ഒട്ടാവ: വിന്റർ സീസണിൽ ഒട്ടാവയിൽ നിന്ന് ലണ്ടനിലേക്കുള്ള സർവീസ് എയർ കാനഡ നിർത്തിവെക്കും. അടുത്ത സ്പ്രിങ് സീസൺ മുതൽ സർവീസ് പുനരാരംഭിക്കാനാണ് എയർ കാനഡയുടെ തീരുമാനം. ഈ വർഷം മാർച്ച് 31-നാണ് എയർ കാനഡ ഒട്ടാവയിൽ നിന്ന് ലണ്ടനിലേക്ക് നേരിട്ടുള്ള സർവീസ് ആരംഭിച്ചത്. ഒക്ടോബർ 25-ന് സർവീസ് നിർത്തിവെക്കുമെന്ന് എയർ കാനഡ വക്താവ് സ്ഥിരീകരിച്ചു. 2026 മാർച്ച് 30-ന് സർവീസ് പുനരാരംഭിക്കാനാണ് നിലവിലെ പദ്ധതിയെന്നും എയർ കാനഡ അറിയിച്ചു. തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലായിരുന്നു നിലവിൽ ഈ വിമാന സർവീസ്.
ഒട്ടാവ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് വിദേശത്തേക്ക് പുറപ്പെടുന്ന രണ്ട് വിമാനങ്ങളിൽ ഒന്നാണ് ഒട്ടാവ-ലണ്ടൻ എയർ കാനഡ വിമാനം. ഒട്ടാവയിൽ നിന്ന് പാരീസിലേക്കാണ് എയർ ഫ്രാൻസ് സർവീസ് നടത്തുന്നത്. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ ഈ വർഷം വലിയ വർധനവാണ് രേഖപ്പെടുത്തിയത്. ലണ്ടൻ, പാരീസ് തുടങ്ങിയ വിദേശ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് യാത്രക്കാരുടെ എണ്ണം കൂടാൻ കാരണം.
ഈ വർഷം ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം 3,36,764 അന്താരാഷ്ട്ര യാത്രക്കാരാണ് ഒട്ടാവ വിമാനത്താവളം വഴി യാത്ര ചെയ്തത്. കഴിഞ്ഞ വർഷം ഇത് 3,20,541 ആയിരുന്നു. ഓഗസ്റ്റ് മാസത്തിൽ മാത്രം 27,343 അന്താരാഷ്ട്ര യാത്രക്കാർ ഒട്ടാവ വിമാനത്താവളം ഉപയോഗിച്ചു, ഇത് കഴിഞ്ഞ വർഷം 18,789 ആയിരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82






