ന്യൂഫൗണ്ട്ലാൻഡ്: ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ മേഖലയിലേക്ക് അതിശക്തമായ കൊടുങ്കാറ്റ് അടുക്കുന്നതായി റിപ്പോർട്ട്. ശക്തമായ മഴ, കാറ്റ്, കിഴക്കൻ ബൂറിൻ പെനിൻസുല മുതൽ തെക്കൻ അവലോൺ പെനിൻസുല വരെയുള്ള തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി എന്നിവയുണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പ്ലെസെന്റിയ ബേയ്ക്കും സെന്റ് മേരീസ് ബേയ്ക്കും ഇടയിലുള്ള തെക്കൻ തീരപ്രദേശങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ന്യൂഫൗണ്ട്‌ലാൻഡ് തീരങ്ങളിൽ കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ എൻവിയോൺമെന്റ് കാനഡ നിരവധി കാലാവസ്ഥാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. ഏറ്റവും ഉയർന്ന തിരമാലകൾ ഒമ്പത് മുതൽ 12 മീറ്റർ വരെ ഉയരത്തിൽ തെക്കൻ അവലോൺ തീരങ്ങളിൽ ആഞ്ഞടിക്കാം. തെക്കൻ ബൂറിൻ പെനിൻസുല, പ്ലെസെന്റിയ ബേയ് എന്നിവിടങ്ങളിൽ അഞ്ച് മുതൽ ഏഴ് മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്കും സാധ്യതയുണ്ട്. ഇന്ന് വൈകുന്നേരം 6 മണിക്കും 8 മണിക്കും ഇടയിലുള്ള വേലിയേറ്റ സമയത്താണ് ഈ ഉയർന്ന തിരമാലകൾ തീരത്തടിക്കാൻ സാധ്യതയുള്ളത്.
പ്രധാനമായും 30 മില്ലിമീറ്റർ മുതൽ 50 മില്ലിമീറ്റർ വരെ മഴ മിക്ക പ്രദേശങ്ങളിലും ലഭിക്കാൻ സാധ്യതയുണ്ട്. കുറഞ്ഞ സമയം കൊണ്ട് ശക്തമായ മഴ പെയ്യുമെന്നതിനാൽ, ആളുകൾ ഓടകളിലെയും കാനായിലെയും ഇലകളും മാലിന്യങ്ങളും നീക്കം ചെയ്ത് വെള്ളം ഒഴുകിപ്പോകാനുള്ള വഴി ഉറപ്പാക്കണമെന്ന് കാലാവസ്ഥാ നിരീക്ഷകർ നിർദ്ദേശിച്ചു. സെന്റ് ജോൺസ് പ്രദേശത്ത് ചൊവ്വാഴ്ച രാവിലെ മുതൽ കാറ്റ് ശക്തിപ്പെടാൻ സാധ്യതയുണ്ട്. ഉച്ചയോടെ 80 മുതൽ 100 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കാം. ഈ ശക്തമായ കാറ്റ് ബുധനാഴ്ച രാത്രി വരെ തുടരാനാണ് സാധ്യത.
കഴിഞ്ഞ വേനൽക്കാലത്ത് ഈ പ്രദേശം വരൾച്ചാ സാഹചര്യങ്ങൾ നേരിട്ടതിനാൽ ഈ മഴയെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, ശക്തമായ കാറ്റും തിരമാലകളും വലിയ നാശനഷ്ടങ്ങൾക്ക് ഇടയാക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ലോംഗ് റേഞ്ച് മൗണ്ടൻസ് പോലുള്ള ഉയർന്ന പ്രദേശങ്ങളിൽ 10 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്.
അതിനാൽ, സെന്റ് മേരീസ് ബേയ്ക്കും പ്ലെസെന്റിയ ബേയ്ക്കും ഇടയിലുള്ള പ്രദേശത്തുള്ളവർ ഉയർന്ന പ്രദേശങ്ങളിലേക്ക് താമസം മാറ്റണമെന്നും, ഉയർന്ന തിരമാലകൾ കാണാനായി തീരത്തേക്ക് പോകരുതെന്നും അധികൃതർ കർശനമായി നിർദ്ദേശിച്ചു. കൊടുങ്കാറ്റ് ശക്തിപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Possibility of strong storms and waves in Newfoundland: Local residents warned






