ഹാലിഫാക്സ്: ഹാലിഫാക്സിൽ വനമേഖലയിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കടുത്ത നടുക്കവും ദുരൂഹതയും ബാക്കിയാക്കി കുഞ്ഞിന്റെ അമ്മയും മരണത്തിന് കീഴടങ്ങി. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 23 കാരിയായ യുവതിയാണ് കഴിഞ്ഞ ബുധനാഴ്ച മരണപ്പെട്ടത്. മരണത്തിന് മുൻപ് ഇവരിൽ നിന്നും മൊഴിയെടുക്കാൻ പോലീസിന് സാധിക്കാത്തത് അന്വേഷണത്തെ കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്. യുവതിക്ക് പ്രസവത്തെ തുടർന്നുണ്ടായ കടുത്ത ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ ശരീരത്തിൽ മറ്റ് പരിക്കുകളോ അക്രമിക്കപ്പെട്ടതിന്റെ ലക്ഷണങ്ങളോ ഇല്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് പ്രസവിച്ച ഉടനെയുള്ള നിലയിൽ കടുത്ത ആരോഗ്യപ്രശ്നങ്ങളോടെ യുവതിയെ ഹാലിഫാക്സിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു കുടുംബാംഗം വിളിച്ചതനുസരിച്ച് പാരാമെഡിക്കൽ ജീവനക്കാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ കുഞ്ഞ് ഒപ്പമില്ലാതിരുന്നതിനെ തുടർന്ന് സംശയം തോന്നിയ ആശുപത്രി അധികൃതർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിൽ, ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഗുഡ്‌വുഡിലെ ഓൾഡ് കോച്ച് റോഡിന് സമീപമുള്ള വനമേഖലയിൽ നിന്ന് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.
ഈ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യക്കാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുഖ്പ്രീത് സിംഗ് (23), ഭാര്യ രമൺദീപ് കൗർ (26) എന്നിവരാണ് നിലവിൽ കസ്റ്റഡിയിലുള്ളത്. മരിച്ച യുവതിയുമായി സുഖ്പ്രീതിന് കുടുംബപരമായ ബന്ധമുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇത് എന്താണെന്ന് വ്യക്തമാക്കാൻ തയ്യാറായിട്ടില്ല.
കുട്ടിയുടെ മൃതദേഹം ഒളിപ്പിച്ചു വെക്കൽ, മൃതദേഹത്തോട് അനാദരവ് കാണിക്കൽ, പോലീസിനോട് കള്ളം പറഞ്ഞ് അന്വേഷണം തടസ്സപ്പെടുത്തൽ, നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാൻ ശ്രമിക്കൽ എന്നീ ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ ഇവർക്കെതിരെ ഇനിയും കൂടുതൽ ശക്തമായ വകുപ്പുകൾ ചുമത്താൻ സാധ്യതയുണ്ടെന്ന് പ്രൊസിക്യൂഷൻ വ്യക്തമാക്കി. നിലവിൽ ജാമ്യാപേക്ഷ വേണ്ടെന്ന് വെച്ച ദമ്പതികളെ ജൂൺ 22 വരെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.
ഇത് തികച്ചും സങ്കീർണ്ണമായ ഒരു കേസാണെന്ന് ഹാലിഫാക്സ് റീജിയണൽ പോലീസ് വക്താവ് മാർട്ടിൻ ക്രോംവെൽ പറഞ്ഞു. അമ്മയുടെയും കുഞ്ഞിന്റെയും യഥാർത്ഥ മരണകാരണം വ്യക്തമാകാൻ മെഡിക്കൽ എക്സാമിനറുടെ വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ വരണമെന്നും, ഇതിനായി കൂടുതൽ സമയമെടുക്കുമെന്നും പോലീസ് അറിയിച്ചു.
Mother of baby whose remains were found in wooded area has died
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




