ചേർത്തലയിൽ നിന്നും കാനഡയിലേക്ക് കുടിയേറുമ്പോൾ എല്ലാ സാധാരണ മലയാളിയെയും പോലെ നല്ല ശമ്പളം നല്ല ജീവിതം ഇതൊക്കെ തന്നെയായിരുന്നു അരുൺഘോഷിന്റെയും മനസ്സിൽ..അമ്മയുടെ സ്വപ്നം നിറവേറ്റാൻ കൂടിയാണ് നഴ്സിംഗ് പഠിക്കാനായി അരുൺ കാനഡയിലേക്ക് വന്നത്.നയാഗ്ര കോളേജിൽ ഒരു സ്റ്റുഡന്റ് ആയി ചേർന്നഎന്നാൽ ഇന്ന് ഈ കാനേഡിയൻ മലയാളി വലിയ ഒരു സ്വപ്നത്തിന് പിന്നിൽ പായുകയാണ്, തന്റെ വിശ്വസ്തനായ 2014 ഹോണ്ട കാറിലിരുന്നു.
2017 ഇൽ ആണ് അരുൺ 2014 മോഡൽ ഹോണ്ട ആക്കോർഡ് കാർ വാങ്ങുന്നത് അന്നത് 90000 കിലോമീറ്റർ ഓടിയ വണ്ടിയായിരുന്നു.കാർ വാങ്ങിയതിന് ശേഷം ഡെലിവറി ജോലിയും, റൈഡ് ഷെയറിങ്ങിനുമായി അരുൺ തന്റെ കാറിൽ ഓടി കൊണ്ടിരുന്നു. അരുണിന്റെ വഴിയും വഴികാട്ടിയും ഹോണ്ട ആകോർഡ് ആയി മാറി.കാനഡയിൽ സ്റ്റുഡന്റസ് ആയി വരുന്നവർക്ക് പ്രത്ത്യേകിച്ചും മലയാളി പിള്ളേർ എണ്ണയാടിക്കാനുള്ള പൈസ മാത്രം കൊടുത്താൽ അരുൺ വണ്ടി പായിക്കും.
സാധാരണ കാനേഡിയൻ ഡ്രൈവർമാർ വർഷത്തിൽ 20000 km ശരാശരിയിൽ ആണ് വാഹനം ഓടിക്കാറ് എന്നാൽ നമ്മുടെ അരുണിന്റെ ശരാശരി 130000 km ആയിരുന്നു ഓട്ടത്തിനടയിൽ ഓടോമീറ്ററിൽ 500000 കാണിച്ചു.അപ്പോൾ അരുണിന്റെ ഒരു സുഹൃത്ത് അരുണിനോട് ചെറിയ ഒരു വെല്ലുവിളി നടത്തി “നീ എന്തായാലും 5 ലക്ഷം km ഓടിയില്ലേ ഇനി 1 മില്യൺ ആക്കു “
അരുൺ അങ്ങനെ ആ വെല്ലുവിളി ഏറ്റെടുത്തു. അയാളുടെ സ്വപ്നം 1 മില്യൺ എന്ന സ്വപ്ന നമ്പർ ആയി.2024 ജൂലൈ മാസം 30 തീയതി യൂ എസ്- കാനഡ അതിർത്തിയിൽ നയഗ്രയിൽ ഉള്ള പീസ് ബ്രിഡ്ജിൽ തന്റെ സുഹൃത്തുക്കളെ വിളിച്ചു ചേർത്തു. തന്റെ 1 മില്യൺ എന്ന സ്വപ്നം സാക്ഷാൽകരിക്കാൻ വെറും 100 km മാത്രം. അയാൾ പതിവ് പോലെ തന്റെ വിശ്വസ്തനായ ഹോണ്ടയുടെ പെടലിൽ കാലമർത്തി അയാൾ ലക്ഷ്യത്തോട് അടുക്കുന്നു. 100km…50 km…10 km..ഇനി 1 km കൂടി കഴിഞ്ഞാൽ 1 മില്യൺ.

