സെന്റ് ജോൺസ്: ഡിസംബർ മാസത്തിലെ വൈദ്യുതി ബില്ലുകളിൽ അസാധാരണമായ വർധനവുണ്ടായെന്ന വ്യാപക പരാതിയെത്തുടർന്ന്, ന്യൂഫൗണ്ട്‌ലാൻഡ് പവർ അടിയന്തരമായി വിശദീകരണം നൽകണമെന്ന ആവശ്യവുമായി ഉപഭോക്തൃ പ്രതിനിധി രംഗത്ത്. ഡെന്നിസ് ബ്രൗൺ എന്ന അഭിഭാഷകനാണ് വിശദീകരണം നൽകണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഉയർന്ന ബില്ലുകൾക്കെതിരെ നൂറുകണക്കിന് ഉപഭോക്താക്കൾ പ്രതിഷേധവുമായി മുന്നോട്ടുവന്നതായി ഡെന്നിസ് ബ്രൗൺ അറിയിച്ചു.
നവംബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളിൽ കാലാവസ്ഥാ വ്യതിയാനം മൂലം ബില്ലുകളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും, ഇത്തവണത്തെ വർധനവ് സാധാരണ നിലയിലുള്ളതല്ലെന്ന് ഡെന്നിസ് ബ്രൗൺ ചൂണ്ടിക്കാട്ടി. ശക്തമായ കാറ്റോ കുറഞ്ഞ താപനിലയോ മാത്രമല്ല ഈ മാറ്റത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. നിലവിൽ കമ്പനി ഉപയോഗിക്കുന്ന ഓട്ടോമാറ്റിക് മീറ്റർ റീഡിംഗ് സംവിധാനം കാലഹരണപ്പെട്ടതാണെന്നും, ഇതിനു പകരമായി തത്സമയ വിവരങ്ങൾ ലഭ്യമാകുന്ന സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാൻ പ്രത്യേക ഹെൽപ്പ്‌ലൈൻ സ്ഥാപിക്കണമെന്നും വിഷയത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നിലവിലെ മീറ്ററുകൾ 99.9 ശതമാനം കൃത്യത പുലർത്തുന്നവയാണെന്ന് ന്യൂഫൗണ്ട്‌ലാൻഡ് പവർ വക്താവ് ഗ്ലെൻഡ പവർ അറിയിച്ചു. നിയമപരമായ നിയന്ത്രണങ്ങൾ കാരണമാണ് സ്മാർട്ട് മീറ്ററുകളിലേക്ക് മാറാൻ കഴിയാത്തത്. ശീതകാലത്ത് ഊർജ്ജ ഉപഭോഗം കൂടുന്നത് സ്വാഭാവികമാണെന്നും, ബില്ലുകളിലെ പെട്ടെന്നുള്ള വർധനവ് ഒഴിവാക്കാൻ ‘ഇക്വൽ പേയ്മെന്റ് പ്ലാൻ’ പ്രയോജനപ്പെടുത്താമെന്നും കമ്പനി വ്യക്തമാക്കി.
വൈദ്യുതി ഉപയോഗം കുറച്ചിട്ടും ബില്ലുകൾ വർധിക്കുന്നതിലാണ് ഉപഭോക്താക്കൾ പ്രധാനമായും പ്രതിഷേധിക്കുന്നത്. കോർണർ ബ്രൂക്കിലെ സാറാ പാർസൺസ് എന്ന വീട്ടമ്മയ്ക്ക് കഴിഞ്ഞ വർഷം ഡിസംബറിൽ 640 ഡോളർ ആയിരുന്ന ബിൽ ഇത്തവണ 731 ഡോളറായാണ് ഉയർന്നത്. ക്രിസ്മസ് അലങ്കാരങ്ങളും ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ ഉപയോഗവും കുറച്ചിട്ടും ബിൽ തുക വർധിച്ചത് തന്നെ ആശങ്കപ്പെടുത്തുന്നതായി അവർ പറഞ്ഞു. സോഷ്യൽ മീഡിയ വഴിയും നിരവധി പേർ സമാനമായ പരാതികൾ ഉന്നയിക്കുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Newfoundland electricity bill hike: Consumer representative calls for investigation into meter readings; customers complain



