ടൊറന്റോ: ഒന്റാറിയോയിൽ ഉന്നതവിദ്യാഭ്യാസത്തിന് ഒരുങ്ങുന്ന വിദ്യാർത്ഥികൾക്ക് കടുത്ത സാമ്പത്തിക വെല്ലുവിളി ഉയർത്തിക്കൊണ്ട് ഒസാപ്പ് (Ontario Student Assistance Program) നിയമങ്ങളിൽ വൻ പരിഷ്കാരം പ്രഖ്യാപിച്ചു. 2026 ഓഗസ്റ്റ് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം, വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സാമ്പത്തിക സഹായത്തിൽ സൗജന്യമായി ലഭിക്കുന്ന ‘ഗ്രാൻഡ്’ തുക കുറയുകയും പകരം തിരിച്ചടയ്ക്കേണ്ട ‘ലോൺ’ തുക കുത്തനെ കൂടുകയും ചെയ്യും.
നിലവിലെ നിയമപ്രകാരം അർഹരായ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന തുകയുടെ 85% വരെ ഗ്രാന്റായി (തിരിച്ചടയ്ക്കേണ്ടതില്ലാത്ത തുക) ലഭിക്കുമായിരുന്നു. എന്നാൽ 2026-27 അധ്യയന വർഷം മുതൽ ഇത് വെറും 25 ശതമാനമായി ചുരുങ്ങും. ബാക്കി 75% തുകയും ലോണായിട്ടായിരിക്കും നൽകുക. ഇത് പഠനശേഷം വിദ്യാർത്ഥികളുടെ കടബാധ്യത വൻതോതിൽ വർദ്ധിപ്പിക്കാൻ കാരണമാകും. സ്വകാര്യ കരിയർ കോളേജുകളിൽ പഠിക്കുന്നവർക്ക് ഇനി മുതൽ ഗ്രാന്റുകൾ ലഭിക്കില്ലെന്നും പകരം മുഴുവൻ തുകയും ലോണായി മാത്രമേ ലഭിക്കൂ എന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഏഴ് വർഷമായി തുടരുന്ന ട്യൂഷൻ ഫീസ് നിയന്ത്രണവും സർക്കാർ പിൻവലിച്ചു. ഇതോടെ 2026 മുതൽ കോളേജ്, യൂണിവേഴ്സിറ്റി ഫീസുകളിൽ പ്രതിവർഷം 2% വരെ വർദ്ധനവുണ്ടാകും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനായി 6.4 ബില്യൺ ഡോളറിന്റെ പ്രത്യേക പാക്കേജും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യരംഗം, സ്കിൽഡ് ട്രേഡ്സ് തുടങ്ങിയ മേഖലകളിൽ 70,000 പുതിയ സീറ്റുകൾ അനുവദിക്കുമെന്നത് വിദ്യാർത്ഥികൾക്ക് ആശ്വാസകരമാണ്.
2026-ൽ പഠനം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർ വരാനിരിക്കുന്ന സാമ്പത്തിക മാറ്റങ്ങൾ കൂടി കണക്കിലെടുത്ത് കൃത്യമായ പ്ലാനിംഗ് നടത്തണം. 2026 വസന്തകാലത്ത് പുതിയ അപേക്ഷകൾ ആരംഭിക്കുമ്പോൾ ഓരോരുത്തർക്കും എത്ര തുക തിരിച്ചടയ്ക്കേണ്ടി വരുമെന്നതിൽ വ്യക്തത ലഭിക്കും. കുറഞ്ഞ വരുമാനമുള്ള വിദ്യാർത്ഥികൾക്ക് ‘സ്റ്റുഡന്റ് ആക്സസ് ഗ്യാരണ്ടി’ (SAG) വഴി കൂടുതൽ സഹായം ലഭ്യമാക്കുമെന്ന് സർക്കാർ ഉറപ്പുനൽകുന്നുണ്ടെങ്കിലും സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് പുതിയ നിയമം വലിയ ബാധ്യതയാകുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
New Ontario OSAP Rules and Changes Coming in 2026



