നയാഗ്ര: ജീവിതത്തിൽ ഒന്നിനു പിറകെ ഒന്നായി ദുരിതങ്ങൾ ഏറ്റുവാങ്ങിയ ഒരു കുടുംബത്തിന് കൈത്താങ്ങായി കാനഡയിലെ നയാഗ്ര മലയാളി സമാജം (Niagara Malayalee Samajam – NMS). പഴവീട് പിഎംസി ആശുപത്രിക്കു സമീപത്തെ വിജയഭവനത്തിൽ താമസിക്കുന്ന മോഹൻ കുമാറിനും (70) കുടുംബത്തിനുമാണ് സമാജത്തിൻ്റെ ‘തണൽമരം’ ക്ഷേമപദ്ധതിയിലൂടെ ആശ്വാസമെത്തുന്നത്.
മോഹൻ കുമാറിൻ്റെ മൂത്തമകൻ മനു (34) ചെറുപ്പം മുതലേ മാനസികാരോഗ്യ പ്രശ്‌നങ്ങൾക്ക് ചികിത്സയിലാണ്. നാല് വർഷം മുൻപ് ഭാര്യ മരിച്ചതോടെ കുടുംബം തളർന്നു. വീടിൻ്റെ ഏക അത്താണിയായിരുന്ന ഇളയ മകൻ ആദിത്യന് (27) അഞ്ച് വർഷം മുൻപ് വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റതോടെ ജോലിക്ക് പോകാൻ കഴിയാതായി. ചികിത്സാ ചെലവുകൾക്കും നിത്യവൃത്തിക്കും വകയില്ലാതെ ബുദ്ധിമുട്ടിയ ഈ കുടുംബം വാടക കുടിശിക കാരണം ആദ്യം താമസിച്ചിരുന്ന വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വന്നു. നിലവിൽ താമസിക്കുന്ന വീട്ടിലും മൂന്ന് മാസത്തെ വാടക കുടിശികയിലാണ് കഴിയുന്നത്.
ഈ ദുരിത സാഹചര്യത്തിലാണ് നയാഗ്ര മലയാളി സമാജം സഹായഹസ്തവുമായി എത്തുന്നത്. മാസംതോറും 10,000 രൂപ വീതം ഒരു വർഷത്തേക്ക് നൽകുന്ന ഈ സഹായം, കുടുംബത്തിന് വലിയ ആശ്വാസമാകും. നയാഗ്ര മലയാളി സമാജത്തിന്റെ ഈ മഹത്തായ പദ്ധതിയിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർക്ക് NMS.thanal@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.
Niagara Malayali Samajam provides financial assistance to a struggling Kerala family
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






