പിറ്റ്സ്ബർഗ്: ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യോത്പന്ന നിർമ്മാതാക്കളായ ക്രാഫ്റ്റ് ഹീൻസ് കമ്പനി രണ്ടായി പിരിയുന്നു. 2015-ൽ ക്രാഫ്റ്റും ഹീൻസും തമ്മിൽ പത്തുവർഷത്തിന് ശേഷമാണ് വേർപിരിയുന്നത്. ‘ഗ്ലോബൽ ടേസ്റ്റ് എലിവേഷൻ കോ’ എന്നും ‘നോർത്ത് അമേരിക്കൻ ഗ്രോസറി കോ’ എന്നും താൽക്കാലികമായി പേരിട്ടിട്ടുള്ള ഈ കമ്പനികളുടെ ഔദ്യോഗിക പേരുകൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് ക്രാഫ്റ്റ് ഹീൻസ് അറിയിച്ചു.
ഹീൻസ്, ഫിലാഡെൽഫിയ ക്രീം ചീസ്, ക്രാഫ്റ്റ് മാക് & ചീസ് തുടങ്ങിയ ബ്രാൻഡുകൾ ‘ഗ്ലോബൽ ടേസ്റ്റ് എലിവേഷൻ കോ’ എന്ന കമ്പനിയുടെ കീഴിലാകും. അതേസമയം, ഓസ്കാർ മേയർ, ക്രാഫ്റ്റ് സിംഗിൾസ്, ലഞ്ചബിൾസ് തുടങ്ങിയ ബ്രാൻഡുകൾ ‘നോർത്ത് അമേരിക്കൻ ഗ്രോസറി കോ’ എന്ന കമ്പനിയുടെ ഭാഗമാകും. കമ്പനിയുടെ നിലവിലെ സിഇഒ ആയ കാർലോസ് അബ്രാംസ്-റിവേര ‘നോർത്ത് അമേരിക്കൻ ഗ്രോസറി കോ’യുടെ സിഇഒ ആയി തുടരും. എന്നാൽ, ‘ഗ്ലോബൽ ടേസ്റ്റ് എലിവേഷൻ കോ’യ്ക്കുവേണ്ടി പുതിയ സിഇഒയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കമ്പനി. 2026-ന്റെ രണ്ടാം പകുതിയോടെ ഈ വേർപിരിയൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒന്നിച്ചത്തിനു ശേഷം കമ്പനി വലിയ സാമ്പത്തിക പ്രതിസന്ധികൾ നേരിട്ടിരുന്നു. ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ഇഷ്ടങ്ങൾക്കനുസരിച്ച് ഉത്പന്നങ്ങൾ നവീകരിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടു. കൂടാതെ, വാൾമാർട്ട് പോലുള്ള വലിയ സ്റ്റോറുകളുടെ സ്വന്തം ബ്രാൻഡുകളുമായി മത്സരിക്കാനും ക്രാഫ്റ്റ് ഹീൻസിന് കഴിഞ്ഞിരുന്നില്ല. ഈ വെല്ലുവിളികൾ കാരണമാണ് കമ്പനി വിഭജിക്കാൻ തീരുമാനിച്ചതെന്ന് എക്സിക്യൂട്ടീവ് ചെയർമാൻ മിഗ്വെൽ പാട്രീഷ്യോ പ്രസ്താവനയിൽ പറഞ്ഞു. ഈ വേർപിരിയൽ വഴി ക്രാഫ്റ്റ് ഹീൻസിന്റെ മൂല്യം വർധിക്കുമെന്ന് വിപണി വിദഗ്ദ്ധർ വിലയിരുത്തുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Kraft and Heinz end ten-year partnership; new companies to be named soon



