കാനഡയിൽ ദേശീയ വാക്സിൻ രജിസ്ട്രി സൃഷ്ടിക്കണമെന്ന ശുപാർശയുമായി മുൻ ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ. തെരേസ ടാം രംഗത്തെത്തി.അതിനുശേഷം 2025 ജൂൺ 20-ന് തന്റെ പദവിയിൽ അവർ നിന്ന് വിരമിച്ചു. കോവിഡ്-19 പകർച്ചവ്യാധി കാനഡയിൽ 60,000-ത്തിലധികം മരണങ്ങൾക്ക് കാരണമായതോടെ ഈ ആവശ്യകത കൂടുതൽ പ്രകടമായി. “വാക്സിനേഷൻ നിരക്ക് എവിടെ കുറവാണെന്ന് പോലും നമുക്ക് വ്യക്തമല്ല. ഏകീകൃത രജിസ്ട്രി ഉണ്ടായിരുന്നെങ്കിൽ, ഇപ്പോഴത്തെ ചിക്കൻപോക്സ് വ്യാപനം കൂടുതൽ നന്നായി നിയന്ത്രിക്കാനാകുമായിരുന്നു,” ഡോ. ടാം പറഞ്ഞു.
വിവിധ പ്രവിശ്യകളും പ്രദേശങ്ങളും തമ്മിൽ ആരോഗ്യ വിവരങ്ങൾ പങ്കിടുന്നതിനുള്ള വ്യക്തമായ സംവിധാനങ്ങളില്ലാത്തത്, രാജ്യവ്യാപകമായി വാക്സിൻ കവറേജ് വിലയിരുത്തുന്നതിനും രോഗവ്യാപനം തടയുന്നതിനും തടസ്സമാണ്. നോവ സ്കോഷ്യയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. റോബർട്ട് സ്ട്രാങ്ങ് ഇത് എല്ലാ ആരോഗ്യ മേധാവികളും അംഗീകരിക്കുന്ന കാര്യമാണെന്നും എന്നാൽ, നടപ്പിലാക്കുന്നതിലെ വിശദാംശങ്ങളാണ് എപ്പോഴും വെല്ലുവിളിയെന്നും അഭിപ്രായപ്പെട്ടു. രാഷ്ട്രീയപരമായ ഭയങ്ങളാണ് പ്രവിശ്യകളെ തങ്ങളുടെ മെഡിക്കൽ ഡാറ്റ പിടിച്ചുവെക്കാൻ പ്രേരിപ്പിക്കുന്നതെന്ന് ടൊറന്റോയിലെ കുടുംബ ഡോക്ടറും ഗവേഷകനുമായ ഡോ. ഐറിസ് ഗോർഫിങ്കൽ ചൂണ്ടിക്കാട്ടുന്നു. വിവരങ്ങൾ വ്യക്തിഗതമല്ലാത്ത രീതിയിൽ മാറ്റിയാൽ സ്വകാര്യത പ്രശ്നങ്ങൾ ഒഴിവാക്കാം എന്നും അവർ കൂട്ടിച്ചേർത്തു.
കോവിഡ് സമയത്ത് മാസ്ക് ഉപയോഗം സംബന്ധിച്ച ആശയക്കുഴപ്പങ്ങളെക്കുറിച്ചും ഡോ. ടാം സംസാരിച്ചു. 2003-ലെ സാർസ് (SARS) അനുഭവത്തിൽ നിന്ന് മാസ്കിന്റെ ആവശ്യം വ്യക്തമായിരുന്നുവെന്നും, എന്നാൽ തുടക്കത്തിൽ ഡോ. ടാം മാസ്ക് ആവശ്യമാണെന്ന് പൊതുജനങ്ങളോട് പറഞ്ഞില്ലെന്നും ഡോ. അമീർ അത്താരാൻ വിമർശിച്ചു. ശാസ്ത്ര വിവരങ്ങൾ തുടർച്ചയായി മാറുന്നതുകൊണ്ടാണ് മാർഗ്ഗനിർദ്ദേശങ്ങളിലും മാറ്റങ്ങൾ ഉണ്ടാകുന്നതെന്നും അതിനാൽ കൃത്യമായ വിശദീകരണം ആവശ്യമാണെന്നും ഡോ. ടാം വിശദീകരിക്കുന്നു. നോർവേ, ഫ്രാൻസ്, സ്വീഡൻ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ ദേശീയ വാക്സിൻ രജിസ്ട്രികൾ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്.
നോർവേയിൽ, 1995-ൽ ആരംഭിച്ച രജിസ്ട്രി 2011-ൽ എല്ലാ പ്രായക്കാർക്കും ബാധകമായി വികസിപ്പിച്ചു. “എന്റെ അയൽവാസിക്ക് എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ ശ്രമിക്കുന്ന സമീപനമാണ് അവർ സ്വീകരിക്കുന്നത്. അത് സമൂഹ ആരോഗ്യം ഉറപ്പാക്കാൻ സഹായിക്കുന്നു,എന്ന് ഡോ. ഗോർഫിങ്കൽ പറഞ്ഞു.



