ബ്രിട്ടീഷ് കൊളംബിയ: ബ്രിട്ടീഷ് കൊളംബിയയിലുള്ള വില്ലിസ്റ്റൺ റിസർവോയറിൽ മരങ്ങളും സസ്യങ്ങളും നിറഞ്ഞ കൂറ്റൻ ദ്വീപ് പ്രത്യക്ഷപ്പെടുകയും ആഴ്ചകൾക്കുള്ളിൽ അപ്രത്യക്ഷമാകുകയും ചെയ്ത സംഭവം വൻ ചർച്ചയാകുന്നു. മാക്കെൻസിക്ക് വടക്കുള്ള ഈ വലിയ കൃത്രിമ തടാകത്തിലാണ് ഈ പ്രതിഭാസം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.
തടാകത്തിലൂടെ ഒരു കൂറ്റൻ ഭൂപ്രദേശം ഒഴുകിനടക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രദേശവാസിയായ റോക്കി ആവറി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. താൻ 40 വർഷത്തെ ജീവിതത്തിനിടയിൽ ആദ്യമായാണ് ഇത്തരമൊരു കാഴ്ച കാണുന്നതെന്നും, വരാനിരിക്കുന്ന ഫിഷിങ് മത്സരത്തിൽ പങ്കെടുക്കുന്നവരുടെ സുരക്ഷ മുൻനിർത്തിയും ഡാം അധികൃതർ അറിയുന്നതിനുമാണ് ദൃശ്യങ്ങൾ പങ്കുവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വീഡിയോ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 1.4 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.
പ്രദേശത്തെ വൈദ്യുതി വിതരണ കമ്പനിയായ ബിസി ഹൈഡ്രോയുംതുടക്കത്തിൽ ഇത് വിശ്വസിച്ചിരുന്നില്ല. മുൻപ് കേട്ടുകേൾവിയില്ലാത്ത സംഭവമായതിനാൽ ദ്വീപിന്റെ സ്ഥാനം കണ്ടെത്താൻ ബുദ്ധിമുട്ടിയെന്ന് കമ്പനി വക്താവ് ബോബ് ഗാമർ വ്യക്തമാക്കി. എന്നാൽ ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ചതോടെ ജൂലൈ 21-ലെ സാറ്റലൈറ്റ് ദൃശ്യങ്ങളിൽ ഡാമിന് പടിഞ്ഞാറുഭാഗത്തായി ദ്വീപിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു.
രണ്ട് എൻ.എഫ്.എൽ ഫുട്ബോൾ മൈതാനങ്ങളുടെ വലുപ്പമുള്ള ഈ കൂറ്റൻ ദ്വീപ് പക്ഷേ, ആഗസ്റ്റ് 5-ഓടെ സാറ്റലൈറ്റ് ചിത്രങ്ങളിൽ നിന്ന് പൂർണ്ണമായും അപ്രത്യക്ഷമായി.മരങ്ങളുടെ വേരുകൾ പരസ്പരബന്ധിതമായി മണ്ണുപാളിയടക്കം പൊങ്ങി വന്നതാകാം ഇതിന് കാരണമെന്നാണ് ഒരു വിഭാഗം ആളുകൾ കരുതുന്നത്. തടാകത്തിൽ അടിഞ്ഞുകൂടിയ വലിയ മരത്തടികൾക്ക് മുകളിൽ മണ്ണ് അടിഞ്ഞുകൂടി ചെടികളും തൈകളും വളർന്ന് ദ്വീപ് പോലെ ആയതാകാനും സാധ്യതയുണ്ട്.
Also Read: യു.എസ് താരിഫ് വന്നാലും തോറ്റുകൊടുക്കില്ല! പ്രാദേശിക ഉൽപ്പന്നങ്ങൾ വാങ്ങിക്കൂട്ടി കാനഡക്കാർ
പിന്നീട് നടത്തിയ പരിശോധയിൽ ഒടുവിൽ ദ്വീപ് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. മുൻപുണ്ടായിരുന്ന സ്ഥാനത്തുനിന്നും ഏകദേശം മുപ്പത് കിലോമീറ്റർ വടക്കുപടിഞ്ഞാറായി ഒഴുകിമാറിയ നിലയിലാണ് ബി.സി ഹൈഡ്രോ ഈ ദ്വീപ് കണ്ടെത്തിയത്. ഏകദേശം എഴുപത് മീറ്റർ വീതിയും നൂറ്റിനാല്പത് മീറ്റർ നീളവുമാണ് ഈ ദ്വീപിനുള്ളത്. ശക്തമായ കാറ്റാണ് ദ്വീപിനെ ജലാശയത്തിലൂടെ നീക്കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





