നയാഗ്ര: നയാഗ്ര-ഓൺ-ദി-ലേക്കിൽ നിർമ്മിക്കുന്ന ആഡംബര ഹോട്ടൽ പദ്ധതിക്ക് ഏകദേശം ഒരു മില്യണോളം ഡോളറിന്റെ ( $904,819 ഡോളർ) ഡെവലപ്‌മെന്റ് ഫീസ് ഒഴിവാക്കി നൽകാനുള്ള നയാഗ്ര റീജിയണൽ കൗൺസിലിന്റെ തീരുമാനം വിവാദമാകുന്നു. കടുത്ത വിയോജിപ്പുകൾക്കിടയിലും നടന്ന വോട്ടെടുപ്പിനൊടുവിലാണ് കൗൺസിൽ ഈ വൻ ഇളവ് അനുവദിച്ചത്. സുതാര്യതയെക്കുറിച്ചും നികുതിദായകർക്ക് ഇത് വരുത്തിവെക്കുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ചും കൗൺസിലിൽ വലിയ തർക്കങ്ങളാണ് ഉയർന്നത്. ടു സിസ്റ്റേഴ്‌സ് റിസോർട്ട്സ് കോർപ്പറേഷൻ കിംഗ് സ്ട്രീറ്റിൽ നിർമ്മിക്കുന്ന ഹോട്ടലിന്റെ അണ്ടർഗ്രൗണ്ട് പാർക്കിംഗ് സൗകര്യത്തിനാണ് ഈ ഇളവ് ബാധകമാകുക.
പദ്ധതിയുടെ തുടക്കത്തിൽ ഹോട്ടലിനോട് ചേർന്ന് ഉപരിതല പാർക്കിംഗ് ആയിരുന്നു ഡിസൈനിൽ പറഞ്ഞിരുന്നത്; എന്നാൽ, നഗരത്തിന്റെ പൈതൃക തനിമയെയും സൗന്ദര്യത്തെയും ഇത് ബാധിക്കുമെന്ന പ്രദേശവാസികളുടെ പരാതിയെത്തുടർന്ന് നിർമ്മാതാക്കൾ പാർക്കിംഗ് സൗകര്യം ഭൂമിക്കടിയിലേക്ക് മാറ്റുകയായിരുന്നു. നിർമ്മാണച്ചെലവ് കൂടുമെങ്കിലും പരിസ്ഥിതിക്കും നഗരത്തിനും ഇത് ഗുണകരമാകുമെന്ന് അധികൃതരും വിലയിരുത്തിയിരുന്നു. സാധാരണയായി നയാഗ്ര റീജിയണിലെ നിയമപ്രകാരം ഭൂഗർഭ നിർമ്മാണങ്ങൾക്കും ഫീസ് ബാധകമാണ്. എന്നാൽ നയാഗ്ര-ഓൺ-ദി-ലേക്ക് ടൗൺ ഇത്തരം ഫീസുകൾ ഒഴിവാക്കി നൽകാറുണ്ട്. ഈ സാഹചര്യത്തിലാണ് റീജിയണൽ ഫീസിലും ഇളവ് വേണമെന്ന ആവശ്യവുമായി നിർമ്മാതാക്കൾ സമീപിച്ചത്.
നവംബർ 20-ന് നടന്ന യോഗത്തിൽ 14-നെതിരെ 11 വോട്ടുകൾക്കാണ് ഈ ആവശ്യം അംഗീകരിക്കപ്പെട്ടത്. ജനങ്ങളുടെ താല്പര്യം മുൻനിർത്തി ഡിസൈനിൽ മാറ്റം വരുത്തിയ നിർമ്മാതാവിനെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് അനുകൂലിച്ചവർ വാദിച്ചു. എന്നാൽ, ഇതൊരു തെറ്റായ കീഴ്വഴക്കമാകുമെന്നും ഭാവിയിൽ മറ്റു നിർമ്മാതാക്കളും സമാനമായ ആവശ്യങ്ങളുമായി രംഗത്തെത്താൻ ഇത് കാരണമാകുമെന്നും എതിർത്തവർ മുന്നറിയിപ്പ് നൽകി. ഒഴിവാക്കിയ $904,819 ഡോളർ നികത്താൻ സാധാരണക്കാരായ നികുതിദായകർ പണം മുടക്കേണ്ടി വരുമോ എന്ന കാര്യത്തിൽ കൗൺസിൽ അധികൃതർക്കും വ്യക്തതയില്ല.
ഹോട്ടൽ പദ്ധതിക്കായി $4 മില്യൺ ഡോളറിലധികം മറ്റ് ഫീസുകൾ നിർമ്മാതാക്കൾ അടക്കുന്നുണ്ടെങ്കിലും, ഈ പ്രത്യേക ഇളവ് നൽകിയത് പക്ഷപാതപരമാണെന്ന വിമർശനം ശക്തമാണ്. ഭാവിയിൽ ഇത്തരം തർക്കങ്ങൾ ഒഴിവാക്കാൻ നയങ്ങളിൽ വ്യക്തത വരുത്തണമെന്ന് ആവശ്യമുയർന്നിട്ടുണ്ടെങ്കിലും, നിലവിലെ തീരുമാനം ഹോട്ടൽ പദ്ധതിയുമായി മുന്നോട്ടുപോകാൻ നിർമ്മാതാക്കൾക്ക് അനുമതി നൽകുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Niagara luxury hotel project gets $900,000 fee waiver;






