കാനഡയിലെ താത്കാലിക താമസക്കാരായ വിദേശ പൗരന്മാരെ കൂടുതൽ സൂക്ഷ്മ പരിശോധനകൾക്ക് വിധേയരാക്കുന്ന സാഹചര്യങ്ങൾ വ്യക്തമാക്കുന്ന പുതിയ നിയമങ്ങൾ വരുന്നു. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പുറത്തിറക്കിയ 2025-2027 ഫോർവേഡ് റെഗുലേറ്ററി പ്ലാനിലാണ് ഈ നിർദ്ദേശങ്ങളുള്ളത്. കാനഡയിൽ നിലവിൽ വിനോദസഞ്ചാരികളായോ, വിദ്യാർത്ഥികളായോ, തൊഴിലാളികളായോ താമസിക്കുന്നവർക്കും, ഭാവിയിൽ അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ മാറ്റങ്ങൾ നിർണ്ണായകമാണ്. പുതിയ നിയമങ്ങൾ പ്രകാരം, ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് വിദേശ പൗരന്മാരിൽ നിന്ന് വ്യക്തമായ സാഹചര്യങ്ങളിൽ കൂടുതൽ വിവരങ്ങൾ തേടാനും അഭിമുഖത്തിനായി വിളിക്കാനും കഴിയും.
പുതിയ നിയമങ്ങളിലെ പ്രധാന നിർദ്ദേശങ്ങൾ:
സത്യസന്ധമായ വിവരങ്ങൾ നൽകണം: ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് സത്യസന്ധമായ മറുപടികൾ നൽകേണ്ടത് നിർബന്ധമാകും. വ്യാജ വിവരങ്ങൾ നൽകുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഒരു തവണ തെറ്റായ വിവരങ്ങൾ നൽകിയാൽ അഞ്ച് വർഷത്തേക്ക് കാനഡയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്ക് നേരിടേണ്ടിവരും.
അഭിമുഖങ്ങൾ നിർബന്ധമാകും: അപേക്ഷകളിൽ പൊരുത്തക്കേടുകൾ ഉണ്ടെങ്കിലോ, കൂടുതൽ വിവരങ്ങൾ ആവശ്യമുള്ളപ്പോഴോ ഉദ്യോഗസ്ഥർക്ക് നേരിട്ടുള്ള അഭിമുഖങ്ങൾ നടത്താൻ അനുമതി ലഭിക്കും. വിസയുടെ ദുരുപയോഗം തടയുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
വിസ റദ്ദാക്കാനുള്ള അധികാരം: വിസയുടെ നിബന്ധനകൾ ലംഘിക്കുക, തെറ്റായ വിവരങ്ങൾ നൽകുക, അല്ലെങ്കിൽ കാനഡയിൽ താമസം തുടരാൻ ഉദ്ദേശിക്കുന്നില്ലെന്ന് ബോധ്യപ്പെടുത്താൻ കഴിയാതെ വരിക തുടങ്ങിയ സാഹചര്യങ്ങളിൽ ഉദ്യോഗസ്ഥർക്ക് വിസ റദ്ദാക്കാൻ കൂടുതൽ അധികാരം നൽകുന്ന മാറ്റങ്ങളും വരുന്നുണ്ട്.
ഈ മാറ്റങ്ങൾ നിലവിലെ താത്കാലിക റെസിഡന്റ് വിസ (TRV), ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (eTA), സ്റ്റഡി പെർമിറ്റ്, വർക്ക് പെർമിറ്റ് എന്നിവ കൈവശമുള്ളവരെയും ബാധിക്കും. വിസ പുതുക്കുമ്പോഴോ രാജ്യത്തേക്ക് വീണ്ടും പ്രവേശിക്കുമ്പോഴോ കൂടുതൽ സൂക്ഷ്മപരിശോധനകൾക്ക് വിധേയരാകേണ്ടി വന്നേക്കാം.
കാനഡയുടെ ഇമിഗ്രേഷൻ സംവിധാനത്തിന്റെ വിശ്വാസ്യതയും സുരക്ഷയും ഉറപ്പാക്കുകയാണ് ഈ നിയമ ഭേദഗതികളിലൂടെ ലക്ഷ്യമിടുന്നതെന്ന് IRCC വ്യക്തമാക്കി. തട്ടിപ്പുകൾ തടയുന്നതിനും യഥാർത്ഥത്തിൽ കാനഡയുടെ സാമൂഹിക, സാമ്പത്തിക മേഖലകളിൽ സംഭാവന ചെയ്യുന്നവരെ മാത്രം രാജ്യത്തേക്ക് സ്വാഗതം ചെയ്യാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. ഈ നിയമങ്ങൾ 2026-2027 ഓടെ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
New Canada Rule To Clarify Circumstances For Questioning Temporary Residents