ഓടോ മീറ്ററിൽ 99999.9 തെളിഞ്ഞു,പക്ഷെ അടുത്ത നമ്പർ വരുന്നില്ല.ജപ്പാനീസ് എഞ്ചിനീയർസ് ഒരു പക്ഷെ വിചാരിച്ചു കാണില്ല തങ്ങൾ ഉണ്ടാക്കുന്ന വണ്ടി 100000 കഴിഞ്ഞും ഓടുമെന്ന്. ഒരു മില്യൺ ഓടോ മീറ്ററിൽ തെളിഞ്ഞില്ല അരുണിന് ആഗ്രഹിച്ച ലക്ഷ്യം സാങ്കേതികമായി പൂർത്തിയാക്കാനായില്ല.അരുൺ കാനഡയിലെ ഹോണ്ട കമ്പനിയെ സമീപിച്ചു തനിക്കു വേണ്ടി 7 അക്ക നമ്പർ ഉള്ള ഒരു ഓടോമീറ്റർ ഉണ്ടാക്കി തരണം എന്ന് അപേക്ഷിക്കുന്നു. ഹോണ്ടയുടെ ഡീലർഷിപ്പ് ഡയറക്ടർ ഷാമിൽ ബേജർബായി അരുണിന്റെ വണ്ടി കണ്ടു പറഞ്ഞത് തന്റെ 20 വർഷത്തെ കരിയറിനുള്ളിൽ ഇത്രയും മൈലേജ് കിട്ടുന്ന ഒരു വാഹനം കണ്ടിട്ടില്ലെന്നാണ്. വണ്ടിയുടെ എൻജിൻ, ട്രാൻസമിഷൻ ഒക്കെ പുതിയതു പോലെ തന്നെയിരിക്കുന്നു!!
അരുണിന്റെ ഹോണ്ട കാർ ഇത്രയും കിലോമീറ്റർ ഓടിയിട്ടും പുത്തൻ പോലെയിരിക്കുന്നത് വെറും ഭാഗ്യം കൊണ്ടല്ല. അരുൺ തന്റെ വണ്ടിയിൽ കമ്പനി നിർമിത കാർ അക്സസ്സ്റീസ് മാത്രമേ ഉപയോഗിക്കു അത് പോലെ ഏറ്റവും മികച്ച എൻജിൻ ഓയിൽ ഗിയർ ഓയിൽ അങ്ങനെ എല്ലാം ഏറ്റവും മികച്ചത്. ഒരാൾ തന്റെ വിലകൂടിയ പന്തയകുതിരയെ നോക്കുന്നത് പോലെ.

ഒരിക്കൽ അരുണിന്റെ കാർ കഥകൾ അറിഞ്ഞ നയാഗ്ര ഫാൽസ് മേയർ ജിം ഡിയോ ഡാറ്റി 1 മില്യൺ കിലോമീറ്റർ ഓടിച്ച അരുണിനെ അനുമോദിക്കാൻ സിറ്റി ഹാളിലേക്ക് വിളിച്ചു വരുത്തി. മേയർക്കു വിശ്വസിക്കാനായില്ല 1 മില്യൺ ഓടിയ വണ്ടിയിലാണ് താൻ യാത്ര ചെയ്‌തത് എന്ന്.അരുണിന്റെ അഭ്യർത്ഥന പ്രകാരം 7 അക്ക നമ്പർ ഉള്ള ഓടോ മീറ്ററിന് വേണ്ടി മേയർ അരുണിന്റെ കഥ വിവിധ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കു വെച്ചു. കുറച്ചു മാസങ്ങൾക്കു ശേഷം ഹോണ്ട കാനഡയിൽ നിന്നും ഒരു സമ്മാനപൊതി അരുണിനെ തേടിയെത്തി. അതിൽ ഒരു കുറിപ്പും ഉണ്ടായിരുന്നു.. ഗവണ്മെന്റ് റൂലുകൾ അനുസരിച്ചു സാങ്കേതിക കാരണങ്ങളാൽ 7 അക്കങ്ങൾ ഉള്ള ഓടോ മീറ്റർ നൽകാൻ കഴിയില്ല എന്ന്. ഇപ്പോൾ തന്നെ 1 മില്യനിൽ അധികം ഓടിക്കഴിഞ്ഞ അരുൺ ട്രിപ്പ് കൗണ്ട് സെറ്റ് ചെയ്തിരിക്കുകയാണ് ഓരോ 9999 കിലോമീറ്ററിനു ശേഷവും വീണ്ടും പൂജ്യത്തിലേക്കു വരുന്ന രീതിയിൽ.

