കാനഡയിലെ സ്ഥിരതാമസത്തിനുള്ള എക്സ്പ്രസ് എൻട്രി സംവിധാനത്തിൽ ഇൻ-ഡിമാൻഡ് വിഭാഗത്തിൽ ഉൾപ്പെടുന്ന ആറ് പ്രധാന തൊഴിലുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടു. ആരോഗ്യ മേഖലയ്ക്ക് പുറമെ കാനഡ മുൻഗണന നൽകുന്ന ഈ ജോലികളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് കുറഞ്ഞ CRS സ്കോറിൽ പി.ആർ ലഭിക്കാൻ സാധ്യതയുണ്ട്. കൺസ്ട്രക്ഷൻ എസ്റ്റിമേറ്റർമാർ, ഇൻഡസ്ട്രിയൽ മെക്കാനിക്കുകൾ, ഇലക്ട്രിക്കൽ-ഇലക്ട്രോണിക്സ് എൻജിനീയറിങ് ടെക്നീഷ്യൻമാർ, HVAC മെക്കാനിക്കുകൾ, ഹെവി ഡ്യൂട്ടി എക്യുപ്മെന്റ് മെക്കാനിക്കുകൾ, ഇൻഷുറൻസ് ഏജന്റുമാർ എന്നിവരാണ് പട്ടികയിലുള്ളത്.
ഈ തൊഴിൽ മേഖലകളിൽ പലതിനും ഉയർന്ന സർവകലാശാലാ വിദ്യാഭ്യാസം ആവശ്യമില്ലെന്നതാണ് പ്രത്യേകത. ഇതിൽ കൺസ്ട്രക്ഷൻ എസ്റ്റിമേറ്റർമാർക്ക് ശരാശരി 79,000 ഡോളറും ഇൻഡസ്ട്രിയൽ മെക്കാനിക്കുകൾക്ക് 77,000 ഡോളറുമാണ് പ്രതിവർഷം ലഭിക്കുന്ന Median pay. ഇൻഷുറൻസ് ഏജന്റുമാർക്ക് 3 മുതൽ 6 മാസം വരെയുള്ള പരിശീലനം മതിയാകുമ്പോൾ മറ്റു വിഭാഗങ്ങൾക്ക് ഒന്നോ രണ്ടോ വർഷത്തെ കോളേജ് വിദ്യാഭ്യാസമോ പ്രൊഫഷണൽ ലൈസൻസോ ആവശ്യമാണ്. ഹെവി ഡ്യൂട്ടി എക്യുപ്മെന്റ് മെക്കാനിക്, ഇലക്ട്രോണിക്സ് ടെക്നീഷ്യൻ തുടങ്ങിയ തസ്തികകളിൽ ഉയർന്ന ശമ്പളം 1,15,000 ഡോളർ വരെ എത്താറുണ്ട്.
എക്സ്പ്രസ് എൻട്രിയിലെ കാറ്റഗറി ബേസ്ഡ് ഡ്രോ വഴിയാണ് ഈ തസ്തികകളിലുള്ളവർക്ക് മുൻഗണന ലഭിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നിശ്ചിത തൊഴിലുകളിൽ ആറ് മാസത്തെ തുടർച്ചയായ പ്രവൃത്തിപരിചയം ഉള്ളവർക്കാണ് ഇതിന് അർഹതയുണ്ടാവുക. ജോലിയുടെ പേരിനേക്കാൾ ഉപരി, കാനഡയുടെ നാഷണൽ ഒക്കുപ്പേഷൻ സിസ്റ്റം നിഷ്കർഷിക്കുന്ന കൃത്യമായ തൊഴിൽ ചുമതലകൾ നിർവ്വഹിച്ചിട്ടുണ്ടോ എന്നാണ് അധികൃതർ പരിശോധിക്കുന്നത്. ഫെഡറൽ സ്കിൽഡ് വർക്കർ, ഫെഡറൽ സ്കിൽഡ് ട്രേഡ്സ് അല്ലെങ്കിൽ കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് എന്നീ പ്രോഗ്രാമുകളിലൊന്നിൽ അപേക്ഷകർ യോഗ്യത നേടിയിരിക്കണം.
ഈ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുന്നതിലൂടെ പൊതുവായ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകളെ അപേക്ഷിച്ച് കുറഞ്ഞ സ്കോറിൽ ഇൻവിറ്റേഷൻ ടു അപ്ലൈ (ITA) ലഭിക്കാൻ അപേക്ഷകർക്ക് സാധിക്കും. അപേക്ഷ സമർപ്പിച്ച ശേഷം കാനഡയിലുള്ളവർക്ക് പി.ആർ ലഭിക്കുന്നത് വരെ ജോലി ചെയ്യാൻ ബ്രിഡ്ജിങ് ഓപ്പൺ വർക്ക് പെർമിറ്റിനും (BOWP) അപേക്ഷിക്കാവുന്നതാണ്. അംഗീകൃത ഏജൻസികളിൽ നിന്നുള്ള ഭാഷാ നൈപുണ്യ പരീക്ഷാ ഫലവും കാനഡയ്ക്ക് പുറത്തുള്ള വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന ഇ.സി.എ (ECA) റിപ്പോർട്ടും അപേക്ഷയുടെ ഭാഗമായി സമർപ്പിക്കണം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
You can build a career in Canada; New list of jobs that open the way to permanent residency released



