗത്തുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് പറയാൻ മറ്റ് പദപ്രയോഗങ്ങളുണ്ടെന്നും കാർണിയുടെ വാചകം പലതരത്തിലുള്ള വ്യാഖ്യാനങ്ങൾക്ക് വഴിതുറക്കുമെന്നും ബുധനാഴ്ച നൽകിയ അഭിമുഖത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
ചൈനയുമായുള്ള വ്യാപാര ബന്ധത്തിൽ നിർണായകമായ ധാരണാപത്രങ്ങൾ ഒപ്പിട്ടതിന് പിന്നാലെയാണ് വിവാദം പുകയുന്നത്. ചൈനയിലേക്കുള്ള എണ്ണ, പ്രകൃതിവാതകം, ശുദ്ധമായ ഊർജ്ജം എന്നിവയുടെ കയറ്റുമതി വർദ്ധിപ്പിക്കാനും നിക്ഷേപ തടസ്സങ്ങൾ നീക്കാനുമാണ് പുതിയ കരാറിലൂടെ ലക്ഷ്യമിടുന്നത്.
കാർണിയുടെ ചൈനീസ് സന്ദർശനത്തെ മുൻ നയതന്ത്രജ്ഞർ ഉൾപ്പെടെയുള്ളവർ വിമർശിച്ചിരുന്നു. ‘പുതിയ ലോകക്രമം’ എന്ന പ്രയോഗത്തെ ജോർജ്ജ് ഓർവെല്ലിന്റെ രചനകളിലെ ഏകാധിപത്യ സ്വഭാവത്തോടാണ് മുൻ നയതന്ത്രജ്ഞൻ മൈക്കൽ കോവ്റിഗ് ഉപമിച്ചത്. അതേസമയം, വ്യാപാര മേഖലയിൽ കാനഡ സമീപനം മാറ്റേണ്ടതുണ്ടെന്നും എന്നാൽ ഒരു വൻശക്തിയുടെ നേതൃത്വത്തെ അംഗീകരിക്കുന്ന ചർച്ചകളിലേക്ക് കടക്കേണ്ടതില്ലെന്നുമാണ് പ്രീമിയർ സ്കോട്ട് മോയുടെ നിലപാട്.
ഇതിനിടെ, കാനഡയിലെ വിവിധ പ്രവിശ്യാ ഭരണത്തലവന്മാർ (പ്രീമിയർമാർ) കൗൺസിൽ ഓഫ് ഫെഡറേഷൻ യോഗത്തിനായി ഒട്ടാവയിൽ ഒത്തുകൂടി. പൈപ്പ്‌ലൈൻ പദ്ധതിയെച്ചൊല്ലി തർക്കത്തിലുള്ള ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തും ബി.സി പ്രീമിയർ ഡേവിഡ് എബിയും പ്രധാനമന്ത്രിയുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തുന്നുണ്ട്. ബുധനാഴ്ച രാത്രി പ്രധാനമന്ത്രി മാർക്ക് കാർണിയുമായി പ്രീമിയർമാർ ഡിന്നർ മീറ്റിംഗിൽ പങ്കെടുക്കും. വ്യാഴാഴ്ച നടക്കുന്ന ഔദ്യോഗിക യോഗത്തിൽ ചൈനയുമായുള്ള വ്യാപാര കരാറുകളും പ്രവിശ്യകളുടെ ആശങ്കകളും പ്രധാന ചർച്ചാവിഷയമാകും. കരാറുകൾ കാനഡയുടെ വാഹന വ്യവസായത്തെ തകർക്കുമെന്ന് ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് നേരത്തെ വിമർശിച്ചിരുന്നു.
not-a-statement-i-would-use-scott-moe-says-of-carney-new-world-order-comment-in-china
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



