മോങ്ക്ടൺ : ന്യൂ ബ്രൺസ്വിക്കിലെ പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടിക്ക് ഇന്ന് പുതിയ അധ്യക്ഷൻ വരും. ഫ്രെഡറിക്ടൺ കൺവെൻഷൻ സെന്ററിൽ ഒത്തുകൂടുന്ന പാർട്ടി അംഗങ്ങൾ പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുള്ള തപാൽ വോട്ടെടുപ്പിന്റെ ഫലം അറിയും. മുൻ മന്ത്രി ഡാനിയൽ അലൈൻ, റൂക്കി എം.എൽ.എ ഡോൺ മൊണാഹൻ എന്നിവരാണ് മത്സരരംഗത്തുള്ളത്. കൺവെൻഷനിൽ വോട്ടെടുപ്പ് ഉണ്ടായിരിക്കില്ലെന്നും ബുധനാഴ്ചയായിരുന്നു തപാൽ വോട്ടുകൾ എത്തിച്ചേരാനുള്ള അവസാന തീയതിയെന്നും പാർട്ടി അറിയിച്ചു. വൈകുന്നേരം 4:45-ഓടെ ഫലം പ്രഖ്യാപിക്കും.
2024-ലെ പ്രവിശ്യാ തിരഞ്ഞെടുപ്പിൽ ലിബറലുകളോട് കനത്ത പരാജയം ഏറ്റുവാങ്ങിയതിനെ തുടർന്ന് ഒക്ടോബറിൽ രാജിവെച്ച മുൻ പ്രീമിയർ ബ്ലെയ്ൻ ഹിഗ്ഗിന്റെ പിൻഗാമിയെ കണ്ടെത്താനാണ് ഈ നേതൃത്വ പോരാട്ടം. മുൻ മന്ത്രിയായ ഡാനിയൽ അലൈൻ പാർട്ടിയിലെ പ്രമുഖ നേതാക്കളുടെ വലിയ പിന്തുണ നേടിയിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം പാർട്ടിയിൽ കടുത്ത ഭിന്നതയ്ക്ക് കാരണമായിട്ടുണ്ട്. 2023-ൽ സ്കൂളുകളിലെ ജെൻഡർ ഇൻക്ലൂസീവ് സംബന്ധിച്ച വിവാദ നയത്തിൽ ഹിഗ്ഗിനെതിരെ പ്രതിപക്ഷമായ ലിബറലുകൾക്കൊപ്പം വോട്ട് ചെയ്ത ആറ് എം.എൽ.എമാരിൽ ഒരാളായിരുന്നു അലൈൻ. ഇത് അദ്ദേഹത്തിനെതിരെ പാർട്ടിയിൽ അമർഷത്തിന് ഇടയാക്കിയിരുന്നു.
മത്സരരംഗത്തുള്ള ഡോൺ മൊണാഹൻ 2024-ലെ പ്രവിശ്യാ തിരഞ്ഞെടുപ്പിലാണ് അർക്കാഡിയ-ബട്ടർനട്ട് വാലി-മേപ്പിൾ ഹിൽസ് മണ്ഡലത്തിൽ നിന്ന് ആദ്യമായി എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ട് സ്ഥാനാർത്ഥികളും നന്നായി ഇംഗ്ലീഷും ഫ്രഞ്ചും സംസാരിക്കുന്നവരാണ് (ദ്വിഭാഷാ പ്രാവീണ്യമുള്ളവർ). അടുത്ത ന്യൂ ബ്രൺസ്വിക്ക് തിരഞ്ഞെടുപ്പ് 2028 ഒക്ടോബറിലാണ് നിശ്ചയിച്ചിരിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z