അരുൺ ഇതു വരെ നേടിയ റെക്കോർഡുകൾ:
ഒറ്റ എൻജിനിൽ ഒറ്റ ട്രാൻസമിഷനിൽ ഒരു മില്യൺ ഓടിയ ആദ്യ വ്യക്തി. പിന്നെ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഒരു മില്യൺ വണ്ടി ഓടിച്ച ആൾ 9 വർഷവും 7 മാസവും കൊണ്ടാണ് അരുൺ ഈ നേട്ടം കയ്യിലാക്കിയത്. അതിനു മുന്നേയുള്ള റെക്കോർഡ് 12 വർഷം കൊണ്ട് ഒരു മില്യൺ വണ്ടി ഓടിച്ച ഒരു അമേരിക്കൻ വനിതയുടെ പേരിലാണ്.അരുൺ ഇനി ബാക്കിയുള്ള സ്വപ്നം ലോകത്തു ഏറ്റവും കൂടുതൽ ഓടിച്ച വാഹനത്തിന്റെ ഉടമയാകുക എന്നുന്നതാണ്. ഒരാൾ ഒരു വാഹനത്തിൽ ഒരു എൻജിനിൽ ഏറ്റവും കൂടുതൽ ഓടിയിട്ടുള്ളത് ഇർവി ഗോർടൻ എന്ന അമേരിക്കക്കാരൻ ആണ്. 1966 വോൾവോ 1800p യിൽ ഗോർടൻ ഓടിയത് 5.14 മില്യൺ കിലോമീറ്റർ ആണ്. 9 വർഷവും 7 മാസവും കൊണ്ട് ഒരു മില്യൺ ഓടിയ അരുണിന് ഈ റെക്കോർഡും 30 വർഷം കൊണ്ട് മറികടക്കാൻ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.അരുൺ ഉറച്ചു വിശ്വസിക്കുന്നത് ഇതു വരെ നേടിയ നേട്ടങ്ങൾ തന്റേത് മാത്രമല്ലെന്നും തന്റെ കുടുംബവും സുഹൃത്തുക്കളും തന്നു കൊണ്ടിരിക്കുന്ന അകമഴിഞ്ഞ സഹായവും പ്രോത്സാഹനവും കൊണ്ടാണെന്നും പറയുന്നു.
അരുൺ ന്റെ ഭാര്യ പ്രസീതയുടെ അകമഴിഞ്ഞ പിന്തുണയുണ്ട് അരുണിന്. ഇവർക്ക് ഒരു വയസുള്ള ആര്യൻ എന്ന മോൻ കൂടിയുണ്ട്.തന്റെ ഇതു വരെയുള്ള ഓട്ടത്തിനടയിൽ തന്റെ കാർ ഏറ്റവും കുറഞ്ഞ ചിലവിൽ ഏറ്റവും നന്നായി പരിപാലിക്കാൻ സഹായിച്ച തന്റെ സുഹൃത്തും മെക്കാനിക്കുമായ ജാബിർ ബാബുവിനെയും ചേർത്തു വെക്കുന്നു അരുൺ.കൂടാതെ തനിക്കു ഓടിക്കാൻ ഇത്രയും മികച്ച ഗതാഗത സൗകര്യങ്ങൾ ഒരുക്കി തന്ന കാനഡ എന്ന തന്റെ രാജ്യത്തെയും ആയാൾ മറക്കുന്നില്ല.അമേരിക്കക്കാരൻ ഗൊർഡന്റെ റെക്കോർഡ് തകർത്ത് അരുൺ ഗിന്നെസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ കയറുമോ? അത് കാലത്തിനു മാത്രം മറുപടി കൊടുക്കാൻ കഴിയുന്ന കാര്യമാണ്.

അരുൺ പറയുന്നു ഞാൻ പിന്തുടരുന്നത് എന്റെ പാഷനെയാണ്. പലർക്കും പാഷൻ പലതായിരിക്കുമല്ലോ എന്റെ പാഷൻ ഈ വളയം പിടിക്കലാണ്. ഞാൻ എന്റെ വണ്ടിയെ നെഞ്ചോടു ചേർത്ത് വെക്കുന്നു.അതിനെ ഒരു കുടുംബാംഗത്തെ പോലെ പരിപാലിക്കുന്നു. ഓരോ കിലോമീറ്ററും ഞാൻ ആസ്വദിച്ചാണ് ഓടിക്കുന്നത് ഇനിയങ്ങോട്ടു.ഞാൻ മഞ്ഞിലും മഴയിലും തണുപ്പിലും ഈ നയാഗ്രയിലൂടെ ഹോണ്ടയുമായി ഓടി കൊണ്ടിരിക്കും എന്റെ ലക്ഷ്യത്തിനായ്. നിങ്ങളെല്ലാവരും എന്റെ കൂടെ ഉണ്ടാകുമല്ലോ അല്ലെ?






