ന്യൂ ബ്രൺസ്‌വിക്: വിദേശത്തുള്ള വൈദഗ്ധ്യമുള്ള തൊഴിലാളികളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ട് വൻതോതിലുള്ള റിക്രൂട്ട്‌മെന്റ് ഡ്രൈവുകൾ പ്രഖ്യാപിച്ച് ന്യൂ ബ്രൺസ്‌വിക്. പ്രവിശ്യയിലെ തൊഴിൽ വിപണിയിലെ വിടവ് നികത്തുന്നതിനായി അന്താരാഷ്ട്ര തലത്തിൽ നേരിട്ടുള്ള അഭിമുഖങ്ങളും വിവരശേഖരണ സെഷനുകളുമാണ് സർക്കാർ സംഘടിപ്പിക്കുന്നത്. ആരോഗ്യ സംരക്ഷണം, നിർമ്മാണ മേഖല, ഗതാഗതം, വിവരസാങ്കേതികവിദ്യ , വനം-കൃഷി തുടങ്ങിയ വിവിധ മേഖലകളിലുള്ളവർക്കാണ് പ്രധാനമായും മുൻഗണന. ഈ സെഷനുകളിൽ പങ്കെടുത്ത് തൊഴിലുടമകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നവർക്ക് ന്യൂ ബ്രൺസ്‌വിക് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (NBPNP) വഴി കാനഡയിൽ സ്ഥിരതാമസത്തിനുള്ള (PR) സാധ്യതകൾ വർദ്ധിക്കും.
നിലവിൽ 2026 വരെയുള്ള കലണ്ടർ അനുസരിച്ച് വിവിധ രാജ്യങ്ങളിൽ നേരിട്ടും വിർച്വലായും സെഷനുകൾ നടക്കുന്നുണ്ട്. ഓരോ മാസവും പുതിയ റിക്രൂട്ട്‌മെന്റ് ഇവന്റുകൾ സർക്കാർ കലണ്ടറിൽ ഉൾപ്പെടുത്തുന്നുണ്ട്. ഇതിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഗവൺമെന്റ് വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഓരോ ഇനത്തിലും പങ്കെടുക്കാൻ ആവശ്യമായ യോഗ്യതകൾ വെബ്സൈറ്റിൽ കൃത്യമായി നൽകിയിട്ടുണ്ട്.
ന്യൂ ബ്രൺസ്‌വിക് ഗവൺമെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ‘Events Calendar’ സന്ദർശിച്ച് നിങ്ങളുടെ തൊഴിൽ മേഖലയ്ക്ക് അനുയോജ്യമായ ഇവന്റ് തിരഞ്ഞെടുക്കാം. രജിസ്റ്റർ ചെയ്യുന്ന സമയത്ത് അപ്‌ഡേറ്റ് ചെയ്ത സി.വി, ഭാഷാ പരീക്ഷാ ഫലം (IELTS/CELPIP), വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ (ECA) എന്നിവ കൈവശം കരുതുന്നത് നന്നായിരിക്കും. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് നേരിട്ടുള്ള അഭിമുഖത്തിനുള്ള ക്ഷണം ലഭിക്കും.
കാനഡയിലെ മറ്റ് പ്രവിശ്യകളെ അപേക്ഷിച്ച് കുറഞ്ഞ ജീവിതച്ചെലവും മികച്ച ജീവിതസാഹചര്യങ്ങളുമുള്ള ന്യൂ ബ്രൺസ്‌വിക്, കുടിയേറ്റക്കാർക്ക് വലിയൊരു വാതിലാണ് തുറന്നിടുന്നത്. താൽപ്പര്യമുള്ളവർ ഒട്ടും വൈകാതെ തന്നെ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ അധികൃതർ നിർദ്ദേശിക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
New Brunswick offers recruitment drives to skilled workers and students



